ഉദ്ഘാടനത്തിനായി ദുബൈ ഫ്രെയിം അണിഞ്ഞൊരുങ്ങുന്നു

Posted on: November 2, 2015 8:31 pm | Last updated: November 4, 2015 at 7:24 pm

frame_212031ദുബൈ: നഗരത്തിന്റെ അഭിമാന സ്തംഭമാവാന്‍ ഒരുങ്ങുന്ന ദുബൈ ഫ്രെയിമിന്റെ ഉദ്ഘാടനം ഉടന്‍ ഉണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തിന് മുമ്പ് ഉദ്ഘാടനം നടത്താന്‍ ലക്ഷ്യമിട്ട് അതിവേഗത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ദുബൈ ഫ്രെയിം പരിസ്ഥിതി സൗഹൃദമാക്കാന്‍ സൗരോര്‍ജ ടൈലുകളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. 150 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന ദുബൈ ഫ്രെയിം നഗരത്തെ കാണാനുള്ള കണ്ണാടിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണി പൂര്‍ത്തിയാവുന്നതോടെ നഗരത്തിലെ പ്രധാന വിനോസഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം ഇതും എത്തുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. വാതിലിന്റെ മാതൃകയിലാണ് നിരീക്ഷണ ഗോപുരമായ ദുബൈ ഫ്രെയിം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന്റെ മുഖപ്പ് മുഴുവനായും സ്വര്‍ണം പൂശിയാണ് നിര്‍മിക്കുന്നതെന്നത് ഇപ്പോഴെ നഗരത്തില്‍ സംസാര വിഷയമായിരിക്കയാണ്.
50 നില കെട്ടിടത്തിന്റെ ഉയരത്തിലാണ് ദുബൈ ഫ്രെയിം അണിഞ്ഞൊരുങ്ങുന്നത്. ഇതിനായി നിര്‍മിക്കുന്ന പാലത്തിന്റെ ശക്തിയെക്കുറിച്ച് ഇതുവരെയും അധികാരികള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഏതായാലും വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും സുഖകരമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലായിരിക്കുമെന്ന് ദുബൈ നഗരസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് ഇലക്ട്രിസിറ്റി എക്‌സ്ബിഷന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രീന്‍ എനര്‍ജി മിഡില്‍ ഈസ്റ്റ് കോണ്‍ഫ്രന്‍സിലാണ് ദുബൈ നഗരസഭ എഞ്ചിനിയറിംഗ് ആന്‍ഡ് പ്ലാനിംഗ് വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല റാഫിയ് ദുബൈ ഫ്രെയിമിന്റെ പുറം ഭിത്തികള്‍ പൂര്‍ണമായും സൗരോര്‍ജ ടൈലുകളാല്‍ അലങ്കരിക്കുമെന്ന് വ്യക്തമാക്കിയത്. ആ വാര്‍ത്തക്ക് മാസങ്ങള്‍ക്ക് മുമ്പ് യു എ ഇയിലെ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കിയിരുന്നു.
ദുബൈ ഫ്രെയിമിന് ആവശ്യമായ വൈദ്യുതിയുടെ സിംഹഭാഗവും പരിസ്ഥിതി സൗഹൃദമായ സൗരോര്‍ജത്തില്‍ നിന്നു ലഭിക്കുമെന്നതും പദ്ധതിയെ പരിസ്ഥിതി സൗഹൗദമാക്കുന്നു. സബീല്‍ പാര്‍ക്കിന്റെ നാലാമത്തെ ഗേറ്റിന് സമീപത്താണ് 100 മീറ്റര്‍ വിസ്തൃതിയില്‍ ദുബൈ ഫ്രെയിം നിര്‍മിക്കുന്നത്. ദുബൈയുടെ ആധുനിക മുഖവും പൗരാണിക മുഖവും ഒരേ സമയം കാണാവുന്ന കെട്ടിടത്തിലേക്ക് പ്രതിവര്‍ഷം 20 ലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് നഗരസഭയുടെ അനുമാനം. 2013 അവസാനമാണ് പദ്ധതിക്ക് തുടക്കമിട്ടത്. 16 കോടി ദിര്‍ഹമാണ് പദ്ധതിക്കായി ചെലവിടുന്നത്. നിര്‍മാണത്തിന്റെ 90 ശതമനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഏറ്റവും വിഷമകരമായ നിര്‍മാണവും പൂര്‍ത്തീകരിച്ചിരിക്കയാണെന്ന് സ്‌ട്രെക്ച്ചറല്‍ എന്‍ജി. വിഭാഗം ഹെഡ് മോവ്‌യ അബ്ദുല്‍റഹ്മാന്‍ വ്യക്തമാക്കി.
ഫ്രെയിമിന്റെ പ്രധാന ഭാഗമായ പാലം പൂര്‍ണമായും ചില്ലില്‍ നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത് എന്നാല്‍ പിന്നീട് സുരക്ഷ ഉറപ്പാക്കാന്‍ ഗ്ലാസ് പാനലിലേക്ക് മാറ്റുകയായിരുന്നുവെന്നും മോവ്‌യ വെളിപ്പെടുത്തി.