അര്‍ജന്റീനയില്‍ ടെവസ് നയിച്ച ബൊക്ക ചാമ്പ്യന്‍മാര്‍

Posted on: November 3, 2015 6:27 am | Last updated: November 3, 2015 at 9:44 am
SHARE

_86447556_tevez4ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ പ്രീമിയര്‍ ഡിവിഷനില്‍ കാര്‍ലോസ് ടെവസ് നയിച്ച ബൊക്ക ജൂനിയേഴ്‌സ് ചാമ്പ്യന്‍മാരായി. ടൈഗ്രിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ബൊക്ക ജൂനിയേഴ്‌സ് ലീഗില്‍ ഒരു മത്സരം ശേഷിക്കെയാണ് ചാമ്പ്യന്‍പട്ടം ഉറപ്പിച്ചത്. ആദ്യപകുതിയില്‍ ലെഫ്റ്റ് ബാക്ക് ഫാബിയന്‍ മൊന്‍സനാണ് ബൊക്കയുടെ വിജയഗോള്‍ നേടിയത്. 2011 ന് ശേഷം ബൊക്ക നേടുന്ന ആദ്യ പ്രീമിയര്‍ ഡിവിഷന്‍ കിരീടമാണിത്. അതേ സമയം, ബൊക്ക ജൂനിയേഴ്‌സ് സ്വന്തമാക്കുന്ന മുപ്പത്തൊന്നാമത് അര്‍ജന്റൈന്‍ പ്രീമിയര്‍ കിരീടമാണിത്.
കരിയറില്‍ എട്ട് കിരീടവിജയങ്ങളില്‍ ഭാഗമായ ടെവസ് അവസാനമായി 2003 ലാണ് ബൊക്കക്കൊപ്പം ചാമ്പ്യനായത്. അതിന് ശേഷം ബ്രസീലിലെ കോറിന്ത്യന്‍സിലേക്കും യൂറോപ്യന്‍ ക്ലബ്ബുകളിലേക്കും ചേക്കേറിയ ടെവസ് തന്റെ ബാല്യകാല ക്ലബ്ബിലേക്ക് നടപ്പ് സീസണിലാണ് തിരിച്ചു വരവ് നടത്തിയത്. ടെവസ് തിരിച്ചെത്തിയതിന് ശേഷം ബൊക്ക ജൂനിയേഴ്‌സിന് നല്ല കാലം വീണ്ടു വന്നു. ടെവസ് ഇറങ്ങിയ പതിനാല് മത്സരങ്ങളില്‍ പതിനൊന്നിലും ബൊക്ക ജയിച്ചു. വിവിധ രാജ്യങ്ങളില്‍ വിവിധ ക്ലബ്ബുകള്‍ക്കൊപ്പം കിരീടം നേടിയിട്ടുണ്ടെങ്കിലും ബൊക്കക്കൊപ്പം നേടുന്നതിനോളം ഒന്നും വരില്ല – ആവേശഭരിതനായി ടെവസ് പറഞ്ഞു.
ബ്രസീലില്‍ കോറിന്ത്യന്‍സിനൊപ്പവും ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകള്‍ക്കൊപ്പവും ഇറ്റലിയില്‍ ജുവെന്റസിനൊപ്പവും ലീഗ് ജേതാവായിട്ടുണ്ട് കാര്‍ലോസ് ടെവസ്.
രണ്ട് തവണ പ്രീമിയര്‍ ലീഗ് കിരീടം നേടിയ അലക്‌സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിരയിലെ പ്രധാനിയായിരുന്നു ടെവസ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും യുനൈറ്റഡിനൊപ്പം ടെവസ് ആഘോഷിച്ചു. ഫെര്‍ഗൂസനോട് പിണങ്ങി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയപ്പോഴും ടെവസ് തന്നെ താരം.
സിറ്റിയെ ലീഗ് ജേതാക്കളാക്കിയ ടെവസ് അവിടെയും കോച്ച് മാന്‍സിനിയുമായി ഇടഞ്ഞ് ടീം വിട്ടു. ഇറ്റലിയിലെ യുവെന്റസിലാണെത്തിയത്. 2013, 2014 സീരി എ ലീഗ് കിരീടം യുവെന്റസ് നേടിയത് ടെവസിന്റെ ഗോളടി മികവിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here