സഊദി പത്രത്തിലെ അഭിമുഖം: കാന്തപുരത്തിന്റെ നിലപാടുകള്‍ മുസ്‌ലിം ലോകത്ത് ചര്‍ച്ചയാകുന്നു

Posted on: November 4, 2015 6:00 am | Last updated: November 4, 2015 at 1:04 am
SHARE
kanthapuram
അല്‍ റിയാദില്‍ പ്രസിദ്ധീകരിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരുമായുള്ള അഭിമുഖം

റിയാദ്: സഊദി അറേബ്യയിലെ പ്രമുഖ അറബി പത്രത്തില്‍ പ്രസിദ്ധീകരിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരുടെ അഭിമുഖത്തിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യത. സഊദി സര്‍ക്കാര്‍ നയങ്ങള്‍ക്ക് ഔദ്യോഗിക വിശദീകരണങ്ങളുമായി റിയാദില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍റിയാദ് പത്രമാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരുമായി നടത്തിയ ദീര്‍ഘ സംഭാഷണം പ്രസിദ്ധീകരിച്ചത്. ഇസ്്‌ലാമിക് സ്റ്റേറ്റ്, ഇന്ത്യയിലെ ബഹുസ്വരത, പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധികള്‍, ദേശീയത, ലോകസമാധാനം, സഊദി അറേബ്യയുടെ രാഷ്ട്രീയ നിലപാട് തുടങ്ങിയ വിഷയങ്ങളില്‍ കാന്തപുരത്തിന്റെ അഭിപ്രായങ്ങളാണ് അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായത്. ലോകത്തെ മുസ്്‌ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലെ മുസ്്‌ലിം ആത്മീയ നേതാവിന്റെ പരാമര്‍ശങ്ങള്‍ മധ്യപൗരസ്ത്യ ലോകം മുഖവിലക്കെടുക്കേണ്ടതാണെന്ന് അഭിമുഖത്തിന് വന്ന പ്രതികരണങ്ങള്‍ അഭിപ്രായപ്പെടുന്നു.
ഇസ്്‌ലാമിക രാഷ്ട്രത്തെക്കുറിച്ചുള്ള ഇസില്‍ വാദങ്ങള്‍ മുസ്്‌ലിംകള്‍ തള്ളിക്കളഞ്ഞതാണെന്ന് കാന്തപുരം അഭിമുഖത്തില്‍ വ്യക്തമാക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിലക്കുനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ ജാഗ്രത കാണിക്കണം. ഇസ്്‌ലാമിനെ വികലമാക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ മുഴുവന്‍ മുസ്്‌ലിംകളും ഒറ്റക്കെട്ടായി അണിനിരക്കണം.
ഇന്ത്യന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മധ്യ പൗരസ്ത്യ രാജ്യങ്ങള്‍ക്ക് നല്‍കാനുള്ള ഇന്ത്യന്‍ മുസ്്‌ലിം നേതൃത്വത്തിന്റെ സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് കാന്തപുരം ഇങ്ങനെ മറുപടി നല്‍കുന്നു:’ ജനങ്ങള്‍ പരസ്പരം സഹവര്‍ത്തിത്വത്തില്‍ ജീവിക്കണം. നിരപരാധികളെ കൊന്നുതള്ളുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. മനുഷ്യ ബന്ധങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുത്. സര്‍വ വിനാശകാരികളായ യുദ്ധക്കൊതിയന്മാര്‍ക്കെതിരെ അണിനിരക്കണം. അന്യായമായ രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാകാതെ ജീവിക്കണം’.
ഇരു ഹറമുകള്‍ പരിപാലിക്കുന്നതിലും തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തിലുള്ള സഊദി ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും കാന്തപുരം അഭിമുഖത്തില്‍ പറഞ്ഞു. റിയാദിലെ ആദ്യ അറബി പത്രമാണ് അല്‍റിയാദ്. സഊദി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ എക്‌സലന്‍സ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇതിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here