Connect with us

Malappuram

കൊട്ടിക്കലാശം ടോപ് ഗിയറില്‍

Published

|

Last Updated

മലപ്പുറം: ആവേശം കൊട്ടിക്കയറിയ സായാഹ്‌നത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണപ്പോരിന് ജില്ലയില്‍ പരിസമാപ്തി.
പാര്‍ട്ടി ചിഹ്‌നങ്ങളും പതാകകളുമേന്തിയ പ്രവര്‍ത്തകര്‍ അലങ്കരിച്ച വാഹനങ്ങളിലായി നിരത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണം അക്ഷരാര്‍ഥത്തില്‍ കൊട്ടിക്കയറുകയായിരുന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെ ശബ്ദമുഖരിതമായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിലെങ്ങും. ഇന്നലെ രാവിലെ മുതല്‍ ജില്ലയില്‍ ആരംഭിച്ച വാഹന പ്രചാരണങ്ങള്‍ വൈകീട്ടോടെ റോഡ് ഷോകള്‍ക്കും കൊട്ടിക്കലാശത്തിനും വഴി മാറുകയായിരുന്നു. വോട്ടഭ്യര്‍ഥിച്ചും എതിരാളികളെ മലര്‍ത്തിയടിക്കുന്ന വാക്ശരങ്ങളുമായി പാര്‍ട്ടികള്‍ തമ്മില്‍ പ്രചാരണപ്പോരാട്ടമാണ് നടത്തിയത്.
ഇതിന്റെ പരിസമാപ്തിയും തെല്ലും കുറക്കാതെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. നഗരങ്ങള്‍ ഒഴിവാക്കി ഗ്രാമ പ്രദേശങ്ങളിലായിരുന്നു മിക്കയിടത്തും കൊട്ടിക്കലാശം. കലാശക്കൊട്ട് വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തണമെന്ന് പലയിടത്തും പോലീസ് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ചിലയിടത്ത് അതെല്ലാം കാറ്റില്‍ പറത്തുകയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍. പ്രചാരണം പ്രധാന ടൗണുകളെ കേന്ദ്രീകരിച്ചതോടെ പ്രവര്‍ത്തകരില്‍ വീറും വാശിയും വര്‍ധിച്ചു.
പാരഡി പാട്ടുകളുടെ അകമ്പടിയില്‍ ചായമിട്ട മുഖവുമായി ബൈക്കുകളുടെ സൈലന്‍സര്‍ ഊരി മാറ്റി ഉഛത്തില്‍ ശബ്ദമുണ്ടാക്കിയും ബാന്റ്, ശിങ്കാരിമേളങ്ങള്‍ക്കനുസരിച്ച് ആടിയും പാടിയുമെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യപ്രചാരണത്തിന് കൊഴുപ്പേകി. കുട്ടികളും മുതിര്‍ന്നവരുമെല്ലാം വര്‍ധിത വീര്യത്തോടെയാണ് പങ്കുകൊണ്ടത്. മലപ്പുറം നഗരത്തില്‍ മണിക്കൂറുകള്‍ നീണ്ട കൊട്ടിക്കലാശമാണ് അരങ്ങേറിയത്. കൊട്ടിക്കലാശം അതിരുവിടാതിരിക്കാന്‍ ശക്തമായ പോലീസ് സന്നാഹമാണ് മലപ്പുറം ടൗണില്‍ നിലയുറപ്പിച്ചിരുന്നത്. മലപ്പുറം സി ഐയുടെ നേതൃത്വത്തില്‍ എം എസ് പി ക്യാമ്പിലെ നൂറോളം പോലീസുകാരുടെ വലയത്തിലായിരുന്നു കുന്നുമ്മലില്‍ കൊട്ടിക്കലാശം നടന്നത്. യു ഡി എഫ്, എല്‍ ഡി എഫ് പ്രവര്‍ത്തകരായിരുന്നു കീഴടക്കിയതെങ്കിലും കൂടുതല്‍ അണികളില്ലെങ്കിലും ബി ജെ പി വെല്‍ഫെയര്‍ പാര്‍ട്ടി പ്രചാരണ വാഹനങ്ങളും ഏതാനും പ്രവര്‍ത്തകരും സാന്നിധ്യമറിയിക്കാനെത്തിയിരുന്നു. ടൗണില്‍ പല തവണ വലയം വെച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലാ ആസ്ഥാനത്തെ സ്തംഭിപ്പിച്ചു. ജില്ലയുടെ വിവിധ ടൗണുകളില്‍ ഇന്നലെ വൈകുന്നേരം മണിക്കൂറുകള്‍ നീണ്ട ഗതാഗത സ്തംഭനമുണ്ടായത് യാത്രക്കാരെ വലച്ചു.

Latest