ജന്‍ ഔഷധി യോജന നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിക്ക്

Posted on: November 2, 2015 3:56 am | Last updated: November 1, 2015 at 11:41 pm
SHARE

Jan_Aushadhiകൊച്ചി: പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കാനും അതുവഴി ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജന്‍ ഔഷധി യോജന പദ്ധതിയുടെ സംസ്ഥാനത്തെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നു. പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ തുറക്കേണ്ട നൂറ് ജന്‍ ഔഷധി യോജന ഔട്ട്‌ലെറ്റുകളുടെ (മെഡിക്കല്‍ സ്റ്റോര്‍) പ്രവര്‍ത്തനമാണ് പുതുതായി സ്ഥാപിതമായ സിസില്‍ റീട്ടെയ്ല്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ ഏല്‍പ്പിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ നടപ്പാക്കിവരുന്നതാണ് പദ്ധതി. ഔട്ട്‌ലെറ്റുകള്‍ വഴി പൊതുവായ മരുന്നുകള്‍ 16 ശതമാനം മുതല്‍ വിലക്കുറവില്‍ ഇതുവഴി ലഭ്യമാക്കും. ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ സ്ഥാപിച്ച ബ്യൂറോ ഓഫ് ഫാര്‍മ പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിംഗ്‌സ് ഓഫ് ഇന്ത്യന്‍ (ബി പി പി ഐ) എന്ന പ്രത്യേക വിഭാഗമാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. കമ്പനികളില്‍ നിന്ന് ഇടനിലക്കാരില്ലാതെ ഔട്ട്‌ലെറ്റുകളിലേക്ക് മരുന്ന് എത്തിക്കുക വഴി വില കുറച്ച് നല്‍കാന്‍ സാധിക്കും. തൊഴിലില്ലാത്ത ഫാര്‍മസിസ്റ്റുകള്‍, ഡാക്ടര്‍മാര്‍, റജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ്, എന്‍ ജി ഒ, ആശുപത്രികള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, ട്രസ്റ്റ്, സൊസൈറ്റികള്‍, സ്വയം സഹായ സംഘങ്ങള്‍, സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദേശിക്കുന്ന ഏജന്‍സികള്‍ എന്നിവ വഴി പദ്ധതി നടപ്പിലാക്കണമെന്നായിരുന്നു നിര്‍ദേശം.
സ്റ്റോര്‍ തുടങ്ങാനുള്ള സ്ഥലവും സൗകര്യവും ഇതിനുള്ള ഡ്രഗ് ലൈസന്‍സുള്‍പ്പെടെയുള്ള നിയമാനുസൃത ലൈസന്‍സുകളും എടുത്താല്‍ മെഡിക്കല്‍ ഷോപ്പ് തുടങ്ങാന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. സ്വന്തമായുള്ളതോ വാടകക്കോ ലീസിനോ ആയി എടുത്ത 120 ചതുരശ്ര അടിയുള്ള മുറിയും മരുന്നുകള്‍ ചില്ലറ വില്‍പ്പനക്കുള്ള അനുമതി പത്രവും ടിന്‍ നമ്പറുമെടുത്ത് അപേക്ഷ നല്‍കിയാല്‍ ഒറ്റ സംരംഭകനാണെങ്കില്‍ ഒരു ലക്ഷം രൂപയും ഒന്നില്‍ കൂടുതല്‍ സംരംഭകരാണെങ്കില്‍ രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ സഹായം ലഭിക്കും. ഇതിനു പുറമേ ഒരു ഔട്ട്‌ലറ്റിന് കമ്പ്യൂട്ടറും മറ്റ് അനുബന്ധ സാധനങ്ങള്‍ക്കുമായി 50,000 രൂപയും നല്‍കും.
കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകള്‍ക്കും നീതി സ്റ്റോറുകള്‍ നടത്തിവരുന്ന സഹകരണ സ്ഥാപനങ്ങള്‍ക്കുമെല്ലാം പ്രയോജനപ്പെടുത്താന്‍ കഴിയുമായിരുന്ന പദ്ധതിയാണ് ഇപ്പോള്‍ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിന് നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം സിസില്‍ ഗ്രൂപ്പുമായി ജന്‍ ഔഷധി ഒപ്പുവെച്ച് കഴിഞ്ഞു. ഇനി പദ്ധതിയുടെ കീഴില്‍ സ്റ്റോര്‍ തുടങ്ങണമെങ്കില്‍ സിസില്‍ ഗ്രൂപ്പ് തുടങ്ങാനിരിക്കുന്ന എന്റെ കട എന്ന പേരിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ സംരംഭകനാകണം. ഇതിനാകട്ടെ വന്‍ തുക നല്‍കേണ്ടിവരും.
ജന്‍ ഔഷധി ഔട്ട്‌ലെറ്റ് തുടങ്ങാന്‍ 120 സ്‌ക്വയര്‍ഫീറ്റ് റൂം മതി എന്നതാണ് നിയമമെന്നിരിക്കെ സിസില്‍ ഗ്രൂപ്പിനായി 500 സ്‌ക്വയര്‍ഫിറ്റിന് മുകളില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ മുറിയെടുത്ത് നല്‍കണം. 6.92 ലക്ഷം രൂപ മുതല്‍ 16.42 ലക്ഷം രൂപ വരെ സിസില്‍ ഗ്രൂപ്പിന് മുന്‍കൂറായി അടച്ചാല്‍ മാത്രമേ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ജന്‍ ഔഷധി യോജന ഔട്ട്‌ലറ്റ് കേരളത്തില്‍ ഒരാള്‍ക്ക് തുടങ്ങാനാകൂ. അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ സംരംഭമായി തുടങ്ങേണ്ടിയിരുന്ന പദ്ധതിയാണ് സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാന്‍ വിട്ടുനല്‍കിയിരിക്കുന്നത്. സ്റ്റോര്‍ തുടങ്ങുന്നതിന് 2.50 ലക്ഷം രൂപവരെ സബ്‌സിഡി നല്‍കുന്ന പദ്ധതി ചിലരുടെ ഒത്താശയോടെ സ്വകാര്യ കമ്പനിക്ക് കൈമാറിയെന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here