Connect with us

Kerala

വിചിത്ര മുന്നണിയുമായി കോണ്‍ഗ്രസ് ഇടതിനൊപ്പം

Published

|

Last Updated

പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ പതിവ് ചിത്രങ്ങളെല്ലാം മാറ്റിവരക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ചരിത്രത്തില്‍ ഇതുവരെയില്ലാത്തവിധം യു ഡി എഫ് ബന്ധം തകര്‍ന്ന മലപ്പുറത്ത് ശക്തമായ അടിയൊഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാളെ ജില്ലയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ചങ്കിടിപ്പിന് വേഗം കൂടുന്നത് ലീഗിനാണ്. വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതിയാണ് കോണ്‍ഗ്രസ് ലീഗുമായി വേറിട്ടതെങ്കില്‍, ഈ തിരഞ്ഞെടുപ്പോടെ മുസ്‌ലിം ലീഗിന്റെ ശക്തി കോണ്‍ഗ്രസിന് കാണിച്ചുകൊടുക്കുമെന്ന വാശിയാണ് ലീഗിന്. മുസ്‌ലിം ലീഗും കോണ്‍ഗ്രസും പരസ്പരം പോരടിക്കുമ്പോള്‍ ഇതുവരെയില്ലാത്ത വിധത്തിലുള്ള മുന്നേറ്റമാണ് എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നത്. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും കോണ്‍ഗ്രസിനെ കൂടെ കൂട്ടി ഇടതുപക്ഷം വിചിത്ര മുന്നണിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോണിയും കുടയും തമ്മിലാണ് മിക്കയിടത്തും മത്സരം.
യു ഡി എഫ് പോരുകൊണ്ട് ശ്രദ്ധേയമായ മലപ്പുറത്തെ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കുകൂടി കാരണമായേക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരും തദ്ദേശ സ്ഥാപനങ്ങളുമുള്ള ജില്ലയില്‍ മുസ്‌ലിം ലീഗിന് വ്യക്തമായ മേധാവിത്തമുള്ളപ്പോള്‍ കോണ്‍ഗ്രസ് പലയിടത്തും പേരിന് മാത്രമാണ്. 456 സീറ്റിലാണ് ഇരുകൂട്ടരും പരസ്പരം മത്സരിക്കുന്നത്. ഇതുകൊണ്ട് തന്നെ ഇടതുപക്ഷവുമായി ചേര്‍ന്ന് ജനകീയ മുന്നണിയുണ്ടാക്കിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കൊണ്ടോട്ടി, പരപ്പനങ്ങാടി നഗരസഭ, കാളികാവ് ബ്ലോക്ക്, ചോക്കാട്, എടപ്പറ്റ, കരുവാരക്കുണ്ട്, കാളികാവ്, പോരൂര്‍, തിരുവാലി, ആനക്കയം, മൂത്തേടം, ഒഴൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം, പെരുമണ്ണ ക്ലാരി, തെന്നല, എടരിക്കോട്, പെരുവള്ളൂര്‍, ചീക്കോട്, മുതുവല്ലൂര്‍, വാഴക്കാട്, വേങ്ങര, കണ്ണമംഗലം, പറപ്പൂര്‍, നന്നമ്പ്ര, മാറാക്കര പഞ്ചായത്തുകളിലാണ് കൈപ്പത്തിയും കോണിയും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്നത്. ചീക്കോട് പഞ്ചായത്തില്‍ ആകെയുളള പതിനെട്ട് സീറ്റില്‍ സി പി എമ്മും കോണ്‍ഗ്രസും ലീഗിനെതിരെ ഒന്നിച്ചാണ് പോരടിക്കുന്നത്. വേങ്ങരയില്‍ ആകെയുള്ള 23 സീറ്റുകളില്‍ 10 എണ്ണം ആവശ്യപ്പെട്ടെങ്കിലും ലീഗ് നേതൃത്വം വഴങ്ങാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനൊരുങ്ങുന്നത്.
മതേതര വികസന മുന്നണി എന്ന പേരിലുള്ള മുന്നണിയില്‍ കോണ്‍ഗ്രസിനെ കൂടാതെ സി പി എം, സി പി ഐ, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളുമുണ്ട്. ധാരണപ്രകാരം കോണ്‍ഗ്രസ് 12ഉം സി പി എം, ഐ എന്‍ എല്‍ പതിനൊന്നും സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച ലീഗാകട്ടെ 21 വാര്‍ഡുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. ഇതുകൂടാതെ മുസ്‌ലിം ലീഗിന് വിമത ഭീഷണിയും നിലവിലുണ്ട്.
കഴിഞ്ഞ തവണ ജില്ലയിലെ 100 ഗ്രാമപഞ്ചായത്തില്‍ 91ലും യു ഡി എഫാണ് ജയിച്ചത്. ഏഴ് നഗരസഭകളില്‍ ആറിലും യു ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ പെരിന്തല്‍മണ്ണ മാത്രമാണ് എല്‍ ഡി എഫ് നിലനിര്‍ത്തിയത്. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ പൊന്നാനി മാത്രം ഇടതിനൊപ്പം നിന്നു. 11 ഇടങ്ങളില്‍ സി പി എമ്മും സി പി ഐയും തമ്മിലും മത്സരമുണ്ട്. 1378 വാര്‍ഡുകളില്‍ ബി ജെ പി മത്സരിക്കുന്നു.
ജില്ലാ പഞ്ചായത്തിലെ 32 സീറ്റുകളിലേക്കും 94 പഞ്ചായത്തുകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ അഞ്ച് നഗരസഭകള്‍ കൂടിയതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നഗരസഭകളുള്ള ജില്ലയായി മലപ്പുറം മാറി. ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണത്തില്‍ മാറ്റമില്ല. പുതിയ അഞ്ച് നഗരസഭകളും ഇത്തവണയുണ്ട്. കൊണ്ടോട്ടി, വളാഞ്ചേരി, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നിവ.
മറ്റ് ജില്ലകളില്‍ നിന്ന് വിഭിന്നമായി ചെറുപാര്‍ട്ടികളുടെ സാന്നിധ്യവും മുന്നണികളുടെ വിജയ പരാജയങ്ങളെ സ്വാധീനിക്കും. ജില്ലാപഞ്ചായത്തിലെ 32 ഡിവിഷനുകള്‍ പിടിക്കാന്‍ 151 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. കഴിഞ്ഞതവണ 19 ഡിവിഷനില്‍ ലീഗും പത്തില്‍ കോണ്‍ഗ്രസും രണ്ടില്‍ സി പി എമ്മുമാണ് ജയിച്ചത്. ഒരിടത്ത് ഐ എന്‍ എല്‍ സ്വതന്ത്രന്‍ ജയിച്ചെങ്കിലും പിന്നീട് ലീഗിനോട് സഹകരിക്കുകയായിരുന്നു. ഇത്തവണ യു ഡി എഫില്‍ ലീഗ് 22ലും കോണ്‍ഗ്രസ് പത്തിലും മത്സരിക്കുമ്പോള്‍ സി പി എം 20, സി പി ഐ അഞ്ച്, ഐ എന്‍ എല്‍ നാല്, എന്‍ സി പി രണ്ട്, ആര്‍ എസ് പി ഒന്ന് എന്നിങ്ങനെയാണ് എല്‍ ഡി എഫ് സീറ്റ് വിഭജനം. മുന്‍വര്‍ഷങ്ങളിലൊന്നുമില്ലാത്ത തരത്തിലുള്ള മത്സരമാണ് ഇത്തവണ ജില്ലയിലെങ്ങും പ്രകടമാകുന്നത്. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താനാണ് ലീഗ് മത്സരിക്കുന്നതെങ്കില്‍ അപ്രതീക്ഷിത അട്ടിമറിയാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.

Latest