പട്ടികജാതിയില്‍പ്പെട്ടയാളുടെ സ്ഥലം സ്വകാര്യ വ്യക്തി തട്ടിയെടുത്തതായി പരാതി

Posted on: November 4, 2015 9:17 am | Last updated: November 4, 2015 at 9:17 am
SHARE

കോഴിക്കോട്: പട്ടികജാതിക്കാരനായ 63 വയസ്സുള്ള കുഞ്ഞന്റെ 30 സെന്റ് സ്ഥലം സ്വകാര്യ വ്യക്തി കൈയേറി തട്ടിയെടുത്തെന്ന് പട്ടികജാതി/വര്‍ഗ ഐക്യവേദി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുന്ദമംഗലം എസ് ഐ ഇതിന് കൂട്ടുനിന്നുവെന്നും ഇവര്‍ക്കെതിരെ അട്രോസിറ്റീസ് നിയമമനുസരിച്ച് കേസെടുക്കണമെന്നും കുഞ്ഞന് ഭൂമി തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടു. ചാത്തമംഗലം സ്വദേശിയായ മഴുക്കാവില്‍ തനിയന്റെ മകനായ കുഞ്ഞന്റെ സ്ഥലം കൈയേറി സ്ഥലത്തെ അഞ്ച് ലക്ഷം രൂപ വിലവരുന്ന 50-ഓളം മരങ്ങള്‍ വെള്ളലശ്ശേരി സ്വദേശിയായ സ്വകാര്യ വ്യക്തി കൈക്കലാക്കിയെന്നാണ് പരാതി. 2010 വരെ സ്ഥലത്തിനും വീടിനും നികുതിയും അടച്ചിട്ടുമുണ്ട്. തുടര്‍ന്ന് 2010ല്‍ 50,000 രൂപ വിലവരുന്ന ഒരു തേക്ക് മരം കുഞ്ഞന്റെ പുരയിടത്തില്‍ നിന്നും ഗുണ്ടകളുമായി വന്ന് മുറിച്ചുമാറ്റുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും പരാതി അന്വേഷിച്ചെത്തിയ കുന്ദമംഗലം എസ് ഐ മരം മുറിച്ചയാളെ വിലക്കാതെ പരാതിക്കാരനായ കുഞ്ഞനേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി മരം വിട്ടുനല്‍കുകയാണ് ചെയ്തത്.
കുഞ്ഞന്റെ ചെറുമകളുടെ വിവാഹത്തിന് പോയ സമയത്താണ് സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റിയത്.
ഇതിന് കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലെ എസ് ഐ മാരായ ഗണേഷ്‌കുമാര്‍, ജേക്കബ്ബ് എന്നിവരും സഹായം നല്‍കിയിരുന്നുവെന്നും ഭാരവാഹികള്‍ ആരോപിച്ചു. മൂസക്കുട്ടിക്കുട്ടിയുടേയും ബന്ധുക്കളായ അഷ്‌റഫ്, സലാം പാറക്കണ്ടി, സല്‍മാന്‍, പുതിയേടത്തില്‍ അഷ്‌റഫ് എന്നിവരുടെ പേരിലും കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമംമൂലം കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ഐത്തിയൂര്‍ സുരേന്ദ്രന്‍, ജില്ലാ ചെയര്‍മാന്‍ എം ചാത്തുക്കുട്ടി, ജില്ലാ പ്രസിഡന്റ് ഗംഗാദേവി ചെറൂപ്പ, ഭൂമി നഷ്ടപ്പെട്ട കുഞ്ഞന്‍, മകന്‍ വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.