Connect with us

Wayanad

എല്‍ ഡി എഫ്, യു ഡി എഫ് സംഘര്‍ഷം: മൂന്ന് പേര്‍ക്കെതിരെ കേസ്; ഏഴ് പേര്‍ ചികിത്സയില്‍

Published

|

Last Updated

മാനന്തവാടി: തിരഞ്ഞെടുപ്പ് ദിവസം ആറാട്ടുത്തറ താന്നിക്കലിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ കേസെടുക്കുകയും ഏഴു പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു മാനന്തവാടി മുനിസിപ്പാലിറ്റിയിലെ താന്നിക്കല്‍ ഡിവിഷനിലെ പോളിംഗ് ബൂത്തില്‍ എല്‍ ഡി എഫ്, യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. പിന്നീട് ഇത് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. മാനന്തവാടി എസ് ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇരു വിഭാഗത്തേയും ലാത്തി വീശി ഓടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. താന്നിക്കല്‍ സ്വദേശികളായ എബി ചാക്കോ,നിഷാദ്,അഭിജിത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇരു വിഭാഗവും മുദ്രാവാക്യ വിളികളുമായി തടിച്ചു കൂടിയത് സംഘര്‍ഷാവസ്ഥ വര്‍ധിപ്പിച്ചു. കൂടുതല്‍ പോലീസെത്തിയ ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ മണിക്കൂറുകളോളം കുത്തിയിരുപ്പ് നടത്തി.
കസ്റ്റഡിയിലെടുത്തവരെ കേസ് ചുമത്തി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ്, കോണ്‍ഗ്രസ് പ്രവര്‍ത്തരായ രാധാരാജന്‍, റോജന്‍ എന്നിവരും എല്‍ ഡി എഫ് സ്ഥാനാര്‍ഥി സ്മിതാ അനില്‍കുമാര്‍, സുരേഷ്‌കുമാര്‍, ഗോപി പുതിയിടം, ജോര്‍ജ് എന്നിവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇരു വിഭാഗവും നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.

Latest