കരാറില്‍ വ്യവസ്ഥ ചെയ്യാതിരുന്നാല്‍ രണ്ടു വര്‍ഷ വിലക്ക് ബാധകമാകും

Posted on: November 4, 2015 7:06 pm | Last updated: November 4, 2015 at 7:06 pm
SHARE

ദോഹ: പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നാലും വിസ റദ്ദാക്കുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ തൊഴിലുടമക്ക് കഴിയുമെന്ന് നിയമവിദഗ്ധര്‍. കരാര്‍ അവസാനിച്ച് വിസ റദ്ദാക്കുന്ന ജീവനക്കാരന്‍ സമാനമായ തൊഴിലിന് തിരിച്ചു വരുന്നത് തടയാന്‍ തൊഴിലുമടക്ക് അവകാശം നല്‍കുന്ന വ്യവസ്ഥ തൊഴില്‍ നിയമത്തില്‍ തുടരുന്നതാണ് കാരണം. എന്നാല്‍ തൊഴില്‍ കരാറിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിച്ചാല്‍ വിലക്കില്‍ നിന്നും മുക്തമാകാം.
തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 43 അനുസരിച്ചാണ് വിലക്കേര്‍പ്പെടുത്താന്‍ തൊഴിലുടമക്ക് അവകാശം നല്‍കുന്നത്. ഈ അധികാരം തൊഴില്‍ നിയമത്തില്‍ തുടരുമെന്നും ഇതിനെ മറികടക്കാന്‍ തൊഴില്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ ഈ അവകാശം തൊഴിലുടമക്ക് ഇല്ലാത്ത വിധം വ്യവസ്ഥ ചെയ്യുകയാണ് വേണ്ടതെന്നും അഡ്വ. നിസാര്‍ കോച്ചേരി പറഞ്ഞു. തൊഴിലാളികള്‍ക്ക് ഏറെ സഹായകമായ നിയമമാണ് പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. എന്നാല്‍ കരാര്‍ ഒപ്പു വെക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൗകര്യം ലഭിക്കാതെ പോകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സമാനമായി ജോലിയില്‍ വരുന്നവരായിരിക്കും ഭൂരിഭാഗം പേരും എന്നതിനാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമത്തിന്റെ അതേ ഫലം ഉപയോഗിക്കാന്‍ തൊഴിലുടമക്ക് അവസരം ലഭിക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 43. അതേസമയം, കരാര്‍ കാലാവധി കഴിഞ്ഞ് വിസ റദ്ദാക്കിയാല്‍ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു കമ്പനിയില്‍ ജോലിക്കു വരാമെന്നത് തൊഴിലാളികള്‍ക്ക് ഏറെ സൗകര്യപ്രദമായ നിയമമാണെന്ന് നിസാര്‍ കോച്ചേരി പറഞ്ഞു. എക്‌സിറ്റ് പെര്‍മിറ്റിന് സ്വന്തമായി അപേക്ഷിക്കാം എന്നതും ശ്രദ്ധേയമായ മാറ്റമാണ്. തൊഴിലുടമക്ക് ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പെര്‍മിറ്റ് തടയാന്‍ കഴിയൂ. പാസ്‌പോര്‍ട്ട് കൈവശം വെക്കുന്നതിന് തൊഴിലാളികളുടെ രേഖാമൂലമുള്ള സമ്മതം വേണമെന്നതും തൊഴിലാളികള്‍ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ നിലവിലുള്ള ജീവനക്കാര്‍ പുതിയ കരാര്‍ ഉണ്ടാക്കണമെന്നോ നിലവിലുള്ളത് റദ്ദാകുമെന്നോ പറഞ്ഞിട്ടില്ല. അഞ്ചു വര്‍ഷമാണ് ഇനി തൊഴില്‍ കരാറിലെത്താവുന്ന പരമാവധി വര്‍ഷം. അതു കഴിഞ്ഞതിനു ശേഷമോ അല്ലെങ്കില്‍ കരാറില്‍ പറഞ്ഞിട്ടുള്ള കാലാവധിക്കു ശേഷമോ ജീവനക്കാര്‍ക്ക് പുതിയ കമ്പനിയിലേക്കു മാറാം.
കഫാല സിസ്റ്റം മാറുന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകളില്‍ വലിയ കാര്യമില്ലെന്ന് അഡ്വ. നിസാര്‍ പറഞ്ഞു. ആ പ്രയോഗം ഇല്ലാതാകുന്നു എന്നേ ഉള്ളൂ. ഇപ്പോഴും വിദേശികള്‍ ജോലിക്കു വരുമ്പോള്‍ ഒരു കമ്പനിയിലേക്കാണ് വരുന്നത്. കമ്പനിക്ക് ഒരു ഖത്തരി സ്‌പോണ്‍സര്‍ ഉണ്ടാകും എന്നത് സ്വാഭാവികമാണ്. ഇതേ രീതി തന്നെയാണ് ഇനിയും തുടരുക. എന്നാല്‍ ഖഫാലത്ത് എന്ന പദപ്രയോഗം സൃഷ്ടിക്കുന്ന അവ്യക്തത ഇല്ലാതാകും. കമ്പനികളെ സംബന്ധിച്ച് ജോലിക്കാര്‍ മറ്റു കമ്പനികളിലേക്കു മാറാനുള്ള സാധ്യതയാണ് പുതിയ നിയമത്തോടെ നിലവില്‍ വരിക എന്ന ആശങ്കയുണ്ട്. എന്നാല്‍ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും നല്‍കിയാല്‍ ഇതു മറികടക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തൊഴില്‍ നിയമത്തിലും സ്ഥാപന നടത്തിപ്പിലും കൂടുതല്‍ ഉദാരീകൃതവും സുരക്ഷിതവുമായ പരിഷ്‌കാരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് അഡ്വ. രാജേഷ് നെടുമ്പ്രം പറഞ്ഞു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് രണ്ടു ലക്ഷം റിയാല്‍ നിക്ഷേപം വേണമെന്ന നിയമത്തില്‍ ഇളവു വന്നു. ഫ്രീസോണുകളില്‍ 49 ശതമാനം നിക്ഷേപ പങ്കാളിത്തമേ ആകാവൂ എന്നത് 100 ശതമാനം ഉടമസ്ഥാവകാശം ലഭിക്കുന്ന രീതിയില്‍ മാറി. കൃത്യമായി ശമ്പളം ലഭിക്കുന്നതിനുള്ള നിയമമാണ് വേതന സംരക്ഷണ സംവിധാനത്തിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.