മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ പ്രത്യേക ദൗത്യസേന

Posted on: November 4, 2015 9:20 am | Last updated: November 4, 2015 at 9:20 am
SHARE

നിലമ്പൂര്‍: മാവോവാദി ഭീഷണി നേരിടുന്ന വനമേഖലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കരുളായി, വഴിക്കടവ്, എടക്കര പഞ്ചായത്തുകളിലെ വനമേഖലകളില്‍ ഉത്തരമേഖല എ ഡി ജി പി. ശങ്കര്‍റെഡ്ഡി സന്ദര്‍ശനം നടത്തി.
മാവോവാദി സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ച വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന നിലമ്പൂര്‍, പാണ്ടിക്കാട്, വണ്ടൂര്‍ സര്‍ക്കിളുകളിലായി 200 സായുധ സേനാംഗങ്ങളെ സാധാരണ അംഗബലത്തിന് പുറമെ വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മുഴുവന്‍ സമയ സായുധ പിക്കറ്റും 10 വാഹനങ്ങളിലായി മുഴുവന്‍ സമയ പട്രോളിംഗും സാധാരണ പട്രോളിംഗിന് പുറമെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടെടുപ്പു നടക്കുന്ന മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പോളിംഗ് ബൂത്തുകളിലെല്ലാം മാവോവാദികളെ നേരിടുന്നതില്‍ വിദഗ്ദ്ധ പരിശീലനം നേടിയ ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനിലെ സായുധ ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയ കാവല്‍ ഏര്‍പ്പെടുത്തി. ഇത് കൂടാതെ നാലു ടീമുകളായി തിരിഞ്ഞ് പോത്തുകല്ല്, വഴിക്കടവ്, എടക്കര, നിലമ്പൂര്‍, കാളികാവ്, കരുവാരകുണ്ട് മേഖലകളിലെ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ പോളിംഗ് ദിനത്തിലും തലേന്നാളും മുഴുവന്‍ സമയ തിരച്ചില്‍ നടത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, പെരിന്തല്‍മണ്ണ ഡി വൈ എസ് പി. പി എം പ്രദീപ് കുമാര്‍ എന്നിവരും എ ഡി ജി പിയെ അനുഗമിച്ചു.
പോളിംഗ് സാമഗ്രികള്‍ വിതരണം ഇന്ന്
മലപ്പുറം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും ഇന്ന് രാവിലെ 10ന് പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്നതിനായി അതത് വിതരണ കേന്ദ്രങ്ങളില്‍ എത്തണമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അറിയിച്ചു. ഒരു ബൂത്തിലേക്ക് നിയോഗിക്കപ്പെട്ട നാല് ഉദ്യോഗസ്ഥരും ഒന്നിച്ചാണ് പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here