മാനന്തവാടി നഗരസഭയിലെ വിജയികളെ പ്രവചിച്ചു

Posted on: November 2, 2015 9:22 am | Last updated: November 2, 2015 at 9:22 am
SHARE

മാനന്തവാടി: മാനന്തവാടി നഗരസഭ കൗണ്‍സിലിലേക്കുളള തിരഞ്ഞെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. മാനന്തവാടി പ്രസ് ഫോറവും ഗ്രാന്‍ഡ് ഡ്രേപ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് വ്യത്യസ്തമായ പരിപാടി ഒരുക്കിയത്
പ്രസ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ 36 ഡിവിഷനുകളിലെയും വിജയികളെയും വിജയ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിനപത്രങ്ങളുടെ നവംബര്‍ എട്ടിലെ തലക്കെട്ടുമാണ് യുവ മാന്ത്രികന്‍ മഹേഷ് വയനാട് പ്രവചിച്ചത്. ഫലവും തലക്കെട്ടുകളും അടങ്ങുന്ന പേപ്പര്‍ സീല്‍ ചെയ്ത് പെട്ടിയിലാക്കി താഴുകൊണ്ട് പൂട്ടി . ഇത് ഇനി പോലീസ് കസ്റ്റഡിയിലായിരിക്കും.
മാനന്തവാടി സി.ഐ. കെ.കെ. അബ്ദുള്‍ ഷെരീഫ്, എസ്.ഐ. വിനോദ് വലിയാറ്റൂര്‍, രാഷ്ട്രീയ പ്രതിനിധികളായ കെ.എം. വര്‍ക്കി, അഡ്വ. ശ്രീകാന്ത് പട്ടയന്‍, കണ്ണന്‍ കണിയാരം, ശശിധരന്‍, പി.വി.എസ്. മൂസ എന്നിവരുടെ സാന്നിധ്യത്തിലാണ് പെട്ടി പൂട്ടിയത്. സി.ഐ. പെട്ടി പൂട്ടി താഴിട്ടു.
നവംബര്‍ എട്ടിന് ഉച്ചക്ക് 12ന് വിശിഷ്ട വ്യക്തികളെയും പൗരസമൂഹത്തെയും സാക്ഷിയാക്കി പെട്ടി തുറന്ന് ഇന്നലെ നിക്ഷേപിച്ച ഫലം വായിക്കും. തിരഞ്ഞെടുപ്പ് കൗതുകത്തോടൊപ്പം മാജിക് എന്ന കലയുടെ പ്രോത്സാഹനത്തിന് കൂടിയാണ് പ്രവചന പരിപാടി നടത്തുന്നത്. പ്രസ് ഫോറം പ്രസിഡന്റ് കെ.എം. ഷിനോജ്, സെക്രട്ടറി എ. ഷമീര്‍, ഗ്രാന്‍ഡ് ഡ്രേപ് എന്റര്‍ടെയിന്‍മെന്റ് ഡയറക്ടര്‍ ഫിറോസ് ഖാന്‍, ടി.കെ. ഹാരിസ്, അശോകന്‍ ഒഴക്കോടി, അബ്ദുള്ള പള്ളിയാല്‍, കെ.എസ്. സജയന്‍, സുരേഷ് തലപ്പുഴ, ബിജു കിഴക്കേടം, എ.ജെ. ചാക്കോ, എന്നിവര്‍ നേതൃത്വം നല്‍കി.