മൗറിഞ്ഞോക്ക് താരങ്ങളുടെ പിന്തുണ

Posted on: November 3, 2015 3:30 am | Last updated: November 3, 2015 at 9:33 am
SHARE

jose-mourinhoലണ്ടന്‍: ചെല്‍സി പരിശീലകന്‍ ജോസ് മൗറിഞ്ഞോക്ക് കളിക്കാരുടെ പൂര്‍ണപിന്തുണയുണ്ടെന്ന് നൈജീരിയന്‍ മിഡ്ഫീല്‍ഡര്‍ ജോണ്‍ ഒബി മിഖേല്‍. മൗറിഞ്ഞോക്ക് വേണ്ടി നൂറ് ശതമാനം സമര്‍പ്പിക്കാന്‍ കളിക്കാര്‍ ശ്രമിച്ചിട്ടുണ്ട്. അത് തുടരുക തന്നെ ചെയ്യും. ഗോളുകള്‍ നേടുന്നില്ല, മത്സരം ജയിക്കുന്നില്ല, ഇത് മാത്രമാണ് എല്ലാവരും നോക്കുന്നത്. എന്നാല്‍, കോച്ചിന് വേണ്ടി ഓരോ താരവും കഠിനാധ്വാനം ചെയ്യുന്നത് ആരും കാണുന്നില്ല. – മിഖേല്‍ പറഞ്ഞു. നിര്‍ഭാഗ്യമാണ് പലപ്പോഴും ചെല്‍സിക്ക് വിനയായതെന്നും മിഖേല്‍ ചൂണ്ടിക്കാട്ടുന്നു. ഞങ്ങള്‍ക്കെതിരെയുള്ള എല്ലാ ഷോട്ടുകളും ഗോളാകുന്നു, ഏതൊരു ഷോട്ട് തട്ടിത്തെറിച്ചാലും അതും ഗോള്‍ ആകുന്ന അവസ്ഥ. നിര്‍ഭാഗ്യം പിന്തുടരുകയാണ്. നിങ്ങള്‍ കണ്ടോളൂ, ചെല്‍സി തിരിച്ചുവരും, അതിനായി ഓരോ താരവും കഠിനാധ്വാനം ചെയ്യുകയാണ് – മിഖേല്‍ പറഞ്ഞു.
മൗറിഞ്ഞോക്ക് മാത്രമേ ചെല്‍സിയെ പ്രതാപകാലത്തേക്ക് ഉയര്‍ത്താന്‍ സാധിക്കൂ. അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കേണ്ട സമയമാണിതെന്നും താരം.
ഗ്രൗണ്ടിനകത്തും പുറത്തുമായി മൗറിഞ്ഞോ തുടരെ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. പ്രീമിയര്‍ ലീഗില്‍ പതിനൊന്ന് മത്സരങ്ങളില്‍ ആകെ പതിനൊന്ന് പോയിന്റ് മാത്രമാണ് ചെല്‍സിക്ക്. ടേബിളില്‍ പതിനഞ്ചാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേക്കാള്‍ പത്ത് പോയിന്റ് പിറകില്‍. സീസണില്‍ ആറ് ലീഗ് മത്സരങ്ങള്‍ തോറ്റു. അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ചെല്‍സിക്ക്.
കളത്തിന് പുറത്താണ് വലിയ തലവേദനയുള്ളത്. വെസ്റ്റ്ഹാമിനെതിരായ മത്സരത്തില്‍ നിലവിട്ട് പെരുമാറിയതിന് മൗറിഞ്ഞോയെ പുറത്താക്കിയിരുന്നു. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അമ്പതിനായിരം പൗണ്ട് പിഴ ചുമത്തുകയും ചെയ്തു. ചെല്‍സിയുടെ വനിതാ ടീം ഡോക്ടറെ അധിക്ഷേപിച്ചതിന്റെ കേസും നൂലാമാലയും വേറെ.