ചൈനയുടെ തിരിച്ചറിവ് എല്ലാവര്‍ക്കും പാഠം

Posted on: November 3, 2015 4:57 am | Last updated: November 2, 2015 at 10:00 pm
SHARE

സന്താന നിയന്ത്രണമാണ് ദാരിദ്ര്യത്തിന് പരിഹാരമെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് ചൈന. ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന 1979 ല്‍ അംഗീകരിച്ച നിയമം പിന്‍വലിച്ചു ഇനി മുതല്‍ ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ വരെയാകാമെന്ന് കഴിഞ്ഞ വാരത്തില്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗം തീരുമാനിച്ചിരിക്കുകയാണ്. ചൈനീസ് ഭരണകൂടത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഡെവലപ്‌മെന്റ് റിസെര്‍ച്ച് ഫൗണ്ടേഷന്റെ ശിപാര്‍ശയാണ് തീരുമാനത്തിനാധാരം. ജനസംഖ്യ നിയന്ത്രിക്കാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ കാലക്രമത്തില്‍ പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ഫൗണ്ടേഷന്റെ ശിപാര്‍ശ. പാര്‍ലിമെന്റിന്റെ തീരുമാനവും നിയമഭേദഗതികളും വന്നാലേ നയം ഉപേക്ഷിച്ചുവെന്ന് പറയാനാകൂ എങ്കിലും സി പി സി തീരുമാനം നിര്‍ണായക മാറ്റത്തെ കുറിക്കുന്നു.
ജനപ്പെരുപ്പം വിഭവങ്ങളുടെ കുറവിനും സാമ്പത്തിക രംഗത്തെ പ്രതിസന്ധിക്കും വഴിവെക്കുമെന്ന വീക്ഷണത്തിലാണ് ചൈനീസ് ഭരണ കൂടം 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് മതിയെന്ന് തീരുമാനിച്ചത്. രണ്ടാമത് കുട്ടികളുണ്ടാകുന്നവര്‍ക്ക് പിഴ, ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടയല്‍ തുടങ്ങിയ ശിക്ഷാ നടപടികള്‍ ചുമത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് രണ്ടാമത് കുഞ്ഞിന്റെ ജനനം തടയാന്‍ രാജ്യത്ത് 33.6 കോടി ഗര്‍ഭഛിദ്രവും 19.6 കോടി വന്ധ്യംകരണവും നടന്നിട്ടുണ്ടെന്നാണ് കണക്ക്.
ഭരണ കൂടത്തിന്റെ കണക്കുകൂട്ടലിന് വിരുദ്ധമായി ഒറ്റക്കുട്ടി നയം ചൈനയുടെ സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയാകുകയാണുണ്ടായത്. രാജ്യത്ത് ഉത്പാദനക്ഷമരല്ലാത്ത വയോധികരുടെ എണ്ണം വന്‍തോതില്‍ ഉയരുകയും ഉത്പാദനക്ഷമരായ യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുകയും ചെയ്തു. ചൈനീസ് ജനതയില്‍ 15 ശതമാനത്തിലേറെ 60 വയസ്സും 30 ശതമാനം 50 വയസ്സും കടന്നവരാണ്. 15നും 59നും ഇടയില്‍ പ്രായമുളളവരുടെ എണ്ണം 68.1ശതമാനവും. 2050ഓടെ 60 കടന്ന പൗരന്‍മാരുടെ എണ്ണം 39.3 ശതമാനം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിന്റെ ഒരു പ്രധാന ഘടകമിതാണെന്ന് ഭരണ നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രമല്ല, രാജ്യത്തെ ആണ്‍-പെണ്‍ വിഭാഗങ്ങളുടെ എണ്ണത്തിലും ഇത് ഗണ്യമായ അസന്തുലനം സൃഷ്ടിച്ചു. ലിംഗ നിര്‍ണത്തില്‍ കുട്ടി പെണ്ണാണെന്നറിഞ്ഞാല്‍ ഗര്‍ഭം അലസിപ്പിക്കുകയാണ് ദമ്പതികളില്‍ നല്ലൊരു ഭാഗവും. ഇതോടെ വിവാഹത്തിന് ഇണകളെ ലഭിക്കാതെ പ്രയാസപ്പെടുന്ന ചൈനീസ് ചെറുപ്പക്കാരുടെ എണ്ണവും കൂടി.
ജനപ്പെരുപ്പമോ വിഭവങ്ങളുടെ കുറവോ അല്ല, വിഭവങ്ങളുടെ വിനിയോഗത്തിലുള്ള താളപ്പിഴയാണ് രാഷ്ട്രങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതെന്ന് ഇസ്‌ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ചൂണ്ടിക്കാട്ടിയതാണ്. ഒട്ടേറെ ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. 1930ല്‍ ഇരുനൂറ് കോടിയായിരുന്നു ലോക ജനസംഖ്യ. 1987ല്‍ 500കോടിയായി. ഇന്ന് 700 കോടിയോളമെത്തി. എന്നാല്‍ 200 കോടി ജനസംഖ്യയുണ്ടായിരുന്ന കാലത്തേക്കാള്‍ ആളോഹരി വരുമാനത്തില്‍ വര്‍ധനവും ജീവിത നിലവാരത്തില്‍ ഉയര്‍ച്ചയുമാണ് ഇന്ന് കണ്ടു വരുന്നത്. ജനസംഖ്യ വര്‍ധിച്ചപ്പോള്‍ അധ്വാനശേഷി വര്‍ധിക്കുകയും ജനങ്ങള്‍ കൂടുതല്‍ വിഭവങ്ങള്‍ തേടിപ്പിടിക്കുകയും ചെയ്തു. കാലം ചെല്ലുന്തോറും ലോകത്ത് വരുമാനവും പുരോഗതിയും വന്‍ തോതില്‍ വര്‍ധിക്കുകയാണെന്നത് അനിഷേധ്യമാണ്.
ലോകത്തെ പ്രായപൂര്‍ത്തിയായ മനുഷ്യരുടെ എണ്ണത്തിന്റെ ഒരു ശതമാനം വരുന്ന കോടീശ്വരന്മാരാണ് ലോക സമ്പത്തിന്റെ 40 ശതമാനവും കൈയടക്കി വെച്ചതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് നടത്തിയ പഠനം കാണിക്കുന്നു. 10 ശതമാനത്തിന്റെ കൈയിലാണ് ലോക ആസ്തിയുടെ 85 ശതമാനവും. ദരിദ്ര രാജ്യങ്ങളിലെ പകുതി പേര്‍ക്കും ലഭിക്കുന്നത് ലോകസമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ്. ലോകത്ത് ആവശ്യമുള്ളത്ര വിഭവങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും വിതരണം നീതിപൂര്‍വവും ശാസ്ത്രീയവുമല്ലാത്തതാണ് പ്രശ്‌നമെന്നും ബെര്‍ണഡ് ഗിലന്റ്, റോജന്‍ വൈല്‍ തുടങ്ങിയ ആഗോള സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതാണ്. ദാരിദ്ര്യത്തിന്റെ മുഖ്യ കാരണം വിഭവങ്ങളുടെ തെറ്റായ വിതരണമാണെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യസെന്നും അഭിപ്രായപ്പെടുകയുണ്ടായി. 40 കോടി പട്ടിണിപ്പാവങ്ങളുള്ള ഇന്ത്യയില്‍ 500 കോടി രൂപക്കുള്ള ഗോതമ്പും പയര്‍ വര്‍ഗങ്ങളുമൊക്കെ കന്നുകാലികള്‍ക്കു പോലും കൊടുക്കാന്‍ പറ്റാത്തവിധം പാഴാക്കിക്കളഞ്ഞത് സുപ്രീം കോടതിയുടെ നിശിത വിമര്‍ശത്തിന് വിധേയമായതാണ്. അമേരിക്ക ഉത്പാദിപ്പിക്കുന്ന ചോളത്തിന്റെ മൂന്നില്‍ ഒന്ന് ജൈവ ഇന്ധനത്തിനാണ് ഉപയോഗിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ദാരിദ്ര്യത്തിന്റെ ഇത്തരം കാരണങ്ങളും ജനസംഖ്യാ വര്‍ധനവിലാണ് ഭരണകൂടങ്ങള്‍ വരവ് വെക്കുന്നത്.
ജനിക്കാനുള്ള അവകാശം നിഷേധിക്കുകയല്ല, പട്ടിണിയും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ശരിയായ മാര്‍ഗമെന്നും പ്രകൃതിവിഭവങ്ങളുടെ നീതിപൂര്‍വമായ വിനിയോഗവും മികച്ച തൊഴിലവസരങ്ങളും ദാരിദ്ര്യ നിര്‍മാര്‍ജന സംരംഭങ്ങളുമാണ് അതിനുള്ള പരിഹാര മാര്‍ഗമെന്നുമാണ് ഇതെല്ലാം കാണിക്കുന്നത്. ചൈന ഈ വസ്തുത മനസ്സിലാക്കിത്തുടങ്ങി. ഇന്ത്യയുള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ക്കും താമസിയാതെ ഇത് ബോധ്യപ്പെടാതിരിക്കില്ല.