ജേക്കബ് തോമസിനെ ഉന്നംവെച്ച് സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Posted on: November 4, 2015 10:10 pm | Last updated: November 5, 2015 at 12:10 am
SHARE

തിരുവനന്തപുരം: സര്‍ക്കാറിന്റെ കാരണം കാണിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത ഡി ജി പി ജേക്കബ് തോമസിന് പരോക്ഷ മറുപടിയുമായി സംസ്ഥാന പോലീസ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെ കോപ്പിയാണ് തന്റെ ഫേസ്ബുക്കില്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്. തനിക്കെതിരെ നടപടിയെടുക്കാനുള്ള കാരണമെന്തെന്ന് കഴിഞ്ഞ ദിവസം ജേക്കബ് തോമസ് ചീഫ് സെക്രട്ടറി ജിജി തോംസനോട് ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സെന്‍കുമാറിന്റെ പോസ്റ്റ്.
1968ലെ ദി ആള്‍ ഇന്ത്യാ സര്‍വീസ് (കണ്‍ടക്ട്) റൂള്‍സാണ് സെന്‍കുമാര്‍ ഫേസ്ബുക്കിലിട്ടത്. സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ മാധ്യമളോടോ മറ്റോ സംസാരിക്കരുതെന്ന് ഇതില്‍ പറയുന്നു.
കഴിഞ്ഞദിവസം സര്‍ക്കാറിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചെന്ന് പറഞ്ഞ് ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി രണ്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് താന്‍ ചെയ്ത തെറ്റെന്തെന്നും അച്ചടക്കം ലംഘിച്ചതിന് എന്തു തെളിവാണുള്ളതെന്നും ജേക്കബ് തോമസ് ചോദിച്ചത്. എന്നാല്‍ ഈ ഘട്ടത്തില്‍ ജേക്കബ് തോമസിനു മറുപടിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി പറഞ്ഞത്.