Connect with us

Gulf

അക്ഷര നഗരിക്ക് 34 ലാം തവണയും തിരി തെളിച്ചത് ശൈഖ് ഡോ: സുല്‍ത്താന്‍

Published

|

Last Updated

ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ കാസിമി നഗരി സന്ദര്‍ശിക്കുന്നു

ഷാര്‍ജ : പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വായനയുടെ ഉത്സവമായ ഷാര്‍ജ അന്തര്‍ദേശീയ പുസ്തകമേളക്ക് തുടക്കമായി. ഷാര്‍ജാഭരണാധികാരിയും സര്‍ഗധനനുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ കാസിമി പുസ്തകപ്രേമികള്‍ക്ക് തുറന്നുകൊടുത്തപ്പോള്‍ മരുപ്പച്ചയുടെ ശീതളിമയില്‍ എത്തിയ അനുഭവമാണ് ഉണ്ടായത്. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ പുസ്തകോത്സവനഗരിയിലേക്ക് സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തി. നാല് മുതല്‍ 14 തീയതിവരെയുള്ള പതിനൊന്ന് രാപകലുകള്‍ ഷാര്‍ജാനഗരി അക്ഷരോത്സവത്തിമര്‍പ്പിലായിരുന്നു. മുപ്പത്തിനാലാം വര്‍ഷത്തിലേക്ക് പ്രവേശിച്ച, ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവം ഈ മുപ്പത്തിനാലാം തവണയും ഉദ്ഘാടനം ചെയ്തത് ഡോ. ശൈഖ് സുല്‍ത്താന്‍ തന്നെയാണ്. ഷാര്‍ജാ സര്‍ക്കാറിന്റെ സാംസ്‌കാരികവാര്‍ത്താവിനിമയ വകുപ്പിന് നടത്തിപ്പുചുമതലയുള്ള ഈ പുസ്തകോത്സവം ലോകപുസ്തകമേളകളില്‍ നാലാംസ്ഥാനത്താണ്.
മഹത്തായൊരു പൈതൃകവും അയ്യായിരത്തിലേറെ സംവത്സരങ്ങളുടെ കുടിയേറ്റ ചരിത്രവും സ്പന്ദിക്കുന്ന ഷാര്‍ജ, യു.എ.ഇ.യുടെ സാംസ്‌കാരിക തലസ്ഥാനം മാത്രമല്ല ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ട എമിറേറ്റുകൂടിയാണ്. 1972ല്‍ ഷാര്‍ജയുടെ ഭരണാധികാരിയായി ഡോ. ശൈഖ് സുല്‍ത്താന്‍ സ്ഥാനമേറ്റശേഷം യു.എ.ഇ.യിലെ ഏറ്റവും സമ്പന്നമായ മൂന്നാമത്തെ എമിറേറ്റാണ് .
ശാസ്ത്രവും സാഹിത്യവും ദര്‍ശനവും പഠനകാലത്തുതന്നെ ശൈഖ് സുല്‍ത്താനെ സ്വാധീനിച്ചിരുന്നു. ദര്‍ഹാം, എക്സ്സ്റ്റര്‍ സര്‍വകലാശാലകളില്‍നിന്ന് ഡോക്ടറേറ്റുകള്‍ നേടിയ ശൈഖ് സുല്‍ത്താന്‍, കയ്‌റൊ സര്‍വകലാശാലയില്‍നിന്ന് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയിരുന്നു. യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗംകൂടിയായ ഈ ഭരണതന്ത്രജ്ഞന്‍ ഷാര്‍ജ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ എന്നിവയുടെ അമരക്കാരന്‍ കൂടിയാണ്. പല ലോകരാഷ്ട്രങ്ങളും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുള്ള സുല്‍ത്താന്‍ യു.എ.ഇ.യുടെ “സാംസ്‌കാരിക സ്ഥാനപതി”യായാണ് അറിയപ്പെടുന്നത്.

“ദ മിത്ത് ഓഫ് അറബ് പൈറസി ഇന്‍ ദ ഗള്‍ഫ്”, “ദി ബ്രിട്ടീഷ് ഒക്കുപ്പേഷന്‍ ഓഫ് അദന്‍”, “ഫ്രാഗ്‌മെന്റേഷന്‍ ഓഫ് ഒമാനി എമ്പയര്‍” തുടങ്ങി നാല്പതോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. “മൈ ഏര്‍ളി ലൈഫ്” എന്ന ആത്മകഥാപരമായ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. “വെള്ളക്കാരന്‍ ശൈഖ്”, “പകയുടെ രോഷാഗ്‌നി”, “ഇബ്‌നു മാജിദ്” എന്നീ കൃതികള്‍ക്ക് മലയാള വിവര്‍ത്തനവും ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ നിരവധി ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു: എല്ലാ അര്‍ഥത്തിലും അക്ഷരങ്ങളുടെ സുല്‍ത്താന്‍!ഷാര്‍ജ പുസ്തകോത്സവത്തിന്റെ വിജയശില്പികള്‍ കിരീടാവകാശി ശൈഖ് അബ്ദുള്ള ബിന്‍ സാലിം അല്‍ കാസിമി, സാംസ്‌കാരികവാര്‍ത്താവിനിമയ വകുപ്പ് മേധാവി അബ്ദുള്ള ബിന്‍ മൊഹമ്മദ് അല്‍ ഒവൈസ്, പുസ്തകോത്സവ ഡയറക്ടര്‍ അഹമ്മദ് ബിന്‍ റഖാദ് അല്‍ അമ്രി തുടങ്ങിയവരാണ്. ഷാര്‍ജാ സര്‍ക്കാറിന്റെ സാംസ്‌കാരികവാര്‍ത്താവിനിമയ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പുസ്തകോത്സവത്തിന്റെ വിദേശകാര്യ എക്‌സിക്യൂട്ടീവ് മലയാളിയായ മോഹന്‍കുമാറും പുസ്തകമേളയുടെ സംഘാടകരില്‍ പ്രമുഖനാണ്. 1982ല്‍ പുസ്തകോത്സവം ആരംഭിച്ചതുമുതല്‍ 34 വര്‍ഷങ്ങളായി മേളയുടെ സംഘാടകരില്‍ അറബ് വംശജനല്ലാത്ത ഏക വിദേശിയാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരുകാരനായ മോഹന്‍കുമാര്‍. ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, അഭിമാനകരമാണ് അദ്ദേഹത്തിന്റെ ഈ നിയോഗം. അസ്സലായി അറബിഭാഷ സംസാരിക്കുന്ന മോഹന്‍കുമാര്‍ കലയിലും സാഹിത്യത്തിലുമൊക്കെ അതീവ തത്പരനുമാണ്. ശാസ്ത്രീയസംഗീതത്തില്‍ അവഗാഹമുള്ള അദ്ദേഹം ഇടയ്ക്ക് സംഗീതക്കച്ചേരികളും നടത്താറുണ്ട്.

ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള പ്രസാധകര്‍ക്ക് മേളയില്‍ പവലിയനുകളുണ്ടായിരുന്നു. യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാമാണ് നൂറിലധികം പ്രസാധകര്‍ പങ്കെടുത്ത ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മേളയിലെ “സിറാജ് ” സ്റ്റാള്‍ ഉദ്ഘാടനം ചെയ്തതും അംബാസഡര്‍ ടി.പി. സീതാറാമായിരുന്നു.
രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം.
ഇത്തവണ 64 രാഷ്ട്രങ്ങളില്‍നിന്നായി 1,502 പ്രസാധകര്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട് .
മേളയോടനുബന്ധിച്ച് നടന്ന വിവിധരാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ച സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാസാഹിത്യസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഒരുക്കിയിടുണ്ട് . വ്യത്യസ്തവേദികളില്‍ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുമ്പോള്‍, അതുമായി ബന്ധപ്പെട്ടവര്‍ മാത്രമാണ് വേദിയിലൊരുക്കിയ പ്രൗഢഗംഭീരങ്ങളായ ഇരിപ്പിടങ്ങളിലിരിക്കുക.
പ്രശസ്തരായ എഴുത്തുകാര്‍ ഇ വര്‍ഷം മേളയില്‍ പങ്കെടുക്കുന്നുണ്ട് .എല്ലാ വര്‍ഷവുംപോലെ തന്നെ ഇ വര്‍ഷം നിരവതി മലയാളി എഴുത്തുകാരാണ് ഷാര്‍ജയില്‍ എത്തുന്നത് .
ഇന്ത്യയില്‍നിന്ന് മുപ്പതിലേറെ സാംസ്‌കാരികപ്രവര്‍ത്തകരാണ് പുസ്തകോത്സവത്തിനെത്തുന്നത്.
വൈവിധ്യങ്ങളുമായി സിറാജ് ദിനപത്രവും പവലിയന്‍ പവലിയന്‍ ഒരുക്കിയിടുണ്ട് . മലയാളത്തിലെ വിവിധ പ്രസിദ്ധികരണങ്ങളുടെ കനകപ്പെട്ട പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്റ്റാളില്‍ ലഭ്യമാകും .

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest