Connect with us

Ongoing News

സാനിയ- ഹിംഗിസ് സഖ്യത്തിന് കിരീടം

Published

|

Last Updated

സിംഗപ്പൂര്‍: ലോക ഒന്നാം നമ്പര്‍ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് സിംഗപ്പൂര്‍ ഡബ്യു ടി എ ഫൈനല്‍സ് ഡബിള്‍സ് കിരീടം. ഫൈനല്‍ പോരില്‍ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ- കാര്‍ലാ സുവാരസ് നവോരോ സഖ്യത്തെ കീഴടക്കിയാണ് ഇന്തോ- സ്വിസ് സഖ്യം കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു ഇവരുടെ വിജയം. സ്‌കോര്‍: 6-0, 6-3.
ഈ വര്‍ഷം ഇരുവരും നേടുന്ന ഒന്‍പതാം ഡബിള്‍സ് കിരീടമാണിത്. ഒരു സെറ്റും വഴങ്ങാതെയാണ് സാനിയ- ഹിംഗിസ് സഖ്യം ഫൈനലില്‍ എത്തിയത്. തോല്‍വിയറിയാതെ തുടര്‍ച്ചയായ 22 മത്സരങ്ങളും ഇരുവരും പൂര്‍ത്തിയാക്കി. സിന്‍സിനാറ്റി ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ചാന്‍ സഹോദരിമാരോടാണ് ഇവര്‍ അവസാനമായി തോല്‍വി വഴങ്ങിയത്.
മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും സാനിയ സഖ്യത്തിന് വെല്ലുവിളിയുയര്‍ത്താന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല. നേരത്തെ ചൈനീസ് തായ്‌പേയ്‌യുടെ ചാന്‍ ഹാവോ ചിംഗ്- ചാന്‍ യുംഗ് ജാന്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് സാനിയ സഖ്യം ഫൈനലില്‍ കടന്നത്.
നിലവിലെ യു എസ് ഓപണ്‍, വിംബിള്‍ഡന്‍ ഡബിള്‍സ് ചാമ്പ്യന്മാരായ സാനിയ- ഹിംഗിസ് സഖ്യം ഈ സീസണില്‍ ഇതുവരെ ഒമ്പത് കിരീടങ്ങള്‍ നേടിക്കഴിഞ്ഞു. ഇതോടെ കരിയറില്‍ 50 ഡ ബ്ലു ടി എ കിരീടങ്ങള്‍ എന്ന നേട്ടം മാര്‍ട്ടിന ഹിംഗിസ് സ്വന്തമാക്കി. 15 താരങ്ങള്‍ മാത്രമാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചത്.