Connect with us

Gulf

പെട്രോള്‍ വിലക്കുറവിനെ സ്വാഗതം ചെയ്ത് ഡ്രൈവര്‍മാര്‍

Published

|

Last Updated

ദുബൈ: ഇന്നലെ പുതുക്കി നിശ്ചയിച്ച എണ്ണ വിലയെ ഡ്രൈവര്‍മാര്‍ സ്വാഗതം ചെയ്തു. രാജ്യം സ്വതന്ത്രമായി എണ്ണവില നിശ്ചയിക്കാന്‍ ആരംഭിച്ചതിന് ശേഷം ഇതാദ്യമായി പഴയതിലും താഴേക്ക് എണ്ണ വില എത്തിയിരിക്കയാണ്. ജൂലൈ അവസാന വാരത്തിലായിരുന്നു ഓഗസ്റ്റ് ഒന്നു മുതല്‍ ഓരോ മാസവും വില പുതുക്കി നിശ്ചയിക്കുമെന്ന് യു എ ഇ ഊര്‍ജ മന്ത്രാലയം അറിയിച്ചത്.
ഇന്നലെ മുതല്‍ സൂപ്പര്‍ 98 വിഭാഗത്തില്‍ പെട്ട പെട്രോളിന് ലിറ്ററിന് 1.81 ദിര്‍ഹവും സ്‌പെഷ്യല്‍ 95ന് 1.7 ദിര്‍ഹവും ഇ പ്ലസ് 91ന് 1.63 ദിര്‍ഹവും ഡീസല്‍ ലിറ്ററിന് 1.87 ദിര്‍ഹവുമായിരിക്കുമെന്ന് ഊര്‍ജമന്ത്രാലയം പുറത്തിറക്കിയ ഒക്ടോബര്‍ 28ലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം പെട്രോള്‍ വില 98 വിഭാഗത്തില്‍ ഉള്‍പെട്ട പെട്രോളിന് 1.90, സ്‌പെഷല്‍ 95ന് 1.79, ഈ പ്ലസിന് 1.72, ഡീസലിന് 1.89 എന്നിങ്ങനെയായിരുന്നു. വില പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒന്നു മുതല്‍ സബ്‌സിഡി നിര്‍ത്തിയതോടെ പെട്രോളിന് ലിറ്ററിന് മേല്‍ 20 ശതമാനത്തോളം വില വര്‍ധിച്ചിരുന്നു. അതേസമയം ഡീസലിന് 29 ശതമാനത്തോളം അന്ന് വിലയില്‍ കുറവുണ്ടാവുകയും ചെയ്തിരുന്നു.
വിലയില്‍ സംഭവിച്ചിരിക്കുന്ന കുറവ് ജീവിതച്ചെലവ് കുറയാന്‍ ഇടയാക്കുമെന്നും ഇത് സന്തോഷമുള്ള കാര്യമാണെന്നും ഇന്റീരിയര്‍ ഡിസൈനറായ ട്രിസ്റ്റാന്‍ ഫെറെര്‍ അഭിപ്രായപ്പെട്ടു. ഫിലിപൈന്‍ സ്വദേശിയായ ട്രിസ്റ്റര്‍ ഷാര്‍ജയില്‍ നിന്ന് അബുദാബിക്ക് ദിനേന വാഹനം ഓടിച്ചുപോകുന്ന വ്യക്തിയാണ്. ചിലപ്പോള്‍ അല്‍ ഐനിലും പോകാറുള്ള ഇദ്ദേഹം ദിവസവും 300 മുതല്‍ 400 കിലോമീറ്റര്‍ ദൂരമാണ് താണ്ടുന്നത്. പെട്രോളിന് വില കൂടിയാലും കുറഞ്ഞാലും വാഹനം ഓടിച്ച് ആവശ്യങ്ങള്‍ നടത്തിയേ തീരൂവെന്ന് സ്വകാര്യ സ്ഥാപനത്തില്‍ മാനേജറായി ജോലിനോക്കുന്ന പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
ജൂലൈ മാസത്തെ അപേക്ഷിച്ച് സെപ്തംബര്‍ മാസത്തില്‍ പെട്രോളിന് വില വീണ്ടും എട്ട് ശതമാനത്തോളം കുറഞ്ഞിരുന്നു. ഇതുവരെയുള്ള പുതുക്കി നിശ്ചയിക്കലില്‍ വില താഴുന്നതാണ് കണ്ടുവരുന്നത്. രാജ്യാന്തര കമ്പോളത്തില്‍ എണ്ണക്ക് ആവശ്യം കുറഞ്ഞതാണ് യു എ ഇയിലും വിലയില്‍ കുറവുണ്ടാവാന്‍ ഇടയാക്കുന്നത്.
ഇന്ധന വില അവലോകനം ചെയ്യാന്‍ പ്രത്യേക കമ്മിറ്റിയെ ഊര്‍ജ മന്ത്രാലയം നിയോഗിച്ചിരുന്നു. ഊര്‍ജ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയില്‍ സാമ്പത്തിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, അഡ്‌നോക്കിന്റെയും ഇനോക്കിന്റെയും സി ഇ ഒ മാര്‍ എന്നിവരാണ് അംഗങ്ങള്‍. ഈ കമ്മിറ്റിയാണ് രാജ്യാന്തര കമ്പോളത്തിലെ എണ്ണവില താരതമ്യപ്പെടുത്തിയ ശേഷം എണ്ണ വില ഓരോ മാസവും പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 28ന് ഉന്നതാധികാര സമിതി യോഗം കൂടിയാണ് ആദ്യമായി രാജ്യത്ത് എണ്ണ വില പുതുക്കി നിശ്ചയിച്ചത്.

Latest