അമീറിന്റെ ക്ഷണം സ്വീകരിച്ചു: മോദി ഖത്വര്‍ സന്ദര്‍ശിക്കും

Posted on: November 4, 2015 5:04 am | Last updated: November 5, 2015 at 4:58 pm
SHARE

pm-modi-mann-ki-baatദോഹ: ഖത്വര്‍ സന്ദര്‍ശിക്കാനുള്ള അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. സന്ദര്‍ശനത്തീയതി ഉടന്‍ തീരുമാനിക്കും. സന്ദര്‍ശനം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഖത്വറിലേക്ക് ക്ഷണിച്ചുകൊണ്ട് മോദിയുമായി അമീര്‍ കഴിഞ്ഞ ദിവസം ടെലിഫോണില്‍ സംസാരിച്ചിരുന്നു. ക്ഷണം സ്വീകരിച്ചതായി പ്രധാമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇരു വിഭാഗത്തിന്റെയും സൗകര്യം അനുസരിച്ച് സന്ദര്‍ശനത്തീയതി നിശ്ചയിക്കും. മോദിയുടെ ഖത്വര്‍ സന്ദര്‍ശനത്തിന് നേരത്തെ ശ്രമമുണ്ടായിരുന്നെങ്കിലും നടന്നിരുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ഖത്വര്‍ അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും മോദിയെ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന നയതന്ത്ര ബന്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊര്‍ജം, സുരക്ഷ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചാ വിഷയമായി. സാമ്പത്തിക മേഖലയില്‍ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയില്‍ ഖത്വര്‍ അമീര്‍ സംതൃപ്തി രേഖപ്പെടുത്തി. രാജ്യത്തെ സമാധാനത്തിന് വേണ്ടി ഖത്വര്‍ നടത്തുന്ന പരിശ്രമങ്ങളെ നരേന്ദ്ര മോദി അഭിനന്ദിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഖത്വറുമായി മികച്ച ബന്ധമാണ് ഇന്ത്യ പുലര്‍ത്തുന്നതെന്നും സംഭാഷണങ്ങളും സന്ദര്‍ശനങ്ങളും ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഖത്വറില്‍ ജീവിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന സുരക്ഷയിലും പിന്തുണയിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ- ഖത്വര്‍ ബന്ധത്തെ ശക്തിപ്പെടുത്തുന്ന നയതന്ത്ര ഇടപാടുകള്‍ക്കും സഹകരണ കരാറുകള്‍ക്കും കാരണമാകുമെന്ന് നിരീക്ഷിക്കപ്പെടന്നു. യു എ ഇക്കു ശേഷം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന രണ്ടാമതു രാജ്യമാകും ഖത്വര്‍. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഡോ. മന്‍മോഹന്‍ സിംഗും ഖത്വര്‍ സന്ദര്‍ശിച്ചിട്ടുണ്ട്.