എം പിമാരുടെ വിമര്‍ശം ശക്തം; ബ്രിട്ടന്‍ പിന്‍മാറിയേക്കും

Posted on: November 4, 2015 5:01 am | Last updated: November 4, 2015 at 1:01 am
SHARE

ലണ്ടന്‍: സിറിയയിലെ തീവ്രവാദികള്‍ക്കെതിരെ വ്യോമാക്രമണത്തിന് പിന്തുണ നല്‍കുന്ന ഡേവിഡ് കാമറൂണിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഇതേത്തുടര്‍ന്ന് സിറിയയിലെ വ്യോമാക്രമണ പദ്ധതി ബ്രിട്ടീഷ് പ്രധാനമന്ത്രി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്.
സിറിയയിലെ തീവ്രവാദികളെ പരാജയപ്പെടുത്തുന്നതിന് കൃത്യമായ ഒരു പദ്ധതി ഡേവിഡ് കാമറൂണ്‍ മുന്നോട്ടുവെക്കുക, അല്ലെങ്കില്‍ ആ രാജ്യത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടി അദ്ദേഹം സ്വീകരിക്കുക എന്നീ കാര്യങ്ങള്‍ ബ്രിട്ടീഷ് പാര്‍ലിമെന്റിലെ എം പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയയിലെ വ്യോമ ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യം വ്യക്തമാക്കുന്നതില്‍ ഡേവിഡ് കാമറൂണ്‍ പരാജയപ്പെട്ടതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
നിലവില്‍ ഇസിലിനെതിരെ ബ്രിട്ടന്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് സിറിയയില്‍ വ്യോമാക്രമണം നടത്തുന്നുണ്ട്. എന്നാല്‍ നേരത്തെ അനുമതി ലഭിച്ചിരുന്ന കാലാവധി തീരുന്നതോടെ ഇത് നീട്ടിക്കിട്ടാന്‍ പാര്‍ലിമെന്റിന്റെ വോട്ടിന് വേണ്ടി കാമറൂണ്‍ പദ്ധതിയിട്ടിരുന്നു. ഈ തീരുമാനം പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. പാര്‍ലിമെന്റില്‍ ഈ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ബ്രിട്ടനെതിരെ ആക്രമണങ്ങള്‍ക്ക് ഗൂഢാലോചന നടത്തുന്ന ഇസിലിനെതിരെ ഇറാഖ്- സിറിയ അതിര്‍ത്തിയില്‍ വെച്ച് നേരിടുക എന്നത് അപ്രസക്തമാണ്. ഇതുകൊണ്ട് അവരുടെ ഭീഷണി ഒഴിവാകില്ല. ഇസിലിനെ പൂര്‍ണമായും പരാജയപ്പെടുത്താന്‍ കഴിയും വിധം സൈനിക നടപടി സാധ്യമല്ലെങ്കില്‍ വ്യോമാക്രമണം നീട്ടാന്‍ പാടില്ലെന്ന് എം പിമാര്‍ ചൂണ്ടിക്കാട്ടി. തങ്ങളുന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഇല്ലെങ്കില്‍ സിറിയയിലെ വ്യോമനടപടി നീട്ടിക്കൊണ്ടുപോകുന്നതിന് സമ്മതം ചോദിച്ച് പാര്‍ലിമെന്റിനെ സമീപിക്കേണ്ടതില്ലെന്നും എം പിമാര്‍ കൂട്ടിച്ചേര്‍ത്തു.