പ്രചാരണത്തിന് ദേശീയ വിഷയങ്ങള്‍; തദ്ദേശ തിരഞ്ഞെടുപ്പ് വേറിട്ടതായി

Posted on: November 4, 2015 5:09 am | Last updated: November 4, 2015 at 1:09 am
SHARE

ആലപ്പുഴ: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളെ വെല്ലുന്ന പ്രചാരണ വിഷയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മലയാളികളുടെ രാഷ്ട്രീയ ബോധത്തിന് പുതിയ മാനം പകര്‍ന്നു. പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ മാത്രം മുഖ്യമായും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങള്‍ പ്രചാരണ വിഷയമാകുന്നത് ഇതാദ്യം. മുമ്പ് അന്തര്‍ദേശീയ വിഷയം ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ടെങ്കിലും അത് നിയമസഭാ തിരഞ്ഞെടുപ്പ് പോലെ തന്നെ പ്രാധാന്യത്തോടെ നടത്തപ്പെട്ട ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലായിരുന്നു.
1990ല്‍ നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയായത് അമേരിക്കയുടെ ഇറാഖ് അധിനിവേശമായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ മലപ്പുറം ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലും ഇടതുപക്ഷം തൂത്തുവാരി. ജില്ലാ കൗണ്‍സില്‍ വിജയത്തില്‍ ആവേശം പൂണ്ട സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകും മുമ്പേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഫലം എതിരായിരുന്നു. പിന്നീട് വന്ന യു ഡി എഫ് സര്‍ക്കാര്‍ ജില്ലാ കൗണ്‍സിലുകള്‍ പിരിച്ചുവിട്ട് പ്രതികാരം വീട്ടുകയും ചെയ്തു. എന്നാല്‍, മുമ്പൊന്നുമില്ലാത്തവിധം സംസ്ഥാന രാഷ്ട്രീയത്തിനുമപ്പുറം കടന്ന് ദേശീയ വിഷയങ്ങള്‍ തന്നെ പ്രചാരണത്തിന്റെ ആദ്യവസാനം വരെ സജീവമായി നിന്നത് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ വേറിട്ടതാക്കി. യു ഡി എഫ് സര്‍ക്കാറിന്റെ കഴിഞ്ഞ നാലരക്കൊല്ലത്തെ ഭരണം വിലയിരുത്തപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നെങ്കിലും ഇതിലുമപ്പുറം ദേശീയ വിഷയങ്ങളിലേക്ക് പ്രചാരണത്തെ കൊണ്ടെത്തിച്ചത് അപ്രതീക്ഷിതമായിരുന്നു.
വീണുകിട്ടിയ ദേശീയ പ്രശ്‌നങ്ങള്‍ ഇടതു-വലത് മുന്നണികള്‍ നല്ലരീതിയില്‍ പ്രചാരണ വിഷയമാക്കിയപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് പ്രാദേശിക വിഷയങ്ങള്‍ പോലും ചര്‍ച്ചയാക്കാനാകാതെ കാഴ്ചക്കാരാകാനേ കഴിഞ്ഞുള്ളൂ. ഇതിനും പുറമെ, വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ കൂടി ഇവര്‍ ബാധ്യസ്ഥരായി. ഗോമാംസത്തിന്റെ പേരിലെ കൊലപാതകങ്ങള്‍, ബീഫ് വിവാദം, ദളിത് കുരുന്നുകളെ ചുട്ടുകൊന്ന സംഭവം, പെണ്‍കുഞ്ഞിനെ മാനഭംഗപ്പെടുത്തിയ സംഭവം, കത്തിക്കരിഞ്ഞ ദളിത് കുഞ്ഞുങ്ങളെ നായ്ക്കളോട് ഉപമിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവന, സാഹിത്യകാരന്മാര്‍ക്കെതിരെ ഉയര്‍ന്ന അസഹിഷ്ണുത, പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കല്‍, പുസ്തക പ്രകാശന ചടങ്ങില്‍ മുന്‍ ബി ജെ പി സഹയാത്രികന്‍ കൂടിയായിരുന്ന സുരേന്ദ്ര കുല്‍ക്കര്‍ണിക്ക് നേര്‍ക്കുണ്ടായ കരിഓയില്‍ പ്രയോഗം തുടങ്ങി ഡല്‍ഹി കേരള ഹൗസിലെ ബീഫ് റെയ്ഡ് വരെ ദിനംപ്രതിയെന്നോണം ഉയര്‍ന്നുവന്ന ദേശീയ വിഷയങ്ങള്‍ ഒന്നൊന്നായി ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്താനാണ് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികളെല്ലാം ശ്രമിച്ചത്.
പ്രാദേശിക വികസന പ്രശ്‌നങ്ങളേക്കാള്‍ വോട്ടര്‍മാരും താത്പര്യം പ്രകടിപ്പിച്ചത് ഇത്തരം വിഷയങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളറിയുന്നതിലായിരുന്നു. എസ് എന്‍ ഡി പി കാര്‍മികത്വത്തില്‍ ഹൈന്ദവ ഏകീകരണമെന്ന പേരില്‍ പുതിയൊരു രാഷ്ട്രീയ സംവിധാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും പ്രചാരണ രംഗത്തെ കലുഷിതമാക്കി. ദേശീയതലത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ചര്‍ച്ചയും പിന്നീട് ബി ജെ പിയേടൊപ്പം ചേര്‍ന്ന് മത്സരിക്കുന്നതിനുള്ള തീരുമാനവുമെല്ലാം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. യു ഡി എഫും എല്‍ ഡി എഫും ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തിയത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനപ്പുറമുള്ള ചര്‍ച്ചക്ക് വഴിവെച്ചു. എസ് എന്‍ ഡി പിയെ ബി ജെ പി ചേരിയിലെത്തിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതോടെ വെള്ളാപ്പള്ളിയും കുടുംബവും സമൂഹമധ്യത്തില്‍ തുറന്നുകാട്ടപ്പെട്ടു.
എസ് എന്‍ ഡി പിയുടെ മൈക്രോ ഫൈനാന്‍സ് തട്ടിപ്പ്, സ്വാമി ശാശ്വതീകാനന്ദയുടെ മുങ്ങിമരണം സംബന്ധിച്ച പുതിയ വിവാദവുമെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയങ്ങളായി. വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ഭരണപക്ഷവും പിന്തുണച്ചതോടെ ബി ജെ പിയും പ്രതിരോധത്തിലായി. ഏറ്റവുമൊടുവില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ബാര്‍കോഴ കേസില്‍ വിജിലന്‍സ് കോടതി വിധി പ്രതിപക്ഷത്തിന് നല്ലൊരു ആയുധമായെങ്കിലും ഇതിനെ പ്രതിരോധിക്കാന്‍ ശാശ്വതീകാനന്ദ സ്വാമിയുടെ മരണം തുടരന്വേഷിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനിക്കുകയായിരുന്നു. ഏറ്റവും അവസാനം വി എസിന്റെ മകന്‍ അരുണ്‍കുമാറുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസും ചക്കിട്ടപ്പാറ ഘനനകേസില്‍ മുന്‍മന്ത്രി എളമരം കരീമിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് നടപടിയും ചര്‍ച്ചയാക്കിക്കൊണ്ടാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here