ക്ഷാമം തീര്‍ക്കാന്‍ മൈക്ക് സെറ്റുകള്‍ വീതം വെച്ച് പാര്‍ട്ടികള്‍

Posted on: November 2, 2015 9:13 am | Last updated: November 2, 2015 at 9:13 am
SHARE

കോട്ടക്കല്‍: മൈക്ക് സെറ്റിന്റെ ക്ഷാമം തീര്‍ക്കാന്‍ വീതംവെച്ച് പ്രചാരണം. തിരഞ്ഞെടുപ്പായതോടെ മൈക്ക് സെറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടതാണ് പുതിയ ആശയത്തിന് കാരണം. ഒരു ദിവസം ഒരു പാര്‍ട്ടിക്ക് അടുത്ത ദിവസം മറ്റൊരു പാര്‍ട്ടിക്ക്. രാവിലെ മുതല്‍ ഉച്ചവരെ ഒരാളിന്, തുടര്‍ന്ന് എതിര്‍ പാര്‍ട്ടിക്ക് എന്നിങ്ങനെയാണ് ഉപയോഗം. മൈക്ക്, ബോക്‌സ്, ജനറേറ്റര്‍ എന്നിവക്കാണ് ക്ഷാമം. ഇത് തീര്‍ക്കാനാണ് പുതിയ രീതി. ഇത് ഏറെ കുറെ ഫലം ചെയ്യുന്നുണ്ടെന്നാണ് ഇപ്പോഴത്തെ ആശ്വാസം. പഴയതും പുതിയതും ഉപയോഗത്തിലുണ്ടെങ്കിലും ശബ്ദം ആരേയും തൃപ്തിപ്പെടുത്തുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസം പ്രചാരണം അവസാനിച്ച ജില്ലകളില്‍ നിന്നും മലപ്പുറത്തേക്ക് മൈക്ക് സെറ്റുകള്‍ എത്തി തുടങ്ങി. കലാശക്കൊട്ടിന് കൂടുതല്‍ സംഭരിക്കാനാണ് പാര്‍ട്ടികളുടെ പരിപാടി. ഇങ്ങനെ എല്ലാമാണെങ്കിലും കനത്ത വിലയാണ് ഇതിനായി ഓപ്പറേറ്റര്‍മാര്‍ ഈടാക്കുന്നത്. ഇത് സ്ഥാനാര്‍ഥിയുടെ പ്രചാരണ ചെലവിനെ എങ്ങനെ ബാധിക്കുമെന്നതും പ്രശ്‌നമാണ്. പുതിയ രീതി പരീക്ഷിച്ചു തുടങ്ങിയതോടെ തെല്ലൊരാശ്വാസത്തിലാണ് പാര്‍ട്ടികള്‍.