Connect with us

Gulf

20 വര്‍ഷത്തിന്റെ നിറവില്‍ ആഗോള ഗ്രാമം

Published

|

Last Updated

ദുബൈ: ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ദുബൈ ആഗോള ഗ്രാമം പുനരാരംഭിക്കും. 20-ാമത്തെ സീസണാണ് ഇത്തവണത്തേതെന്നും 2016 ഏപ്രില്‍ ഒമ്പത് വരെ നീണ്ടുനില്‍ക്കുമെന്നും സി ഇ ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഈസ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പവലിയനുകളും കലാപരിപാടികളും ഉണ്ടാകും. ഇത്തവണ ലോകത്തിന്റെ കവാടം എന്ന പേരില്‍ ലോകാത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവേശന കവാടമുണ്ട്. പ്രവേശന കവാടങ്ങളിലേക്ക് പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ഏര്‍പെടുത്തും. ഓരോ ട്രെയിനിലും 60 യാത്രക്കാരെ കയറ്റും.
40 പ്രവേശന കവാടങ്ങളും 40 ടിക്കറ്റിംഗ് കൗണ്ടറുകളുമാണ് ഉണ്ടാവുക. ഇത്തവണ കലാപരിപാടികള്‍ക്കുള്ള വേദി വിശാലവും ആഗോള ഗ്രാമത്തിലെത്തുന്ന ഏവര്‍ക്കും ഒരേ സമയം കാണാന്‍ പറ്റുന്നതുമാണ്. 22,000 ചതുരശ്ര മീറ്ററില്‍ പുല്‍ മൈതാനമുണ്ട്. കുട്ടികളുള്‍പെടെയുള്ള കുടുംബങ്ങള്‍ക്ക് ഇത് സൗകര്യപ്രദമായിരിക്കും.
159 ദിവസമാണ് നീണ്ടുനില്‍ക്കുക. ഇന്ത്യയില്‍ നിന്ന് ശ്രേയാഘോഷാല്‍ ഉള്‍പെടെ നിരവധി കലാകാരന്മാരും കലാകാരികളും എത്തുന്നുണ്ട്. ദുബൈയുടെ 20-20 വിനോദസഞ്ചാര കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് ആഗോളഗ്രാമം ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. ഫാന്റസി ഐലന്റില്‍ ലോക നിലവാരത്തിലുള്ള തമാശ ചന്തകള്‍ ഉണ്ടാകും. 100 വര്‍ഷമായി ലണ്ടന്റെ ഹൃദയ ഭാഗത്ത് ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്നതാണ് ഫാന്റസി ഐലന്റ്. ആഗോള ഗ്രാമത്തില്‍ 20 റെസ്റ്റോറന്റുകള്‍ ഉണ്ടാകും. നൂറിലധികം വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയടക്കം 75 രാജ്യങ്ങളില്‍ നിന്ന് 32 പവലിയനുകളാണ് ഉള്ളത്. റഷ്യയില്‍ നിന്നും ജപ്പാനില്‍ നിന്നും ഇതാദ്യമായി പവലിയനുകളുണ്ട്. ലെനിന്‍ ഗ്രേഡ് മാതൃകയിലാണ് റഷ്യയുടെ പവലിയന്‍. ആഭ്യന്തര സംഘര്‍ഷമുള്ള സിറിയയില്‍ നിന്നും പവലിയനുണ്ട്. 15 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനമായിരിക്കും. 65 വയസിന് മുകളിലുള്ളവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്. നിരവധി തെരുവ് കലാകാരന്മാര്‍ എത്തുമെന്നും അഭ്യാസ പ്രകടനങ്ങള്‍ക്ക് പ്രത്യേക വേദികളുണ്ടാകുമെന്നും അഹ്മദ് ഹുസൈന്‍ ബിന്‍ ഈസ അറിയിച്ചു.