പോത്തില്ലാത്ത ‘മെയ്ക്ക് ഇന്‍ ഇന്ത്യ’

Posted on: November 4, 2015 6:00 am | Last updated: November 4, 2015 at 12:50 am
SHARE

KERALA-BEEF-FRY-l-308x129ഇന്ദിര ഗാന്ധിയുടെ കാലശേഷം വന്നിറങ്ങിയ പ്രധാനമന്ത്രിമാര്‍ കാല് പോലും കുത്താത്ത നിരവധി രാജ്യങ്ങളിലൂടെ ആണ് മോദി തന്റെ രഥം ഉരുട്ടിയത്. അഥവാ ഉരുളുന്നത്. ഉചിതമായ വ്യപാര ബന്ധങ്ങളും നിക്ഷേപങ്ങളും ഉറപ്പ് വരുത്താനും കൊച്ചു കൊച്ചു രാജ്യങ്ങളിലെ വന്‍ സാധ്യതകള്‍, ഇന്ത്യയുടെ വികസനത്തിന് ഉപയോഗപ്പെടുത്താനും ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി എന്നേ മാറിയേനെയെന്ന് ഈ രഥത്തിലിരുന്ന് പ്രധാനമന്ത്രിയും ഇങ്ങ് നാട്ടിലിരുന്ന് പരിവാര്‍ ബന്ധുക്കളും ഇടക്കിടെ വിളിച്ചു പറയുന്നുമുണ്ട്. പുതിയ ഇന്ത്യയുടെ നിര്‍മിതിക്കായുള്ള പ്രധാനമന്ത്രിയുടെ പ്രയാണം ഇപ്പോഴും നടന്നു കൊണ്ടിരിക്കെ പഴയ ഇന്ത്യയായി നാട് മാറുമോയെന്ന് മോദിയെ നോക്കി, അദ്ദേഹത്തിന്റെ വികസന സങ്കല്‍പ്പങ്ങളെ നോക്കി ചിലരെങ്കിലും ചോദിക്കുന്നത്. ലോകവിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിച്ച് അതുവഴി തൊഴില്‍ അവസരങ്ങളും സാമ്പത്തിക വികസനവും നേടുക എന്ന ലക്ഷ്യമിട്ടാണ് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന പദ്ധതിയുമായി വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി നാടു ചുറ്റാനിറങ്ങിയത്. എന്നാല്‍ രാഷ്ട്രീയ ഭരണസ്ഥിരത കൈവന്നു എന്ന ധാരണയില്‍ കഴിഞ്ഞ നാളുകളില്‍ മോദിയുടെ രാഷ്ട്രീയ ബന്ധുക്കള്‍ കാട്ടിക്കൂട്ടിയ നാടകങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സത്വര വികസനം യാഥാര്‍ഥ്യമാക്കാന്‍ ഉതകിയില്ലെന്ന് മാത്രമല്ല സ്വന്തം പ്രതിച്ഛായാ നിര്‍മാണത്തിനപ്പുറം തിരഞ്ഞെടുപ്പു വേളയില്‍ ഇന്ത്യന്‍ ജനതക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും യാഥാര്‍ഥ്യമാക്കാന്‍ മോദിക്ക് കഴിയില്ലെന്ന വിമര്‍ശം ഉയര്‍ത്തുന്നതിനും പ്രധാന കാരണമായി. മോദി അധികാരത്തിലേറി അധിക കാലമാകും മുമ്പേ സംഘ ബന്ധുക്കള്‍ തുടങ്ങിവെച്ച വാചകക്കസര്‍ത്തുകള്‍ ഒന്നൊന്നായി യാഥാര്‍ഥ്യമായി മാറിത്തുടങ്ങിയതോടെയാണ് മോദിയുടെ വികസന സങ്കല്‍പങ്ങളും മെയ്ക്ക് ഇന്‍ ഇന്ത്യയും വെറും വിടുവായത്തിനപ്പുറം ഒന്നുമല്ലെന്ന് ജനങ്ങള്‍ പറഞ്ഞു തുടങ്ങിയത്.
ഇന്ത്യക്ക് ഒരിക്കലും പരിചിതമല്ലാതിരുന്ന പുതിയ രീതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടത്തിന്റെ ഭാഗമായുള്ളവര്‍ തന്നെ ശ്രമിക്കുമ്പോള്‍ എങ്ങനെയാണ് വികസന സങ്കല്‍പങ്ങള്‍ നടപ്പാകുക? പശുവിറച്ചി നിരോധത്തിനു പിന്നാലെ കാളയെയും പോത്തിനെയും എരുമയെയും കൊല്ലാന്‍ പാടില്ലെന്ന ഉത്തരവ് സംസ്ഥാനങ്ങളില്‍ നടപ്പാകുമ്പോള്‍, പലയിടങ്ങളിലേക്കുമത് പടരുമ്പോള്‍ അതെങ്ങനെയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ്യയെ ബാധിക്കുക മെയ്ക്ക് ഇന്‍ ഇന്ത്യയുടെ സൃഷ്ടാക്കളെങ്കിലും മനസ്സിലാക്കിയാല്‍ നന്നായിരുന്നു. ലോകത്ത് ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഇക്കുറിയും ഇന്ത്യ നിലനിര്‍ത്തിയെന്നും അതിന്റെ വരുമാനം സമ്പദ്‌വ്യവസ്ഥക്ക് എത്രയോ ഗുണകരമാകുമെന്നും യു എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ നിരോധത്തിലൂടെ എത്ര വലിയ സാമ്പത്തിക നഷ്ടമാണ് രാജ്യത്തിനുണ്ടാകുകയെന്നത് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20.8 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ ഇന്ത്യ ബീഫില്‍ കുറിച്ചത്. 2.4 മില്യണ്‍ ടണ്‍ മാട്ടിറച്ചിയാണ് ഈ സാമ്പത്തിക വര്‍ഷം രാജ്യം കയറ്റുമതി ചെയ്തത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് എക്കണോമിയുടെ കണക്കു പ്രകാരം മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ തന്നെയാണ് ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്യുന്ന ബീഫിന്റെ ഉപഭോക്താക്കള്‍. കഴിഞ്ഞ വര്‍ഷം ചരിത്രത്തിലാദ്യമായി ബസുമതി അരിയേക്കാള്‍ കൂടുതല്‍ വരുമാനം ഇന്ത്യ പോത്തിറച്ചി കയറ്റുമതിയിലൂടെ നേടിയിരുന്നു. ലോകത്തില്‍ ഓരോ മിനുട്ടിലും 251 പേര്‍ ജനിക്കുന്നതായും 106 പേര്‍ മരിക്കുന്നതായും കണക്കാക്കപ്പെടുന്നുണ്ട്. ഓരോ വര്‍ഷവും 76 ദശലക്ഷം കുട്ടികളാണ് ജനിക്കുന്നത്. 2020ഓടുകൂടി ലോക ജനസംഖ്യ 7.89.2 ബില്ല്യന്‍ ആകാനാണ് സാധ്യത. ഈ കാലയളവിലെ വര്‍ധിച്ച പ്രോട്ടീന്‍ ആവശ്യകതക്ക് ആശ്രയിക്കാവുന്നത് പാല്‍, മുട്ട, ഇറച്ചി ഉത്പന്നങ്ങളാണ്. ആയതിനാല്‍ ഈ ലക്ഷ്യമിട്ടുള്ള ഉത്പാദന തന്ത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും അതിനാവശ്യമായ മാംസ ഉത്പാദനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന തന്നെ വിളിച്ചുപറയുമ്പോഴാണ് മാംസാഹാരം നിര്‍ബന്ധമായും ഒഴിവാക്കപ്പെടണമെന്നുള്ള പ്രചരണത്തിന്റെ സൂചനകള്‍ ഇന്ത്യയില്‍ ഭരണകൂടം തന്നെ തുടങ്ങുന്നത്.
ആഗോളതലത്തില്‍ പ്രോട്ടീന്‍ ന്യൂനത മൂലമുള്ള രോഗങ്ങള്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. സസ്യപ്രോട്ടീനിനെ അപേക്ഷിച്ച് ഇവക്ക് ഏറ്റവും നല്ല പ്രതിവിധി ജന്തുജന്യ പ്രോട്ടീനിന്റെ ഉപഭോഗം വര്‍ധിപ്പിക്കുക എന്നതാണ്. ജന്തുജന്യപ്രോട്ടീന്‍ സ്രോതസ്സുകളായ പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം ആഗോള, ദേശീയ, സംസ്ഥാന തലങ്ങളില്‍ ഏറെ വലുതാണ്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്റെ കണക്കനുസരിച്ച് ഒരാള്‍ക്ക് ഒരു ദിവസം 30 ഗ്രാം ഇറച്ചി, ആവശ്യമാണ്. എന്നാല്‍ പ്രതിശീര്‍ഷ ലഭ്യതയാകട്ടെ തുലോം കുറവും. ദേശീയ ആരോഗ്യ സംഘടനകളുടെ ശിപാര്‍ശകളനുസരിച്ചെങ്കിലും ഇറച്ചി ഉപഭോഗം വര്‍ധിപ്പിക്കണമെങ്കില്‍ ഇനിയും നാം ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. കാര്‍ഷികോത്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗത്തുള്ള ഉത്പന്നക്കമ്മി 200 ശതമാനത്തിലധികമാണ്. ഇത് മൃഗസംരക്ഷണ മേഖലയിലുള്ള അനന്ത സാധ്യതകള്‍ക്കു തെളിവാണ്. എന്നിട്ടുപോലും മാംസം നിഷേധിക്കാനുള്ള അജന്‍ഡയുമായി സര്‍ക്കാറുകള്‍ മുന്നോട്ട് പോകുന്നത് എന്തിനാണെന്ന് എത്ര ചിന്തിച്ചാലും ആര്‍ക്കും മനസ്സിലാകില്ല. ലേകത്തെല്ലായിടത്തേക്കും ഇറച്ചി കയറ്റുമതി ചെയ്യാനുള്ള പശ്ചാത്തലം ഇന്ത്യക്കുണ്ടെന്നിരിക്കെ ഈ സാധ്യതകളെയാണ് ചിലരുടെ മാത്രം വിശ്വാസങ്ങളുടെ പിന്‍ബലത്തില്‍ ഇല്ലാതാക്കുന്നത്.
ഭക്ഷ്യസുരക്ഷാബില്‍ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയില്‍ ഏറെ സാധ്യതകളുള്ള മേഖലകളിലൊന്നാണ് മൃഗസംരക്ഷണ മേഖല. കാര്‍ഷിക മേഖല വര്‍ഷത്തില്‍ 120 തൊഴില്‍ ദിനങ്ങള്‍ മാത്രം പ്രദാനം ചെയ്യുമ്പോള്‍ മൃഗസംരക്ഷണ മേഖലയില്‍ നിന്നും 365 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നു എന്നത് ഈ മേഖലയുടെ അനന്ത സാധ്യതകളാണ് ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ സ്ഥലത്ത് എളുപ്പത്തില്‍ ലാഭം കൊയ്യാനുതകുന്ന ഘടകങ്ങളാണ് മൃഗസംരക്ഷണമേഖലയിലുള്ളതെന്നിരിക്കെ അനാവശ്യ വിവാദങ്ങളുണ്ടാക്കി തകര്‍ക്കുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയാണെന്ന് സാമ്പത്തിക വിദഗ്ദര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഏറെ വിദേശനാണ്യം നേടിത്തരുന്ന ഈ മേഖലയില്‍ അനന്ത സാധ്യതകളുണ്ട്. വിദേശമൂലധനത്തോടുകൂടി പ്രവര്‍ത്തിക്കുന്ന നിരവധി വന്‍കിട യൂനിറ്റുകള്‍ രാജ്യത്ത് നിലവിലുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ട് കാലയളവില്‍ 225 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വന്‍ മേഖലയാണ് തുകല്‍ വ്യവസായ രംഗം. തുകലുത്പന്നങ്ങളില്‍ 60 ശതമാനം കയറ്റുമതി സാധ്യതകളുള്ളത് ചെരുപ്പുകള്‍, വസ്ത്രങ്ങള്‍, ബാഗുകള്‍, അലങ്കാരവസ്തുക്കള്‍ എന്നിവക്കാണ്. ഇവക്ക് വിദേശവിപണിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി വിഹിതം ആറ് ആണ്. അമേരിക്ക, ജര്‍മനി, ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, നെതര്‍ലന്‍ഡ്, ഓസ്‌ട്രേലിയ മുതലായ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യപ്പെടുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ തുകല്‍ ഉത്പന്നങ്ങളുടെ നിരവധി അംഗീകൃത ബ്രാന്‍ഡുകളുണ്ട്. തുകല്‍ സംസ്‌കരണം, ഉത്പന്ന വൈവിധ്യവത്കരണം, ഗുണമേന്മ ഉറപ്പാക്കല്‍ എന്നീ മേഖലകള്‍ കൂടുതല്‍ വിപുലപ്പെടുത്തിയാല്‍ തുകല്‍ വ്യവസായത്തില്‍ നിന്നുള്ള വരുമാനം ഇരട്ടിയിലധികമാക്കാന്‍ സാധിക്കുമെന്ന് അന്താരാഷ്ട്ര തലത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ മേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യ അവലംബിച്ച് ആധുനികവത്കരണത്തിനുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുമ്പോഴാണ് പൊടുന്നനെ പല സംസ്ഥാനങ്ങളിലും മാട്ടിറിച്ചി നിരോധം വരുന്നത്. വൈവിധ്യമാര്‍ന്ന നിരവധി ഉപവിഭാഗങ്ങളുള്ള ഈ മേഖലയില്‍ 80 ശതമാനത്തിലധികം വനിതാ പങ്കാളിത്തവുമുണ്ട്.
മാംസ കയറ്റുമതിയിലും തുകലുദ്പാദനത്തിലുമെല്ലാം ഇന്ത്യയുടെ വളര്‍ച്ച മറ്റു രാജ്യങ്ങളെപ്പോലും അസൂയപ്പെടുത്തുന്നുവെന്നത് ഈ മേഖലയിലെ വ്യവസായികള്‍ ആശങ്കക്കിടയില്ലാത്ത വിധം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിവര്‍ഷം കയറ്റിയയക്കപ്പെടുന്ന ബീഫിലൂടെ 435 കോടി ഡോളറാണ് ഇന്ത്യക്ക് ലഭിക്കുന്നത്. മറ്റൊന്ന് തുകല്‍ കയറ്റുമതിയാണ്. തുകല്‍ കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ എട്ടാം സ്ഥാനമാണ് ഇന്ത്യക്ക്. ഇന്ത്യയുടെ 2004ലെ കയറ്റുമതി വരുമാനം 2.1 ബില്യന്‍ അമേരിക്കന്‍ ഡോളറാണ്. കയറ്റുമതി ചെയ്യപ്പെടുന്ന ഇന്ത്യന്‍ തുകലില്‍ 80 ശതമാനത്തോളം തുകലുത്പന്നങ്ങളും 20 ശതമാനം സംസ്‌കരിച്ച തുകലുമാണ്. 2020 ഓടുകൂടി കയറ്റുമതി വരുമാനം 10 ബില്യന്‍ അമേരിക്കന്‍ ഡോളറാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ മാംസ കയറ്റുമതിക്കും തുകലുല്‍പ്പന്ന കയറ്റുമതിക്കുമെല്ലാം പ്രത്യേക പരിഗണനയുണ്ടെന്നതാണ് രസകരമായ വസ്തുത. 2017-18 വര്‍ഷത്തില്‍ 2600 കോടി ഡോളറിന്റെ വരുമാനമാണ് തുകല്‍ ഉത്പന്ന കയറ്റുമതിയിലൂടെ ലക്ഷ്യമിടുന്നത്. മാംസ കയറ്റുമതിയില്‍ ഇതിന്റെ ഇരട്ടിയും ലക്ഷ്യമിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here