Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കേരളാ കോണ്‍ഗ്രസിന് നിര്‍ണായകം

Published

|

Last Updated

കോട്ടയം: ബാര്‍കോഴ കേസില്‍ കെ എം മാണിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലുണ്ടായ വിവാദങ്ങള്‍ക്കിടെ നടക്കുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് കെ എം മാണിക്കും കേരള കോണ്‍ഗ്രസിനും ഏറെ നിര്‍ണായകം. കഴിഞ്ഞ രണ്ട് ദിവസമായി പാലാ നിയോജക മണ്ഡലത്തില്‍ മാത്രമായി കെ എം മാണി തന്റെ ഔദ്യോഗിക പരിപാടികള്‍ പരിമിതപ്പെടുത്തിയിരുന്നു. ഇന്നലെ കോട്ടയത്ത് എ കെ ആന്റണിയുടെ പ്രചാരണ യോഗത്തില്‍ മാണി പങ്കെടുത്തെങ്കിലും ഏറെ അസ്വസ്ഥനായാണ് കാണപ്പെട്ടത്. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം ഭയന്നാണ് പരിപാടികള്‍ റദ്ദാക്കുന്നതെന്നാണ് വിശദീകരണമെങ്കിലും, യു ഡി എഫിലെയും കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന്റെയും സമ്മര്‍ദമാണ് പിന്നിലെന്നാണ് സൂചന. മാണിക്കെതിരെ പ്രതിഷേധമുണ്ടായാല്‍ പോലീസ് നടത്തിയേക്കാവുന്ന ഇടപെടലുകള്‍ ചിലപ്പോള്‍ തിരഞ്ഞെടുപ്പില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുമെന്ന തിരിച്ചറിവും മാണിയെ സ്വന്തം തട്ടകമായ പാലായില്‍ നിന്ന് പുറത്തേ ക്കുള്ള യാത്രകള്‍ റദ്ദാക്കാന്‍ പ്രേരിപ്പിക്കുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാത്രമാണ് കെ എം മാണിയെ സംരക്ഷിക്കാന്‍ രംഗത്തുള്ളത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയും വി എം സുധീരനും തിരഞ്ഞെടുപ്പിന് ശേഷം ബാര്‍കോഴ കേസില്‍ നിലപാട് അറിയിക്കാമെന്ന നിലപാടുകാരാണ്. തിരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുചേര്‍ക്കുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസിലെ മാണിയൊഴികെയുള്ള എട്ട് എം എല്‍ എമാരില്‍ ആരും തന്നെ മാണിക്ക് പ്രതിരോധം തീര്‍ത്ത് പരസ്യമായി എത്താത്തതും ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസില്‍ ഉരുത്തിരിയുന്ന വ്യത്യസ്ത ചേരികളുടെ മൗനമായിട്ട് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. കേരള കോണ്‍ഗ്രസില്‍ മാണിയുടെ പിന്‍ഗാമിയാകാന്‍ ജോസ് കെ മാണി നടത്തിവരുന്ന ഇടപെടലുകളില്‍ ജോസഫ് വിഭാഗത്തിലെ ഭൂരിപക്ഷം നേതാക്കളും അസംതൃപ്തരാണ്. എന്നാല്‍ പരസ്യമായി ജോസ് കെ മാണിക്കെതിരെ രംഗത്തുവരാന്‍ ആരും തയ്യാറുമല്ല. ഈ അസ്വസ്ഥതകള്‍ പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞുനീറുമ്പോള്‍ മാണിക്കെതിരായ ബാര്‍ കോഴ വിവാദം നേതൃത്വത്തെ അടിക്കാനുള്ള വടിയാക്കാനാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആലോചിക്കുന്നത്. മധ്യകേരളത്തില്‍ യു ഡി എഫിന്റെ നെടുംതൂണായ കേരള കോണ്‍ഗ്രസിന് മാണിക്കെതിരായ വിവാദങ്ങള്‍ ചെറിയ തോതിലെങ്കിലും തിരഞ്ഞെടുപ്പില്‍ തിരിച്ചടി സമ്മാനിക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട അടക്കമുള്ള കേരള കോണ്‍ഗ്രസിന്റെ സ്വാധീന മേഖലകളില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങളുമായി സീറ്റുവിഭജനം അടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ഇത്തവണയും പ്രകടമായിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണ് ഒരുപരിധി വരെ പ്രാദേശികമായ തര്‍ക്കങ്ങള്‍ പരിഹരിച്ചത്.