സമ്പൂര്‍ണ നീതി ലഭ്യമാക്കണം

Posted on: November 2, 2015 5:45 am | Last updated: November 1, 2015 at 8:09 pm
SHARE

അസമയത്ത് ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ഗേറ്റ് തുറക്കാതിരുന്നതിന് പ്രതികാരബുദ്ധ്യാ സെക്യൂരിറ്റിയെ അതിവേഗതയില്‍ ‘ഹമ്മര്‍’ ജീപ്പ് ഓടിച്ച് ഇടിച്ചിടുകയും ബാറ്റന്‍കൊണ്ട് മര്‍ദിക്കുകയും മാര്‍ബിള്‍തറയില്‍ വീണ അദ്ദേഹത്തിന്റെ നെഞ്ചില്‍ ചവിട്ടി വലിച്ചിഴക്കുകയും ചെയ്ത ഒരു ക്രിമിനലിനെതിരായ കേസില്‍ പ്രധാന സാക്ഷി മൊഴിമാറ്റം നടത്തുക, പിന്നീട്, അടുത്ത ദിവസം തന്നെ മാനസാന്തരപ്പെട്ട് മൊഴിമാറ്റം നടത്തിയതില്‍ ഖേദിക്കുക- ഈ സംഭവങ്ങള്‍ നടുക്കത്തോടെയാണ് കഴിഞ്ഞ വാരം കേരളം കാതോര്‍ത്തത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടി പി അനില്‍കുമാര്‍ രേഖപ്പെടുത്തിയ മൊഴിയാണ് പ്രധാന സാക്ഷി മാറ്റിപ്പറഞ്ഞതും, പിന്നീട് പഴയ മൊഴിയിലേക്ക് തിരിച്ചുവന്നതും. ഒരു കേസില്‍ പ്രോസിക്യൂഷന്റെ മുഖ്യസാക്ഷിയുടെ മൊഴി അതിപ്രധാനമാണ്. അതിന്മേല്‍ നടത്തുന്ന കസര്‍ത്തുകള്‍ കേസിനെ പ്രതികൂലമായി ബാധിക്കുന്നതാണ്. എന്നാല്‍, രണ്ടാം ദിവസം കേസ് വിസ്താരം പുനരാരംഭിച്ചപ്പോഴാണ് സാക്ഷി തികച്ചും നാടകീയമായി പ്രോസിക്യൂഷന്റെ ഭാഗത്തേക്ക് തിരിച്ചു വന്നത്. പ്രതിയുടെ സഹോദരന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി സാക്ഷി കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് രഹസ്യമൊഴിയില്‍ ഉള്ളതുപോലെ കോടതിയില്‍ ആവര്‍ത്തിക്കുകയും ചെയ്തു. അതവിടെ നില്‍ക്കട്ടെ. നമ്മുടെ കൊച്ചു കേരളം ഏറെ കേട്ടു തഴമ്പിച്ച ‘നിയമം നിയമത്തിന്റെ വഴിയില്‍ പോകു’മെന്ന് നമുക്ക് ആശ്വസിക്കാം.
കൊലക്കേസില്‍ സത്യസന്ധവും നിര്‍ഭയവുമായി മൊഴി നല്‍കാന്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബന്ധപ്പെട്ട മേഖലാ ഐ ജിക്ക് നിര്‍ദേശം നല്‍കിയെന്ന് കാണുന്നത്, ആത്മാര്‍ഥമാണെങ്കില്‍ സത്യവും നീതിയും പുലരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ്. ഒരു കേസിലും സാക്ഷികള്‍ കൂറുമാറാത്ത വിധം ശിക്ഷാ നടപടി ആവശ്യപ്പെട്ട് ഒരു ഹരജി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ മുന്നിലുണ്ട്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേസന്വേഷിച്ച പേരാമംഗലം സി ഐയും അപേക്ഷ നല്‍കിയിട്ടുണ്ട്. ഏതൊരു കേസിന്റേയും സത്യസന്ധവും നീതിപൂര്‍വകവുമായ നടത്തിപ്പിന് സാക്ഷിമൊഴിക്കും തെളിവുകള്‍ക്കും പ്രധാന സ്ഥാനമുണ്ട്. ഈ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ക്ക് ആഭ്യന്തരമന്ത്രി പറഞ്ഞത് പോലെ സംരക്ഷണം നല്‍കേണ്ടതുണ്ട്.
ഒരു കേസില്‍ പ്രതിസ്ഥാനത്തുള്ളവര്‍ അറിയപ്പെടുന്ന ക്രിമിനലുകളോ രാഷ്ട്രീയ- സാമ്പത്തിക സ്വാധീനമുള്ളവരോ ആണെങ്കില്‍ പലപ്പോഴും കേസ് നടത്തിപ്പ് ദുര്‍ബലമോ എളുപ്പം പൊളിച്ചടക്കാവുന്ന തെളിവുകളോ വെച്ചാകും. എല്ലാ കേസുകളിലും ഇതാണ് സംഭവിക്കുന്നതെന്ന് ആരോപിക്കാനാവില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട പല കേസുകളിലും ഇത് കണ്ടെത്താന്‍ പ്രയാസമില്ല. ചന്ദ്രബോസ് വധക്കേസില്‍ മൊഴിമാറ്റത്തിലൂടെ പ്രധാന സാക്ഷി നീതി നിയമ വാഴ്ചയെ മാനിക്കുന്നവരെ ആശങ്കയില്‍ നിര്‍ത്തിയതിന് കാരണമായി പറഞ്ഞത് ഭീഷണിയാണ്. ഈ മൊഴിമാറ്റത്തിന് സമൂഹത്തില്‍ നിന്നുണ്ടായ പ്രതികരണം അതിശയകരമായിരുന്നു. അതോടൊപ്പം സാക്ഷിയില്‍ കുറ്റബോധവും ഉളവാക്കി. ഭാര്യയേയും മക്കളേയും വകവരുത്തുമെന്ന ഭീഷണി ഒരു വശത്ത്. രാത്രിയിലും ഡ്യൂട്ടിക്ക് പോകേണ്ട അവസ്ഥ. ഇതെല്ലാം ആരിലും കടുത്ത മാനസിക സംഘര്‍ഷം ഉളവാക്കും. എത്ര സത്യസന്ധനെങ്കിലും ക്രിമിനല്‍, ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം മറികടക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. അപ്പോള്‍ മനഃസാക്ഷിയെ വഞ്ചിക്കാന്‍ പ്രേരിതനാകുന്നു. അതേസമയം, ഇത് സൃഷ്ടിക്കുന്ന കുറ്റബോധം മനഃസാക്ഷിയെ നിരന്തരം വേട്ടയാടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ കേസുകളുടെ സത്യസന്ധവും നീതിപൂര്‍വകവുമായ നടത്തിപ്പിന് പ്രോസിക്യൂഷന്‍ സാക്ഷികള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയേ മതിയാവൂ. മാറാട് കേസ്, ടി പി ചന്ദ്രശേഖരന്‍ കേസ് എന്നിവയുടെ നടത്തിപ്പില്‍ പ്രകടമായ കൂട്ട കൂറുമാറ്റം അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
ഇത്തരം സംഭവങ്ങളെ തുറന്നുകാണിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ പല കോണുകളില്‍ നിന്നും അമര്‍ഷം ഉയരാറുണ്ട്. ചന്ദ്രബോസ് കൊലക്കേസിന്റെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യം തന്നെ ഉയര്‍ന്നു. മാധ്യമങ്ങള്‍ അവരുടെ ധര്‍മം നിര്‍വഹിക്കട്ടെയെന്ന് കോടതി നിരീക്ഷിച്ചതോടെ എല്ലാവരും പത്തിമടക്കി. കോടതി ഹാളില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളുകയും ചെയ്തു. സംസ്ഥാനത്തെ നടുക്കിയ ചന്ദ്രബോസ് കൊലക്കേസില്‍ യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണം. അതോടൊപ്പം മൃഗീയമായി കൊല ചെയ്യപ്പെട്ട ആളുടെ കുടുംബത്തിന് സമ്പൂര്‍ണ നീതി ലഭിക്കുകയും വേണം.