കരുതലും മെയ്‌വഴക്കവും

Posted on: November 2, 2015 5:10 am | Last updated: November 1, 2015 at 8:12 pm
SHARE

oommenchandiവികസനവും കരുതലും – നാലരയാണ്ട് മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറുമ്പോള്‍ മുന്നോട്ടുവെച്ച വാഗ്ദാനം അതായിരുന്നു. യു ഡി എഫിന്റെയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും വികസന കാഴ്ചപ്പാട് എന്ത് എന്നതില്‍ ആര്‍ക്കും അവ്യക്തതയുണ്ടാകാന്‍ തരമില്ല. വിപണിയധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ സര്‍വ വിധത്തിലും പ്രോത്സാഹിപ്പിക്കുക എന്നതാണവരുടെ വികസന കാഴ്ചപ്പാട്. അതിനുതകും വിധത്തിലുള്ള ചെറുകിട – ഇടത്തരം – വന്‍കിട പദ്ധതികള്‍ അവര്‍ ആവിഷ്‌കരിക്കും. അധികൃതവും അനധികൃതവുമായ പണത്തിന്റെ ഒഴുക്കിന് വേഗം കൂട്ടുകയും ചെയ്യും. സാമ്പത്തിക അച്ചടക്കമോ വരുമാനത്തിന് ആനുപാതികമായി ചെലവഴിക്കുന്ന രീതിയോ സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യമോ വിഷയമാകാറേ ഇല്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതേ പാത പിന്തുടരുന്നു. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റിയുടെ തുടര്‍ച്ച, കണ്ണൂര്‍ വിമാനത്താവളം പ്രാവര്‍ത്തികമാക്കല്‍, ആറന്‍മുള വിമാനത്താവളത്തിനായുള്ള ശ്രമം തുടരല്‍ എന്നിങ്ങനെയുള്ള വന്‍കിട പദ്ധതികളാണ് അവരുടെ മുന്‍ഗണനാ ക്രമത്തില്‍. ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കവെയുള്ള കമ്മീഷനുകള്‍, പദ്ധതികളുടെ പിന്നാമ്പുറത്ത് അരങ്ങേറുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കൈമറിയുന്ന പണത്തിന്റെ വിഹിതം എന്നിങ്ങനെ പലവിധം ‘ലാഭം’ പല കൈകളില്‍ എത്തുകയും ചെയ്യും. വലിയ പദ്ധതികള്‍ നടപ്പാക്കിയെന്ന അവകാശവാദം ഉന്നയിക്കാനും അതിന്റെ തെളിവുകള്‍ ഹാജരാക്കാനും സര്‍ക്കാറിന് സാധിക്കുകയും ചെയ്യും. ഇപ്പറഞ്ഞ വന്‍കിട പദ്ധതികളൊക്കെ കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്. പക്ഷേ, തര്‍ക്കങ്ങളും തടസ്സങ്ങളും മറികടന്ന് ഇവയുമായി മുന്നോട്ടുപോകാനുള്ള മെയ് വഴക്കം ഇടത് സര്‍ക്കാറിന് ഉണ്ടായില്ല, അവര്‍ക്കത് ഒരു കാലത്തുമുണ്ടായിട്ടുമില്ല. മികച്ച വ്യവസായ മന്ത്രിയെന്ന് എളമരം കരീമിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി പലകുറി വിശേഷിപ്പിച്ചുവെങ്കിലും ആ നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാറിന് സാധിച്ചില്ല.
കരുതലിന്റെ കാര്യത്തിലും ഈ വ്യത്യാസം പ്രകടമാണ്. പ്രതിപക്ഷത്തിരിക്കെപ്പോലും കരുതലിന്റെ കാര്യത്തില്‍ ഇടതുപക്ഷം പ്രത്യേകിച്ച് സി പി എം പിന്നാക്കമാണെന്ന് പറയേണ്ടിവരും. നാലര വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും ഉമ്മന്‍ ചാണ്ടി തന്നെയും എടുത്ത കരുതലുകള്‍ വിശദീകരിച്ചാലേ പ്രതിപക്ഷത്തിന്റെ കരുതലില്ലായ്മ എത്രത്തോളമെന്ന് മനസ്സിലാക്കാനാകൂ. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ യു ഡി എഫിന്റെ രൂപവത്കരണ കാലം മുതലുള്ള പ്രമുഖ നേതാവ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. അഴിമതിക്കേസിലാണ് ശിക്ഷിക്കപ്പെട്ടത് എങ്കിലും രാഷ്ട്രീയ തടവുകാരന് നല്‍കുന്ന സൗകര്യങ്ങള്‍ അദ്ദേഹത്തിന് ജയിലില്‍ ഉറപ്പാക്കാനുള്ള കരുതല്‍ ഇടതുമുന്നണി സര്‍ക്കാറും അതില്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനും എടുത്തിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിറകെ അദ്ദേഹത്തിന്റെ ആരോഗ്യത്തിലുള്ള കരുതല്‍ മുന്‍നിര്‍ത്തി തടവുമുറി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷാകാലാവധി കുറച്ച് അദ്ദേഹത്തെ തടവില്‍ നിന്ന് മോചിപ്പിക്കാനുള്ള കരുതലുമെടുത്തു.
പിന്നെ കരുതല്‍ കണ്ടത്, ജയില്‍ മോചിതനായ നേതാവിന്റെ മകനും അന്ന് മന്ത്രിയുമായിരുന്ന വ്യക്തിയുടെ കാര്യത്തിലാണ്. ഗാര്‍ഹിക പീഡനത്തിന് മന്ത്രിക്കെതിരെ ഭാര്യ പരാതി കൊടുത്തു. മന്ത്രിയുടെ മര്‍ദനത്തില്‍ ഒടിഞ്ഞ കൈയുമായി ഭാര്യയും ഭാര്യയുടെ മര്‍ദനത്തില്‍ പരുക്കേറ്റ മുഖവുമായി മന്ത്രിയും രംഗത്തെത്തി. സ്ഥിതി വഷളാകുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെടുത്ത കരുതല്‍ അനിതരസാധാരണമായിരുന്നു. രണ്ട് കൂട്ടരുമായും സംസാരിച്ച് കോടതിക്ക് പുറത്ത് വിവാഹമോചനം സാധ്യമാക്കുന്നതില്‍ ആര്‍ക്കും സാധ്യമാകാത്ത കൈയടക്കം. ഈ മന്ത്രി പിന്നീട് രാജിവെച്ച് യു ഡി എഫ് വിട്ടപ്പോള്‍ പഴയതില്‍ പതിരില്ലാത്തത് പുറത്ത് പറയാതിരിക്കാന്‍ പഴയ കേസിന്റെ നിര്‍ണായക വിവരങ്ങള്‍ കൈവശം വെക്കാനുള്ള കരുതലും മുഖ്യമന്ത്രിക്കുണ്ടായിരുന്നു. സോളാറിലും മറ്റും ഇദ്ദേഹത്തിനറിയാവുന്ന വിവരങ്ങള്‍ പുറത്ത് വരാതിരിക്കുന്നതിലും ഏറെ വൈകി പുറത്തുവന്നപ്പോഴേക്കും അതിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നതിലും ഈ കരുതല്‍ വലിയ പങ്കാണ് വഹിച്ചത്.
പാമൊലിന്‍ അഴിമതിക്കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടപ്പോള്‍, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ആലോചിക്കുന്നുവെന്ന സൂചന നല്‍കി ഘടകകക്ഷികളെക്കൊണ്ട് ‘അയ്യോ രാജിവെക്കല്ലേ’ എന്ന സംഘഗാനം പാടിക്കുന്നതിലും വിജിലന്‍സ് ഒഴിയണമെന്ന ആവശ്യം പ്രതിപക്ഷത്തെക്കൊണ്ട് ഉന്നയിപ്പിക്കുന്നതിലും കാട്ടിയ കൈയടക്കവും നിഴലിനെപ്പോലെ വിശ്വസ്തനായ ഒരാള്‍ക്ക് വിജിലന്‍സ് കൈമാറാന്‍ കാട്ടിയ കരുതലും എടുത്തുപറയേണ്ടതാണ്.
പാറ്റൂര്‍, കളമശ്ശേരി ഭൂമി ഇടപാടുകള്‍, സോളാര്‍ പദ്ധതിയുടെ മറവില്‍ വലിയ തട്ടിപ്പിന് ശ്രമം നടന്നുവെന്ന ആക്ഷേപം, തട്ടിപ്പിന് ശ്രമിച്ചവരില്‍ പലര്‍ക്കും മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ ഓഫീസുമായോ ബന്ധവും അടുപ്പവുമുണ്ടായിരുന്നുവെന്ന ആരോപണം, ഇവയിലൊക്കെ ഉമ്മന്‍ ചാണ്ടി കാട്ടിയ കരുതല്‍ മുമ്പാരും കണ്ടിട്ടുണ്ടാകില്ല, ഇനിയാരും കാണാനും പോകുന്നില്ല. ദിനംതോറും ‘രേഖ’കള്‍ പുറത്തുവിട്ട് മാധ്യമങ്ങളും അതൊക്കെ ഏറ്റുപിടിച്ച് പ്രതിപക്ഷവും ഇനിയും പുറത്തുവരാനുള്ള ‘രേഖ’കളൊക്കെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട ബി ജെ പി നേതാവും ഇതിനൊക്കെ പുറമെ കോണ്‍ഗ്രസിലെ എതിര്‍ ഗ്രൂപ്പും പോരിനിറങ്ങിയപ്പോഴും അചഞ്ചലമായി നിസ്‌തോഭമായി നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന ആപ്തവാക്യം ഉരുവിട്ട് തുടരാന്‍ അദ്ദേഹത്തിന് സാധിച്ചതിന് പിറകിലെ കരുതല്‍ എത്ര വലുതായിരിക്കും!
ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ നിലവാരമില്ലാത്തവക്ക് ലൈസന്‍സ് പുതുക്കിക്കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ വി എം സുധീരന്‍ ശ്രമിച്ചപ്പോഴും കരുതലിന്റെ മികവ് കണ്ടു. പഞ്ചനക്ഷത്രമൊഴികെ ബാറുകളുടെയൊന്നും ലൈസന്‍സ് പുതുക്കേണ്ടെന്ന് പൊടുന്നനെ തീരുമാനിച്ച് സകലരെയും പ്രതിരോധത്തിലാക്കിയ കരുതല്‍. അതിന്റെ തുടര്‍ച്ചയായി ബാര്‍കോഴയാരോപണം വന്നപ്പോഴും കരുതലിന്റെ മിന്നലുണ്ടായി. ആരോപണമുന്നയിച്ചവരെ ഭിന്നിപ്പിച്ച് കേസ് ദുര്‍ബലമാക്കിയ കരുതല്‍ ആദ്യം. വിചാരണക്ക് യോഗ്യമല്ലാത്ത കേസെന്ന് വിജിലന്‍സിനെക്കൊണ്ട് കോടതിയെ ധരിപ്പിക്കാനും കരുതലുണ്ടായി. അത് കോടതി തള്ളിയപ്പോള്‍, പാമൊലിന്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ താന്‍ രാജിവെച്ചിട്ടില്ല പിന്നെ എങ്ങനെ മാണിയോട് രാജി ആവശ്യപ്പെടുമെന്ന് ചോദ്യം. മന്ത്രിസഭയിലെ പലര്‍ക്കെതിരെയും തുടരന്വേഷണമോ അന്വേഷണമോ പ്രഖ്യാപിക്കാനിടയുണ്ടെന്നും അതിനാല്‍ താന്‍ രാജി നല്‍കിയൊരു കീഴ്‌വഴക്കമുണ്ടാക്കരുതെന്നുമുള്ള കരുതല്‍ മുമ്പാര്‍ക്കെങ്കിലും സാധ്യമായതാണോ?
ഇതിനോടാണ് ഇടതുമുന്നണി മത്സരിച്ചത്. പാമൊലിന്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ രാജി തേടണമോ വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെടണമോ എന്നതില്‍ കരുതലോടെ തീരുമാനമെടുക്കാന്‍ അവര്‍ക്കായില്ല. സോളാറില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് അനിശ്ചിതകാലത്തേക്ക് വളയാന്‍ തീരുമാനിച്ചപ്പോള്‍, സമരത്തിനെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യമൊരുക്കണമെന്ന കരുതല്‍ എല്‍ ഡി എഫിന് (സി പി എമ്മിന് എന്ന് വായിച്ചാല്‍ മതിയാകും) ഉണ്ടായില്ല. സമരം 24 മണിക്കൂര്‍ പിന്നിടുമ്പോഴേക്കും പിന്‍വലിച്ചതോടെ ഒത്തുതീര്‍പ്പല്ലേ എന്നതിനെച്ചൊല്ലിയായി തര്‍ക്കം. സോളാര്‍ തട്ടിപ്പിനേക്കാള്‍ പ്രാധാന്യം ഒത്തുതീര്‍പ്പ് സമരമെന്ന ആരോപണത്തിന് കിട്ടുന്ന അവസ്ഥ ഒഴിവാക്കാനുള്ള കരുതലുമുണ്ടായില്ല. ഇതിനൊപ്പമാണ് കെ എം മാണിയുമായി അടുക്കാന്‍ സി പി എം ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നത്. പാര്‍ട്ടി പ്ലീനത്തില്‍ സാമ്പത്തിക വിദഗ്ധനായി മാണിയെ അവതരിപ്പിച്ചത് ഈ ആക്ഷേപത്തിന് ഊര്‍ജവും നല്‍കി. വൈദഗ്ധ്യത്തെക്കുറിച്ചുള്ള പാര്‍ട്ടി വിലയിരുത്തലില്‍ കരുതലുണ്ടായില്ലെന്ന് സി പി എമ്മിന് വൈകാതെ ബോധ്യപ്പെട്ടു. അത് ബോധ്യപ്പെടാനെടുത്ത സമയവും ഒത്തുതീര്‍പ്പ് സമരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കരുത്തേകി. സമയമെടുത്ത് ബോധ്യപ്പെട്ട ശേഷം, നിയമസഭയില്‍ കരുത്ത് പ്രകടിപ്പിക്കാന്‍ തയ്യാറായപ്പോള്‍ ‘ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍’ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള കരുതല്‍ കൈമോശം വന്നു.
ഇത്തരം കരുതലില്ലായ്മകള്‍ക്കിടയില്‍ നരേന്ദ്ര മോദി ‘പ്രഭാവ’ത്തില്‍ പ്രലോഭിതരായി അനുഭാവികളില്‍ വലിയൊരു വിഭാഗം കാവിയിലേക്ക് ചായുന്നത് കാണാനുള്ള കരുതലും ഇല്ലാതെ പോയി. അഞ്ചാണ്ട് കഴിഞ്ഞാല്‍ ഭരണം മാറുമെന്ന പതിവ് തുടരുമെന്നും കോട്ടകളൊക്കെ ഭദ്രമാണെന്നുമുള്ള അമിത ആത്മവിശ്വാസം നല്‍കിയ കരുതലില്ലായ്മ. സര്‍ക്കാറിനെതിരെ ഉയരുന്ന ഏത് ആരോപണങ്ങളിലും ഇടപെടുകയും അത് ആഭ്യന്തര പ്രശ്‌നമായി മാറ്റുകയും ചെയ്യുന്നതിലായിരുന്നു ഇടതിന് വിശിഷ്യാ സി പി എമ്മിന് കരുതലെന്ന് തന്നെ വിലയിരുത്തേണ്ടിവരും. കശുവണ്ടി കോര്‍പറേഷന് പണം നല്‍കുന്നില്ലെന്ന് ആരോപിച്ച് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍ സമരം തുടങ്ങിയപ്പോള്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഓടിച്ചെന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഓര്‍ക്കുക. ചന്ദ്രശേഖരന്റെ സമരം അഴിമതി മൂടിവെക്കാനാണെന്ന് സി പി എമ്മില്‍ നിന്ന് തന്നെ പിന്നീട് ആരോപണമുണ്ടായി. അതോടെ അഴിമതിയാരോപണങ്ങളെപ്പോലും അപ്രസക്തമാക്കി, സി പി എമ്മിന്റെ നിലപാട് തര്‍ക്കവിഷയമായി. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസിലെ സീറ്റ് വിതരണത്തെക്കുറിച്ച് ദുസ്സൂചനകള്‍ നല്‍കി ചെറിയാന്‍ ഫിലിപ്പ് പരാമര്‍ശം നടത്തിയപ്പോള്‍ ഭിന്ന പ്രതികരണങ്ങള്‍ നടത്തിയ സി പി എം നേതാക്കള്‍, പ്രശ്‌നം തങ്ങളുടെ ആഭ്യന്തര തര്‍ക്കമാക്കാനുള്ള കരുതലാണ് കാട്ടിയത്.
ഇതൊക്കെയാണെങ്കിലും ബി ജെ പിയുമായി കൂട്ടുകൂടാന്‍ എസ് എന്‍ ഡി പി ശ്രമിക്കുകയും അത് സാധ്യമാക്കി കേരളത്തില്‍ കാലുറപ്പിക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുകയും ചെയ്തപ്പോള്‍ യഥാര്‍ഥ കരുതലുണ്ടായത് ഇടതു മുന്നണിയുടെ (സി പി എമ്മിന്റെ) ഭാഗത്തു നിന്നായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിന്റെ ഒത്താശയോടെ ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടായപ്പോഴും കൂടുതല്‍ കരുതല്‍ ഇടത് മുന്നണിക്കായിരുന്നു. അത്രത്തോളം കരുതലെടുക്കാന്‍ യു ഡി എഫോ കോണ്‍ഗ്രസോ കോണ്‍ഗ്രസിന്റെ നേതാക്കള്‍ തയ്യാറായതുമില്ല.
കേരളത്തില്‍ ഭരണത്തുടര്‍ച്ചക്കുള്ള വികസനവും കരുതലുമായെന്നാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും അദ്ദേഹത്തോട് വിയോജിപ്പുണ്ടെങ്കിലും ഇതര ഗ്രൂപ്പുകാരും വിലയിരുത്തുന്നത്. അതിനെ ചെറുക്കാന്‍ പാകത്തിലുള്ള കരുതല്‍ (വികസനമുണ്ടായിട്ടില്ലെന്നത് തീര്‍ച്ച, മുന്നണി തന്നെ ശോഷിച്ചല്ലോ) ഇടതുപക്ഷത്തിനുണ്ടോ എന്നതു കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പരിശോധിക്കപ്പെടുക. സ്വന്തം കളം മായ്ക്കാനുള്ള കരുതല്‍ കാണിച്ചില്ലായിരുന്നുവെങ്കില്‍ ഈ പരിശോധനയില്‍ ബി ജെ പിക്ക് കുറേകൂടി വലിയ പങ്കുണ്ടാകുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here