Connect with us

Palakkad

ഭരണമുറപ്പിക്കാന്‍ മുന്നണികള്‍; അക്കൗണ്ട് തുറക്കാന്‍ ബി ജെ പിയും

Published

|

Last Updated

മണ്ണാര്‍ക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ഇരുമുന്നണികളും ആവേശക്കൊടുമുടിയില്‍. പ്രചാരണത്തിന്റെ തുടക്കത്തില്‍ പിന്നിലായിരുന്ന ഇടതുപക്ഷം ഗൃഹസന്ദര്‍ശനം പൂര്‍ത്തിയായതോടെ അണികള്‍ ഏറെ ആവേശത്തിലാണ്. ഇടതു-വലതു ഇരുമുന്നണികള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ഇവിടെ ഇപ്രാവശ്യം പല പഞ്ചായത്തുകളിലും ചെങ്കൊടി പാറുമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷ. മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ്.
ജില്ലയിലെ യു ഡി എഫിന്റെ കോട്ടയായ മണ്ണാര്‍ക്കാട് ഇരുമുന്നണികളും പ്രചാരണ രംഗത്ത് ഒപ്പത്തിനൊപ്പമാണ്. ഈ പ്രാവശ്യം തങ്ങള്‍ക്ക് നഷ്ടപ്പെട്ട പല പഞ്ചായത്തുകളും ഇടതിനൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.
ഇതിനിടെ പല പഞ്ചായത്തുകളിലും തങ്ങള്‍ ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് ബി. ജെ പി നേതൃത്വത്തിന്റെ അവകാശം. കഴിഞ്ഞ തവണയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അട്ടപ്പാടി അടക്കമുളള ഗ്രാമപഞ്ചായത്തുകളും മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തുകളും യു ഡി എഫിനൊപ്പമായിരുന്നു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തടക്കം മണ്ണാര്‍ക്കാട് ബ്ലോക്കും എട്ട് ഗ്രാപഞ്ചായത്തുകളും യു ഡി എഫാണ് ഭരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തില്‍ ഇരുമുന്നണികളിലും ചില അസ്വാരസ്യങ്ങളുണ്ടായിരുന്നുവെങ്കിലും അവയെല്ലാം പരിഹരിച്ച് തങ്ങള്‍ ഒറ്റകെട്ടായാണ് മുന്നോട്ടുപോവുന്നതെന്നാണ് ഇരുമുന്നണി നേതൃത്വവും പറയുന്നത്. മിക്ക പഞ്ചായത്തുകളിലും സ്വതന്ത്രന്‍മാര്‍ ഇരുമുന്നണി സ്ഥാനാര്‍ഥികള്‍ക്കും ഏറെ ഭീഷണിയായി നില്‍ക്കുന്നുണ്ട്.
അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഇപ്രാവശ്യം ഇടത് പിടിച്ചെടുക്കാനാണ് സാധ്യത. ഇവിടെ ചില വാര്‍ഡുകളില്‍ യു ഡി എഫിനും എല്‍ ഡി എഫിനും റിബല്‍ ശല്ല്യവും രൂക്ഷമാണ്. കൂടാതെ ഇരുപാര്‍ട്ടികള്‍ക്കും സ്വതന്ത്രന്‍മാരും വില്ലനായിട്ടുണ്ട്. ഉണ്ണിയാല്‍, യതീംഖാന എന്നീ രണ്ടു വാര്‍ഡുകളില്‍ എട്ട് സ്ഥാനാര്‍ഥികള്‍ വീതം ജനവിധി തേടുന്നുണ്ട്.
യു ഡി എഫിന്റെ സിറ്റിങ് വാര്‍ഡായ ഉണ്ണിയാലില്‍ സ്വതന്ത്രന്‍ വിജയിക്കുമെന്നാണ് വിലയിരുത്തലുകള്‍. സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് തളളപ്പെടാനും സാധ്യതയുണ്ട്. യതീംഖാന വാര്‍ഡ് കഴിഞ്ഞ വര്‍ഷം യു ഡി എഫ് റിബലാണ് ജയിച്ചിരുന്നത്. ഇപ്രാവശ്യം റിബലിന് പുറമെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ അപരന്‍മാരും രംഗത്ത് വന്നത് യു.ഡി.എഫിന്റെ വിജയപ്രതീക്ഷക്ക് മങ്ങലേല്‍ക്കാനിടയായിട്ടുണ്ട്. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ മുസ്‌ലിംലീഗും, ലീഗ് വിമതരും യു ഡി എഫിന്റെ ജയപ്രതീക്ഷയില്ലാതാക്കിയിട്ടുണ്ട്. പല വാര്‍ഡുകളിലും ലീഗിലെ ഇരുവിഭാഗങ്ങളും തമ്മില്‍ നേരിട്ടാണ് മത്സരിക്കുന്നത്. ലീഗിലെ അനൈക്യം മുതലാക്കാന്‍ ഇടതുമുന്നണിക്കായാല്‍ ഇപ്രാവശ്യം കോട്ടോപ്പാടത്ത് ചെങ്കൊടി പാറും. കുമരംപുത്തൂരില്‍ രണ്ടു വാര്‍ഡുകളില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേരാണ് മത്സരം. ഈ രണ്ടു വാര്‍ഡുകളിലും സൗഹൃദ മത്സരമാണെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടിയത് കോണ്‍ഗ്രസിലെ വിഭാഗീയതക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ് യോഗത്തിന് കെ പി സി സി സെക്രട്ടറി പി ജെ പൗലോസ് അടക്കമുളള നേതാക്കള്‍ പങ്കെടുത്തിരുന്നു.
മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടക്കുന്ന പ്രഥമ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നത് പറയാന്‍ കഴിയില്ല. പ്രചാരണത്തില്‍ ഇരുമുന്നണികളും ഇഞ്ചോടിച്ചുളള പ്രകടനമാണ് നടത്തിയത്. ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന യു ഡി എഫ് തികഞ്ഞ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടി ചിഹ്നമില്ലാതെ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥികളെ മുന്നില്‍ നിര്‍ത്തിയാണ് എതിരാളികളായ യു ഡി എഫിനെ നേരിടുന്നത്. തെങ്കര പഞ്ചായത്ത് ഇടതിന് മുന്‍തൂക്കമുളള മേഖലയാണ്. പഞ്ചായത്ത് രൂപീകരിച്ച പ്രഥമ ഘട്ടത്തില്‍ ഇടതിന്റെ കയ്യിലായിരുന്ന തെങ്കര പിന്നീട് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് തിരിച്ചു പിടിക്കുകയായിരുന്നു.
ഇപ്രാവശ്യം ആരെ പഞ്ചായത്ത് തുണക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. തച്ചനാട്ടുകരയില്‍ യു ഡി ഫിന്റെ കാലിടറങ്ങുന്ന സ്ഥിതിയാണുളളത്. കഴിഞ്ഞ തവണ യു ഡി എഫിന്റെ പ്രസിഡന്റായിരുന്ന സരോജിനി ബി ജെ പിയോടൊപ്പം ചേര്‍ന്ന് മത്സര രംഗത്തുണ്ട്. കൂടാതെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ യൂത്ത്‌ലീഗില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും പോളിങിലുളള ശതമാനത്തിന്റെ വര്‍ദ്ധനവിലാണ് ഇരുമുന്നണികളിലും പ്രതീക്ഷ.
മണ്ണാര്‍ക്കാട് മേഖലയില്‍ ആദിപത്യം ഉറപ്പിക്കുന്നതിന് ഇരുമുന്നണികളും പെടാപാട് പെടുമ്പോള്‍ ഒരു അക്കൗണ്ടെങ്കിലും തുറക്കുകയെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്ന അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അടക്കമുളള മൂന്ന് പഞ്ചായത്തുകളും ഇപ്രാവശ്യം പ്രവചനാധീതമാണ്.
പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഇതുവരേയും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ പട്ടിണി മരണങ്ങളും ശിശുമരണവും അധികരിക്കുന്ന ഇവിടെ ആരെയാണ് ആദിവാസി സമൂഹം തുണക്കുകയെന്നത് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നു.

Latest