സെല്‍ഫിക്ക് പറ്റിയ മൂന്നു കേന്ദ്രങ്ങളുടെ പട്ടികയില്‍ ബുര്‍ജ് ഖലീഫയും

Posted on: November 3, 2015 8:12 pm | Last updated: November 4, 2015 at 7:25 pm
SHARE
ബുര്‍ജ് ഖലീഫ
ബുര്‍ജ് ഖലീഫ

ദുബൈ: സെല്‍ഫി പിടിക്കാവുന്ന ലോകത്തിലെ ഏറ്റവും മികച്ച മൂന്നു കേന്ദ്രങ്ങളുടെ പട്ടികയില്‍ ബുര്‍ജ് ഖലീഫയും ഇടംനേടി. പാരീസിലെ ഈഫല്‍ ഗോപുരം, ഫ്‌ളോറിഡയിലെ ഡിസ്‌നിലാന്റ് എന്നിവക്കൊപ്പമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ഇടംനേടിയത്. നിര്‍മാണം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലാണ് ഈ നേട്ടത്തിന് ബുര്‍ജ് ഖലീഫ അര്‍ഹമായിരിക്കുന്നത്. യു കെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വസ്തുക്കളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സൈറ്റായ അട്രാക്ഷന്‍ ടിക്‌സാണ് ബുര്‍ജ് ഖലീഫയെ ലോകത്തിലെ മൂന്നു കേന്ദ്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിരിക്കുന്നത്. 2010 ഒക്ടോബറിനും 2015 ജനുവരിക്കും ഇടയില്‍ സൈറ്റില്‍ ലഭിച്ച 2.19 കോടി ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്.
പട്ടികയില്‍ മൂന്നാമതായാണ് ബുര്‍ജ് ഖലീഫ ഇടംപിടിച്ചത്. ന്യൂയോര്‍ക്ക് നഗരത്തിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ലണ്ടനിലെ ബിഗ് ബെന്‍ എന്നിവക്കാണ് നാലും അഞ്ചും സ്ഥാനം. യു എ ഇയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായ ബുര്‍ജ് ഖലീഫ കോണ്ടെ നാസ്റ്റ് റീഡേഴ്‌സിന്റെ മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രത്തിനുള്ള ചോയ്‌സ് അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ഫെയ്‌സ് ബുക്കില്‍ ഈ മനുഷ്യ നിര്‍മിതിക്ക് 8.83 ലക്ഷം പിന്തുടരുന്നവരാണുള്ളത്. ട്വിറ്ററില്‍ 24,000വും ഇന്‍സ്റ്റാഗ്രാമില്‍ 1.2 ലക്ഷവുമാണ് പിന്തുടരുന്നവര്‍. 163 നിലകളുള്ള ബുര്‍ജ് ഖലീഫയുടെ നിര്‍മാണം 2004 സെപ്തംബര്‍ 21നായിരുന്നു ആരംഭിച്ചത്. 2010 ജനുവരി നാലിനായിരുന്നു ഇതിന്റെ ഉദ്ഘാടനം. 828 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം.

LEAVE A REPLY

Please enter your comment!
Please enter your name here