കൊളീജിയത്തില്‍ പൂര്‍ണ പരിഷ്‌കാരം അനുവദിക്കില്ല: സുപ്രീംകോടതി

Posted on: November 4, 2015 1:09 am | Last updated: November 4, 2015 at 10:51 am
SHARE

supreme courtന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. കൊളീജിയം സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. സുതാര്യതയും ജഡ്ജിമാരുടെ യോഗ്യതയും പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയ കോടതി, കൊളീജിയത്തില്‍ അടിമുടിയുള്ള പരിഷ്‌കാരങ്ങള്‍ പ്രായോഗികമല്ലെന്ന് കര്‍ശന നിലപാടെടുത്തു. കാലാനുസൃതമായ മാറ്റങ്ങള്‍ ആകാമെന്നും ഭരണഘടനാ ബഞ്ച് അഭിപ്രായപ്പെട്ടു.
കൊളീജിയം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമായും നാല് കാര്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. സുതാര്യത, ജഡ്ജിമാരുടെ യോഗ്യത, ഘടന, ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതികള്‍ എന്നിങ്ങനെ നാല് കാര്യങ്ങളാണ് കൊളീജിയം സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി പരിശോധിക്കാന്‍ തീരുമാനിച്ചത്. ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ജുഡീഷ്യല്‍ കമ്മീഷന്‍ റദ്ദാക്കിയ സുപ്രീം കോടതി, നിലവിലെ കൊളീജിയം സംവിധാനത്തെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്ര സര്‍ക്കാറിന്റെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് ഖേഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് കേസ് പരിഗണിച്ചത്.
പൊതുജനങ്ങളുടെ പണമാണ് ജഡ്ജിമാര്‍ക്ക് വേണ്ടി വിനിയോഗിക്കുന്നതെന്നും അതുകൊണ്ട് ജഡ്ജിമാരുടെ നിയമനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. കേസില്‍ കേന്ദ്ര സര്‍ക്കാറിനോട് കൂടുതല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൊളീജിയം സംവിധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര നിലപാടിനെ കോടതി തള്ളിയത് ഏറെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും സുപ്രീം കോടതിയും ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരുന്നുവെങ്കിലും പിന്നീട് ഇരുവിഭാഗവും വെടിനിര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കാര്യങ്ങള്‍ പരിശോധിക്കാനും സര്‍ക്കാര്‍ നിലപാട് സമര്‍പ്പിക്കാനും കോടതി നടപടികള്‍ സ്വീകരിച്ചത്.
ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങിയ സമിതിയായിരുന്നു കൊളീജിയം സംവിധാനം. ഉന്നത കോടതികളിലെ ജഡ്ജിമാരെ തിരഞ്ഞെടുക്കാനും സ്ഥലംമാറ്റ കാര്യത്തില്‍ തീരുമാനമെടുക്കാനും ഇവര്‍ക്കായിരുന്നു അധികാരം. നിലവിലുണ്ടായിരുന്ന കൊളീജിയം സംവിധാനം മറികടന്നാണ് കേന്ദ്രം സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്ന രൂപത്തില്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി എന്നിവരും ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതി നാമനിര്‍ദേശം ചെയ്യുന്ന രണ്ട് പ്രമുഖ വ്യക്തികളും അടങ്ങുന്നതാണ് കമ്മീഷന്‍. മൂന്ന് വര്‍ഷമാണ് കമ്മീഷന്റെ കാലപരിധി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരിക്കുന്നതിനുള്ള 99ാം ഭരണഘടനാഭേദഗതി പാര്‍ലിമെന്റ് പാസാക്കിയത്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമവും ഇതിനൊപ്പം പാസാക്കിയിരുന്നു. ഇരുപത് സംസ്ഥാനങ്ങള്‍ രണ്ട് ബില്ലുകള്‍ക്കും അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് 2014 ഡിസംബര്‍ 31ന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ ഭരണഘടനാ ഭേദഗതിയും നിയമന കമ്മീഷനും നിലവില്‍വന്നിരുന്നു. ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് കൊളീജിയം സംവിധാനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശം സ്വീകരിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here