പ്രതീക്ഷ വിടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍

Posted on: November 3, 2015 9:15 am | Last updated: November 3, 2015 at 9:15 am
SHARE

കോഴിക്കോട്: പ്രചാരണ ഘട്ടത്തിലെന്നത് പോലെ വോട്ടെടുപ്പ് കഴിഞ്ഞിട്ടും മുന്നണികളുടെ ആത്മവിശ്വാസത്തിന് കുറവില്ല. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വലിയ വിജയം നേടുമെന്ന് മുന്നണികള്‍ അവകാശപ്പെട്ടപ്പോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകനം നടത്തുമെന്ന് ബി ജെ പിയും പറയുന്നു.
ജില്ലയിലെ സീറ്റുകള്‍ എല്‍ ഡി എഫ് തൂത്തുവാരുമെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. 2005ലെ തിരഞ്ഞെടുപ്പ് ഫലമായിരിക്കും ജില്ലയിലുണ്ടാകുക. കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലുമൊക്കെ ഭരണം പിടിച്ചുകളയാമെന്ന യു ഡി എഫ് ആഗ്രഹം വ്യാമോഹം മാത്രമാണ്. 2010ല്‍ നിന്നും 2005ലേക്ക് ഇറങ്ങുന്നതായിരിക്കും അവരുടെ ഗതികേടെന്നും എളമരം കരീം പറഞ്ഞു. ജില്ലയില്‍ ഐക്യജനാധിപത്യമുന്നണി ചരിത്രവിജയം നേടുമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍പാണ്ടികശാല പറഞ്ഞു.
സി പി എം ഉയര്‍ത്തിയ ബീഫ് രാഷ്ട്രീയം തിരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ തകര്‍ന്നടിയുമെന്ന് ബി ജെ പി മുന്‍ അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള. ബീഫ് രാഷ്ട്രീയമെന്നത് സി പി എം ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്ന അജന്‍ഡയാണെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേഷന്‍ ഭരണം ഇത്തവണ ലഭിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്ന് വോട്ടെടുപ്പിന് ശേഷം യു ഡി എഫ് മേയര്‍ സ്ഥാനാര്‍ഥി അഡ്വ പി എം സുരേഷ്ബാബു പ്രതികരിച്ചു. ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടും. ഭരണ വിരുദ്ധ വികാരം ഇത്തവണ കോര്‍പറേഷനില്‍ പ്രകടമായിരുന്നുവെന്നും സുരേഷ്ബാബു ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here