പ്രതിരോധത്തിന്റെ നവ വഴികള്‍ കാണാന്‍ നവതലമുറയുടെ ഒഴുക്ക്

Posted on: November 4, 2015 7:23 pm | Last updated: November 5, 2015 at 4:58 pm
SHARE
സിവില്‍ പ്രതിരോധ പ്രദര്‍ശനത്തിലെ ദൃശ്യം
സിവില്‍ പ്രതിരോധ പ്രദര്‍ശനത്തിലെ ദൃശ്യം

ദോഹ: അഞ്ചാമത് സിവില്‍ പ്രതിരോധ പ്രദര്‍ശനത്തിന് വന്‍ പങ്കാളിത്തം. അത്യന്താധുനിക ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും വാഹനങ്ങളുമാണ് സന്ദര്‍ശകര്‍ക്കായി പ്രദര്‍ശനപവലിയനുകളിലുള്ളത്. രാജ്യത്തെ മാത്രമല്ല മേഖലയിലെ നിരവധി രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും യുവാക്കളുമുള്‍പ്പെടെയുള്ളവര്‍ എക്‌സിബിഷനില്‍ എത്തുന്നുണ്ട്. 1250 അന്താരാഷ്ട്ര നിര്‍മാണ ഏജന്‍സികളെ പ്രതിനിധാനം ചെയ്ത് 97 പ്രാദേശിക, അന്താരാഷ്ട്ര കമ്പനികള്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നുണ്ട്. 15000 ചതുരശ്ര മീറ്ററിലാണ് പ്രദര്‍ശനം നടക്കുന്നത്.
പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന പ്രധാന സ്ഥാപനങ്ങളും സവിശേഷതകളും;
ദി ജനറല്‍ ഡയറക്ടറേറ്റ്
ഓഫ് സിവില്‍ ഡിഫന്‍സ്: സിവില്‍ പ്രതിരോധ മേഖലയിലെ മുന്‍നിര വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും വന്‍ ശേഖരം ഇവിടെ കാണാം. പ്രതിരോധ മേഖലയിലെ ഉപകരണങ്ങളും പദ്ധതികളും സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ സന്ദര്‍ശകര്‍ക്ക് വിവരിച്ചുനല്‍കുന്നുണ്ട്.
ലഖ്‌വിയ്യ: വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും ഡൈവിംഗിനുമുള്ള ഏറ്റവും പുതിയ ഉപകരണങ്ങളാണ് ലഖ്‌വിയ്യ പവലിയനിലുള്ളത്. രാസപദാര്‍ഥ ചോര്‍ച്ചാവേളയിലെ ശ്വസനത്തിനുള്ള സിലിന്‍ഡറുകള്‍, ഭൂകമ്പ സെന്‍സറുകള്‍ എന്നിവ പവലിയനിലെ ചില ഉപകരണങ്ങള്‍ മാത്രമാണ്. സന്ദര്‍ശകര്‍ക്ക് ഇവിടെ ബോധവത്കരണ ചലച്ചിത്രാവിഷ്‌കാരങ്ങളും വീക്ഷിക്കാം.
ഖത്തര്‍ റെയില്‍: രാജ്യത്തെ പൊതുഗതാഗത സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന മെട്രോ പദ്ധതികളെ പവലിയനില്‍ നേരിട്ടറിയാം. സിവില്‍ ഡിഫന്‍സ് അടക്കമുള്ള സുരക്ഷാ സെക്ടറുകളുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് പദ്ധതി പുരോഗമിക്കുന്നത്. ഖത്തര്‍ റെയില്‍ പദ്ധതി സുരക്ഷക്ക് വന്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് സുരക്ഷാ വര്‍ക്ക്‌ഷോപ്പുകളും സൈറ്റ് സന്ദര്‍ശനവും മോക്ക് ഡ്രില്ലുകളും നടത്തിയിട്ടുണ്ട്.
ചബ്ബ് ഫയര്‍ കമ്പനി: സുരക്ഷാ ഉപകരണങ്ങളുടെ മേഖലയിലെ മുന്‍നിര കമ്പനിയാണ് ദി ചബ്ബ് ഫയര്‍. മുന്‍കാല ഡിഫന്‍സ് എക്‌പോകളിലെല്ലാം കമ്പനി പങ്കെടുത്തിട്ടുണ്ട്. ജര്‍മനി, യു കെ, പോര്‍ച്ചുഗല്‍, കാനഡ, ക്രൊയേഷ്യ തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ള 17 അന്താരാഷ്ട്ര കമ്പനികളെ ചബ്ബ് ഫയര്‍ പ്രതിനിധാനം ചെയ്യുന്നു.
തൈസീര്‍ ഇന്‍ഡസ്ട്രിയല്‍ സപ്ലൈസ് ആന്‍ഡ് സര്‍വീസസ്, ഐ ജി ഐ ടെക്‌നോളജീസ്, ജി ഫോര്‍ എസ് സെക്യൂര്‍ സൊലൂഷന്‍സ്, അല്‍ ഫര്‍ദാന്‍ ഗ്രൂപ്പ്, അല്‍ ബറ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി, അല്‍ അമാന സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി, ഫഹദ് ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ്, നാഷനല്‍ ഫയര്‍ ഫൈറ്റിംഗ് മാനുഫാക്ച്വറിംഗ്, വുഖൂദ് എന്നിവ എക്‌സിബിഷനിലെ കമ്പനികളില്‍ ചിലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here