Connect with us

Kozhikode

പ്രതീക്ഷ കൈവിടാതെ ഇരുമുന്നണികളും

Published

|

Last Updated

കോഴിക്കോട്: കീഴ്കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേക യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിലയരുത്തലുകള്‍ നടത്തി. കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ പാര്‍ട്ടികള്‍ ബൂത്തുതല റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കഴിഞ്ഞിരുന്നു. ആകെ ലഭിച്ച വോട്ടുകള്‍, ഉറച്ച വോട്ടുകള്‍, സാധ്യതയുളളവ, നഷ്ടപ്പെടാന്‍ സാധ്യതയുള്ളവ എന്നിവയെല്ലാം പ്രത്യേകം വേര്‍തിരിച്ചുള്ള റിപ്പോര്‍ട്ടാണ് ബൂത്ത്തല കമ്മിറ്റികള്‍ ശേഖരിച്ച് മേല്‍കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇവ പരിശോധിച്ച മുന്നണികല്‍ വ്യക്തമായ ഒരു പ്രതികരണത്തിന് തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിലും മറ്റും പറഞ്ഞതുപോലെ മികച്ച വിജയം നേടുമെന്നാണ് എല്‍ ഡി എഫ്, യു ഡി എഫ് നേതൃത്വങ്ങള്‍ അവകാശപ്പെടുന്നത്. കോഴിക്കോട് കോര്‍പറേഷനും ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും വടകര, കൊയിലാണ്ടി, ഫറോക്ക് മുനിസിപാലിറ്റികളും കൂടാതെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും വിജയിക്കുമെന്ന് എല്‍ ഡി എഫ് പറയുന്നു.
കൊടുവള്ളി, രാമനാട്ടുകര, പയ്യോളി മുനിസിപാലിറ്റികളില്‍ എല്‍ ഡി എഫിന് വലിയ പ്രതീക്ഷയില്ല. എന്നാല്‍ കടുത്ത പോരാട്ടം നടന്ന മുക്കത്തും എല്‍ ഡി എഫ് പ്രതീക്ഷവെക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതീക്ഷ വര്‍ധിച്ചതായും കോര്‍പറേഷനും ജില്ലാ പഞ്ചായത്തും പിടിക്കുമെന്നും പുതിയ മുനിസിപാലിറ്റികളിലെല്ലാം ജയിക്കുമെന്നും യു ഡി എഫ് പറയുന്നു. വടകര, കോയിലാണ്ടി മുനിസിപാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തിലും യു ഡി എഫ് വലിയ പ്രതീക്ഷ വെക്കുന്നില്ല. കോഴിക്കോട് കോര്‍പറേഷനും ജില്ലാ പഞ്ചായത്തും ഭരിക്കാനുള്ള ഭൂരിഭക്ഷം ലഭിക്കുമെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നു. ബി ജെപിയുടെ പ്രതീക്ഷയും വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇരട്ടിച്ചിട്ടുണ്ട്.
കോര്‍പറേഷനില്‍ മൂന്ന് വാര്‍ഡുകള്‍ ജയിക്കുമെന്നും ചില പഞ്ചായത്തുകളില്‍ നിര്‍ണായക പാര്‍ട്ടിയായി മാറുമെന്നും ബി ജെ പി നേതൃത്വം പറയുന്നു. ചിലയിടങ്ങളില്‍ മുന്നണി ബന്ധനത്തിന് പുറത്ത് ചില നീക്ക് പോക്കുകള്‍ നടന്നതായി പാര്‍ട്ടി നേതൃത്വങ്ങള്‍ രഹസ്യമായി സമ്മതിക്കുന്നു. രാഷ്ട്രീയ അടിയൊഴുക്കും വോട്ട് ചോര്‍ച്ചയുമെല്ലാം ചിലയിടങ്ങളില്‍ ഉണ്ടായതായാണ് പാര്‍ട്ടി നേതൃത്വം തന്നെ പറയുന്നത്. വോട്ടിംഗ് ശതമാനത്തിലെ വര്‍ധന, ബി ജെ പിയുടെ നേതൃത്വത്തിലുള്ള മൂന്നാം ചേരിയുടെയും ചെറുകക്ഷികളുടെയും വോട്ടെടുപ്പ് രംഗത്തെ സജീവതയുമെല്ലാം മുന്നണികളെ ആശങ്കപ്പെടുത്തുന്നു. കൂടാതെ പുതിയ വോട്ടര്‍മാരുടെ നിലപാടും നിര്‍ണായകമാകുമെന്ന് ഇവര്‍ പറയുന്നു. പാര്‍ട്ടി വോട്ടുകള്‍ പരമാവധി പോള്‍ ചെയ്തതായാണ് എല്‍ ഡി എഫും യു ഡി എഫും അവകാശപ്പെടുന്നത്. എല്ലാ പാര്‍ട്ടികളും വ്യക്തമായ വോട്ടു കണക്കുകള്‍ ശേഖരിച്ചിട്ടുണ്ട്.
മുന്‍ കാലങ്ങളില്‍ സി പി എമ്മിന്റെ കണക്കായിരുന്നു എതിര്‍ പാര്‍ട്ടികള്‍ പോലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അന്വേഷിക്കാറുളളത്. അതില്‍ കാര്യമായ തെറ്റുകള്‍ സംഭവിക്കില്ലായിരുന്നു. എന്നാല്‍ അവസാനം നടന്ന് മൂന്ന് തിരഞ്ഞെടുപ്പില്‍ സി പി എം കണക്കുകള്‍ പാളിയിരുന്നു. കീഴ്കമ്മിറ്റികള്‍ വോട്ടുകള്‍ പെരുപ്പിച്ച് കാണിച്ച് റിപ്പോര്‍ട്ട് ചെയ്തതായി നേതൃത്വം വിമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജാഗ്രതയോടെയാണ് ഇത്തവണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി, എസ് ഡി പി ഐ, വെല്‍ഫെയര്‍പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുടെയെല്ലാം ഉറച്ച വോട്ടുകളുടെ എണ്ണമെടുത്തുകൊണ്ടാണ് കണക്കൂകുട്ടല്‍ സി പി എം ഇത്തവണ നടത്തിയത്. ബൂത്ത്തല വോട്ടിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ സി പി എം നേതൃത്വം തയ്യാറായിട്ടില്ല. 70 ഗ്രാമപഞ്ചായത്തുകള്‍, ഏഴ് മുനിസിപ്പാലിറ്റികള്‍, 12 ബ്ലോക്ക് പഞ്ചായത്തുകള്‍, 27 ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, കോര്‍പറേഷനിലെ 75 വാര്‍ഡുകളിലേക്കാണ് സമ്മതിദായകര്‍ കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയത്.

---- facebook comment plugin here -----

Latest