Connect with us

Malappuram

ബി ജെ പിയോടുള്ള കോണ്‍ഗ്രസ് മൃദുസമീപനം നാടിനാപത്ത്: കോടിയേരി

Published

|

Last Updated

മഞ്ചേരി: ബി ജെ പിയോടും കേന്ദ്രസര്‍ക്കാരിനോടും കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടി സര്‍ക്കാരും പുലര്‍ത്തുന്ന മൃദു സമീപനം നാടിന്നാപത്തെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഞ്ചേരിയില്‍ നടന്ന എല്‍ ഡി എഫ് – ഐ എന്‍ എല്‍ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ അഭിമാന സ്ഥാപനമായ ഡല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ് വിളമ്പിയെന്നാരോപിച്ച് റെയ്ഡ് നടത്തിയ പോലീസിന്റെ നടപടിയെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയായിരുന്നു. ഈ അനുഭവം തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര ഹൗസുകള്‍ക്കാണ് സംഭവിച്ചതെങ്കില്‍ അവര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ല. ബി ജെ പി ഭരണത്തില്‍ മൃഗങ്ങള്‍ ലഭിക്കുന്ന സുരക്ഷ മനുഷ്യ ജീവന് ലഭിക്കുന്നില്ല. ഗണപതിയുടെ വാഹനമെന്ന് ഒരു വിഭാഗം കരുതുന്ന എലിക്കും ഹനുമാന്റെ പ്രതിരൂപമെന്ന് കരുതുന്ന കുരങ്ങനും വിഷ്ണുവിന്റെ അവതാരമായി വിശ്വസിക്കപ്പെടുന്ന മത്സ്യത്തിനും നാട്ടില്‍ പൂര്‍ണ സംരക്ഷണമാണ്.
എന്നാല്‍ ദളിതരെ കൊലപ്പെടുത്തുന്നത് നിത്യസംഭവമായിരിക്കുകയാണ്.
സ്വതന്ത്രചിന്തകരെ വെടിവെച്ച് കൊല്ലുന്നു. എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മനുഷ്യന് ഇല്ലാതായിരിക്കുന്നു. ജനാധിപത്യത്തിനെതിരെ അസഹിഷ്ണുത വച്ചു പുലര്‍ത്തുന്ന ഭരണത്തിനെതിരെയുള്ള വികാരം വോട്ടുകളായി പ്രതിഫലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്‍ഡി എഫ് -ഐ എന്‍ എല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി ശ്രീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ടി കെ ഹംസ, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, അഡ്വ. പി എം സഫറുല്ല, അഡ്വ. പി പി ബാലകൃഷ്ണന്‍, അസൈന്‍ കാരാട്ടി, മേച്ചേരി ഹസ്സന്‍മാസ്റ്റര്‍, വി അജിത്കുമാര്‍ പ്രസംഗിച്ചു. പ്രൊഫ. പി ഗൗരി, പി പി മുഹമ്മദലി മാസ്റ്റര്‍, വി എം ഷൗക്കത്ത്, എം നിസാറലി, കെ ഉബൈദ്, ഐ ടി നജീബ്, ബാബു കാര്‍ത്തികേയന്‍, ടി ഖദീജ പങ്കെടുത്തു.