പെരിന്തല്‍മണ്ണ: ജില്ലയിലെയും അയല്‍ ജില്ലകളിലെയും പ്രധാന ആശുപത്രികളിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് നിരവധി വാഹനങ്ങള്‍ കവര്‍ന്ന് തമിഴ്‌നാട്ടിലും കര്‍ണാടകയിലും വില്‍പന നടത്തിയ അന്തര്‍സസ്ഥാന വാഹനമോഷണ സംഘത്തിലെ മുഖ്യപ്രതിയെ കോടതി ഉത്തരവു പ്രകാരം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 28നാണ് മാനത്തുമംഗലത്തു വെച്ച് മോഷ്ടിച്ച മാരുതി കാറുമായി രണ്ടു പേര്‍ പിടിയിലായത്. കേസിലെ മുഖ്യ പ്രതിയും ഗൂഡല്ലൂര്‍ എല്ലമല പെരിയശ്ശോല സ്വദേശിയുമായ ചെറുപള്ളിക്കല്‍ നജീബ് എന്ന ഫിറോസിനെയാണ് പെരിന്തല്‍മണ്ണ സി ഐ കെ എം ബിജു, എസ് ഐ സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി വാഹനം കളവു നടത്തിയിടങ്ങളിലും വില്‍പന നടത്തിയ തമിഴ്‌നാട്ടിലെ എല്ലമല, തൊറപ്പള്ളി, മേട്ടുപ്പാളയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്.