തൊഴിലുറപ്പ് പദ്ധതി: കേന്ദ്രത്തിന് വീഴ്ചപറ്റിയെന്ന് സുപ്രീം കോടതി

Posted on: November 2, 2015 11:35 pm | Last updated: November 2, 2015 at 11:35 pm
SHARE

supreme-court-indiaന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം ജി എന്‍ ആര്‍ ഇ ജി എ) നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ ഉണരണമെന്നും തൊഴിലാളികളുടെ കൂലി ഉടന്‍ നല്‍കണമെന്നും ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അമിതാവ് റോയ് എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് നിര്‍ദേശിച്ചു. വിഷയത്തില്‍ നിലപാട് ആരാഞ്ഞ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് നോട്ടീസയച്ചിട്ടുണ്ട്. പദ്ധതിയിലെ തൊഴിലാളികള്‍ക്ക് കൂലി വിതരണം ചെയ്യുന്നതില്‍ കാലതമാസം ഉണ്ടാകരുതെന്നും കൃത്യസമയത്തിന് കൂലി നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
തൊഴിലുറപ്പു പദ്ധതയിലെ തൊഴിലാളികളുടെ വേതനം സംബന്ധിച്ച് സ്വതന്ത്ര ഓഡിറ്റ് യൂനിറ്റ് രൂപവത്കരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സാമൂഹിക പ്രവര്‍ത്തകനും റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനുമായ ലളിത് മാഥൂര്‍, വിവരാവകാശ പ്രവര്‍ത്തക അരുണാ റോയ്, സാമൂഹിക പ്രവര്‍ത്തകന്‍ നിഖില്‍ ദേവ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവേയാണ് കോടതി നടപടി. ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. എന്നാല്‍, ഹരജി പരിഗണിക്കുന്നതിനിടെ ബഞ്ചിനു മുമ്പാകെ കൂടുതല്‍ പരാതി ബോധിപ്പിക്കാന്‍ ശ്രമിച്ച പ്രശാന്ത് ഭൂഷണെ കോടതി തടഞ്ഞു. ഇപ്പോള്‍ തൊഴിലാളികളുടെ കൂലിയും നഷ്ടപരിഹാരവുമാണ് വിഷയമെന്ന് കോടതി വ്യക്തമാക്കി. വാദം കേള്‍ക്കാതെ തന്നെ ബന്ധപ്പെട്ടവര്‍ക്ക് ഈ വിഷയത്തില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും കേസ് ഇനി പരിഗണിക്കുമ്പോള്‍ കൂടുതല്‍ പരാതികള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായ ഈ പദ്ധതി കെടുകാര്യസ്ഥത മൂലം നശിച്ചുപോകുകയാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എം ജി എന്‍ ആര്‍ ഇ ജി ആക്ട് 2005 സെക്ഷന്‍ 22 (1) പ്രകാരം ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കണമെന്നാണ്. എന്നാല്‍, 3,100 കോടി രൂപ നിലവില്‍ പദ്ധതിയിലേക്ക് സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും മതിയായ ഫണ്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരജായപ്പെട്ടെന്നും ഹരജിക്കാര്‍ ആരോപിച്ചു. പദ്ധതി മുഖേന തൊഴില്‍ ലഭിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് പൊതുബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു.