യുവാക്കളില്ലാതെ ഖത്വര്‍ നിര്‍മാണം സാധ്യമല്ല: അമീര്‍

Posted on: November 4, 2015 7:10 pm | Last updated: November 5, 2015 at 4:58 pm
SHARE
 അഡൈ്വസറി കൗണ്‍സിലിന്റെ 44ാം സെഷന്‍ ഉദ്ഘാടനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍വഹിക്കുന്നു

അഡൈ്വസറി കൗണ്‍സിലിന്റെ 44ാം സെഷന്‍ ഉദ്ഘാടനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍വഹിക്കുന്നു

ദോഹ: രാജ്യത്തിന്റെ ഭാവി സുരഭിലമാക്കാന്‍ വിഭിന്ന തൊഴില്‍ മേഖലകള്‍ സ്വീകരിക്കണമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. അഡൈ്വസറി കൗണ്‍സിലിന്റെ 44ാം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമീര്‍. നിങ്ങളെ കൂടാതെ ഖത്വറിനെ നിര്‍മിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം യുവതലമുറയോട് ആഹ്വാനം ചെയ്തു. പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി സന്നിഹിതനായിരുന്നു.
വ്യത്യസ്ത മേഖലകള്‍ തിരഞ്ഞെടുത്ത് രാഷ്ട്ര നിര്‍മാണത്തില്‍ സജീവ പങ്കാളികളാകണം. തുച്ഛമായ തൊഴില്‍ മേഖലകള്‍ കൊണ്ട് രാജ്യം നിര്‍മിക്കപ്പെടുകയില്ല. സുരക്ഷ, സൈന്യം, പോലീസ്, ആസൂത്രണം, മാനേജ്‌മെന്റ്, എന്‍ജിനീയറിംഗ്, മെഡിസിന്‍, ശാസ്ത്രീയ ഗവേഷണങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഖത്തരി പ്രതിഭകളെ ആവശ്യമുണ്ട്. യുവതലമുറ തൊഴില്‍ ചക്രവാളങ്ങളെ വിശാലമാക്കേണ്ടത് അനിവാര്യമാണ്. എല്ലാ പ്രത്യേക മേഖലകളിലേക്കും യുവാക്കള്‍ കടന്നുവരണം. നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ മാതൃരാജ്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഒരു കൂട്ടം പ്രത്യേകാവകാശങ്ങളല്ല പൗരത്വം എന്നത്. മറിച്ച് മാതൃരാജ്യത്തോടുള്ള വികാരം നമ്മിലുണ്ടാകണം. രാജ്യത്തിന്റെ സ്വത്ത് അനുഭവിക്കാനുള്ള അവകാശം തീര്‍ച്ചയായും പൗരനുണ്ട്. അതേസമയം, രാഷ്ട്രത്തിനും സമൂഹത്തിനും ഞാന്‍ എന്ത് ചെയ്തുവെന്നും കൂടുതല്‍ ഉപകാരപ്രദമായ മാര്‍ഗമെന്താണെന്നും വരുംതലമുറകള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ രാജ്യത്തിന്റെ സ്വത്തിലേക്ക് എന്ത് സംഭാവന ചെയ്യാന്‍ സാധിക്കുമെന്നും എപ്പോഴും സ്വയം ചോദിക്കണം. അമീര്‍ ആഹ്വാനം ചെയ്തു.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുര്‍വ്യയം, അഴിമതി, സംരംഭങ്ങളെ തടയുന്ന ഉദ്യോഗസ്ഥ സംവിധാനം എന്നിവ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക, ഭരണ അഴിമതികള്‍ വെച്ചുപൊറുപ്പിക്കില്ല. സ്വകാര്യ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പൊതുസ്ഥാനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതും വ്യക്തിതാത്പര്യങ്ങള്‍ക്ക് പ്രൊഫഷനല്‍ നിലവാരം ഒഴിവാക്കുന്നതും സഹിക്കാവുന്നതല്ല. മിഡില്‍ ഈസ്റ്റില്‍ അസ്ഥിരതയും എണ്ണ, വാതക വിലത്തകര്‍ച്ചയും നേരിടുമ്പോഴും 2014ല്‍ ഖത്വറിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ട വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എണ്ണ, വാതക വിലത്തകര്‍ച്ചകള്‍ നേരിടുന്നതിനാല്‍ ഗള്‍ഫ് മേഖലയൊന്നാകെ ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ല. ബദല്‍ എന്നത് യാഥാര്‍ഥ്യവും പൊതുനയങ്ങളില്‍ പ്രയോജനപ്രദവുമാണ്. എന്നാല്‍ ഭയം യാഥാര്‍ഥ്യമല്ലെന്ന് മാത്രമല്ല, ഭാരവുമാണ്. സമ്പദ്‌വ്യവസ്ഥയെയും നിക്ഷേപത്തേയും പ്രതികൂലമായി ബാധിക്കുന്ന അന്തരീക്ഷമാണ് ഭയം ഉത്പാദിപ്പിക്കുന്നത്. ‘ഖത്തര്‍ നാഷനല്‍ വിഷന്‍ 2030’ അനുസരിച്ച് രാജ്യം മുന്നോട്ട്കുതിക്കും. മുന്‍നിര, സുസ്ഥിര വികസന രാഷ്ട്രമാക്കുകയെന്നതാണ് അതിന്റെ ലക്ഷ്യം. വിഭിന്ന സമ്പദ്‌വ്യവസ്ഥ വികസിപ്പിച്ച് ജനങ്ങള്‍ക്കും വരുംതലമുറകള്‍ക്കും നിലവാരമുള്ള ജീവിതം പ്രദാനം ചെയ്യുകയെന്നതാണ് അതിലൂടെ സംജാതമാകുക. വികസനം ശരിയായ ദിശയില്‍ നീങ്ങണമെങ്കില്‍ കഠിനാധ്വാനം അനിവാര്യമാണ്. അപ്പോള്‍ മാത്രമാണ് എണ്ണ, വാതക വിലകള്‍ പ്രതികൂലമായാലും ആഗോള സാമ്പത്തികരംഗത്തുണ്ടാകുന്ന ആഘാതങ്ങളില്‍ നിന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുരക്ഷിതമായിരിക്കുകയുള്ളൂ. എണ്ണ, വാതക നിക്ഷേപങ്ങളെ മാത്രം ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരേണ്ടതുണ്ട്. വിജ്ഞാനം അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയാണ് വേണ്ടത്. സ്വകാര്യ മേഖല വളരുകയും വേണം. അമീര്‍ പറഞ്ഞു. നിയമനിര്‍മാണത്തില്‍ മുന്‍ പ്രാവശ്യങ്ങളിലേത് പോലെ നവീനവും ഫലപ്രദവുമായ സെഷനായിരിക്കും ഇപ്രാവശ്യത്തേതെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചു.
അമീറിന്റെ വാക്കുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് സ്വദേശികള്‍ക്കിടയില്‍ ലഭിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേര്‍ പ്രസംഗത്തെ പ്രശംസിച്ചു. സുല്‍ത്താന്‍ അല്‍ കുവാരി ട്വീറ്റ് ചെയ്യുന്നു: ‘ധീരവും സത്യസന്ധവുമായ വാക്കുകള്‍. യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കുകയും പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. ഇവ വിജയത്തിനുള്ള യഥാര്‍ഥ അളവുകോലുകളാണ്.’ നായിഫ് അല്‍ അന്‍സിയുടെ ട്വീറ്റ്: ‘അമീറിന്റെ പ്രസംഗം ഞങ്ങളെ എല്ലാവരെയും പ്രതിനിധാനം ചെയ്യുന്നു. വിമര്‍ശിക്കാന്‍ തിരക്കുകൂട്ടുന്നതിന് മുമ്പ്, തങ്ങളെന്താണ് രാജ്യത്തിന് വേണ്ടി സംഭാവന ചെയ്തതെന്നും മാതൃരാജ്യത്തെ എങ്ങനെയാണ് സേവിച്ചതെന്നും സ്വയം ചോദിക്കുന്നത് നല്ലതാണ്. രാഷ്ട്ര താത്പര്യത്തിലും നന്മയിലും തത്പരരായിരിക്കുന്ന ഓരോരുത്തരെയും അമീറിന്റെ വാക്കുകള്‍ അഭിസംബോധന ചെയ്തിരിക്കുന്നു’.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, അമീര്‍ ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനിയുടെ പ്രത്യേക പ്രതിനിധി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നസീര്‍ ബിന്‍ ഖലീഫ അല്‍താനി, മറ്റ് ശൈഖുമാര്‍, മന്ത്രിമാര്‍, നയതന്ത്ര തലവന്‍മാര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here