തോട്ടം മേഖലയില്‍ കനത്ത പോളിംഗ്

Posted on: November 3, 2015 9:18 am | Last updated: November 3, 2015 at 9:18 am

ഓടത്തോട്: കണക്ക് കൂട്ടലുകളെ തെറ്റിച്ച് തോട്ടം മേഖലയില്‍ ഇത്തവണയും കനത്ത പോളിംഗ്. എണ്‍പതിന് മുകളിലേക്കാണ് പോളിംഗ് ശതമാനം.
രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചപ്പോഴൊന്നും തോട്ടം മേഖലയിലെ ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. ഒറ്റക്കും ഒന്നും രണ്ടും പേരടങ്ങുന്ന സംഘമായി എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങുകയാണ് ഉണ്ടായത്. രാവിലെ പോളിംഗ് മന്ദഗതിയിലായത് മുന്നണികളെ ആശങ്കപ്പെടുത്തിയിരുന്നു. വയനാട്ടിലെ വോട്ടര്‍മാര്‍ക്കിടയില്‍ നിര്‍ണായക ശക്തിയാണ് തോട്ടം തൊഴിലാളികള്‍. അത് കൊണ്ട് തന്നെ ഇവര്‍ ബൂത്തിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്താതിരുന്നത് സ്ഥാനാര്‍ഥികളുടെ ചങ്കിടിപ്പും വര്‍ധിച്ചിരുന്നു.
എന്നാല്‍ കണക്ക് കൂട്ടലുകളെയെല്ലാം തെറ്റിച്ച് വൈകീട്ടോടെ പോളിംഗ് കനക്കുകയായിരുന്നു. വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ വൈത്തിരിയില്‍ 83.26 ശതമാനവും, പൊഴുതനയില്‍ 81.63 ശതമാനവും മേപ്പാടിയില്‍ 78.22 ശതമാനവും വോട്ടുകള്‍ രേഖപ്പെടുത്തിയത്. ഓടത്തോട് 18-ാം വാര്‍ഡില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.90 ശതമാനത്തോളമാണ് വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 15 മിനുട്ട് മുമ്പുള്ള കണക്ക്. ഇവിടെയും ആനപ്പാറ 17-ാം വാര്‍ഡിലും പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്.