പുലിഭീതിയില്‍ തിരുവിഴാംകുന്ന് നിവാസികള്‍

Posted on: November 4, 2015 9:40 am | Last updated: November 4, 2015 at 9:40 am
SHARE

പാലക്കാട്: ഒരാഴ്ചയായി പുലിയുടെ ആക്രമണ ഭീതിയിലാണ് തിരുവിഴാംകുന്ന് നിവാസികള്‍. പലരുടെയും വളര്‍ത്തുമൃഗങ്ങളെ പുലികടിച്ചുകൊന്നു. പരാതിപ്പെട്ടിട്ടും വനപാലകര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മണ്ണാര്‍ക്കാട്ടെ മലയോരമേഖലയില്‍ ഇത് ആദ്യമല്ല പുലിയിറങ്ങുന്നത്. മാസങ്ങളായി പലപ്രദേശങ്ങളിലും പുലിയെന്ന് സംശയിക്കുന്ന വന്യജീവിയുടെ ആക്രമണമുണ്ടായിട്ടുണ്ട്.
പരിസരവാസികളുടെ ആടും പട്ടിയുമുള്‍പ്പെടെയുളള വളര്‍ത്തുമൃഗങ്ങള്‍ക്ക് പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. തിരുവിഴാംകുന്ന് കാളംപുള്ളി ചേലക്കാട്ടില്‍ ജയരാജന്റെ വീട്ടിലെ മൂന്ന് വളര്‍ത്തുനായ്ക്കളാണ് കഴിഞ്ഞ ദിവസം പുലി കടിച്ചുകൊന്നത്.
കാണാതായി രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് വീടിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നായ്ക്കളുടെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാരില്‍ പലരും പറഞ്ഞെങ്കിലും നായക്കളെയും മറ്റ് വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചതോടെയാണ് ജനങ്ങള്‍ ‘ഭീതിയിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. തെരച്ചില്‍ നടത്തിയതല്ലാതെ കാര്യമായി ഒന്നും ചെയ്തില്ലെന്ന് ഇവര്‍ പറയുന്നു. ഇതിനുമുമ്പും ഇത്തരം സംഭവമുണ്ടായപ്പോഴും നടപടി തെരച്ചിലില്‍ മാത്രമൊതുങ്ങി. പുലിയെപ്പിടിക്കാന്‍ കെണിയോ കൂടോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുലിയിറങ്ങിയെന്ന ഭീതിയെത്തുടര്‍ന്ന് മിക്കവരും നേരമിരുട്ടിയാല്‍ പുറത്തിറങ്ങാറില്ല. പേടികാരണം ടാപ്പിംഗ് തൊഴിലാളികള്‍ പലരും പണിക്കിറങ്ങുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു .———പുലിയുടേതിന് സമാനമായ കാല്‍പ്പാടുകളും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയില്‍ പുലിയുടെ അഴുകിയ ജഡം കണ്ടെത്തിയത് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്.
നിരന്തരമായി പുലിയുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍.——

LEAVE A REPLY

Please enter your comment!
Please enter your name here