Connect with us

Alappuzha

അരുണ്‍കുമാറിനെതിരായ ആരോപണം തെളിവില്ലന്ന് കണ്ട് തള്ളിയത്: ജി സുധാകരന്‍

Published

|

Last Updated

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരായ അഴിമതി ആരോപണം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വിശദമായി അന്വേഷിച്ച് തെളിവില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരന്‍ എം എല്‍ എ. ആലപ്പുഴ പ്രസ്‌ക്ലബ്ബിന്റെ മീറ്റ്ദിപ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി എസിന്റെ മകനെതിരെ പതിനേഴോളം ആരോപണങ്ങളടങ്ങിയ പരാതി ഫയല്‍ കയര്‍വകുപ്പ് മന്ത്രിയായിരുന്ന തന്റെ മുന്നിലെത്തി. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അനുമതിയോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നെവെന്നും സുധാകരന്‍ പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് തള്ളിക്കൊണ്ടുള്ള ഫയലില്‍ വിജിലന്‍സ് എസ് പിയും ഡയറക്ടറും ഒപ്പിട്ട ശേഷമാണ് തന്റെ മുന്നിലെത്തിയത്.ഫയലില്‍ താനും പിന്നീട് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ഒപ്പിട്ടതാണ്.
ഏഴ് വര്‍ഷം മുമ്പ് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് കണ്ടെത്തിയ സംഭവത്തില്‍ അരുണ്‍കുമാറിനെ ഇപ്പോള്‍ പ്രതിയാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. വി എസിനെ അപമാനിതനാക്കാന്‍ ബോധപൂര്‍വം അരുണ്‍കുമാറിനെ കേസില്‍ കുടുക്കാനാണ് ശ്രമം. ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരിക്കെ അരുണ്‍കുമാറിനെതിരെ അഴിമതി ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ഡി ജി പി ജേക്കബ് തോമസ് അഴിമതിക്കെതിരെ നിലപാടെടുത്ത കാരണത്താലാണ് അദ്ദേഹത്തിനെതിരെ നടപടി സ്വകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.ഇഷ്ടമില്ലാത്ത പക്ഷം കേന്ദ്രത്തിലേക്ക് തിരികെ അയക്കാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.