Connect with us

Kerala

മാണിക്കെതിരായ വിധി: ഉചിതമായ സമയത്ത് ചര്‍ച്ച ചെയ്യുമെന്ന് എ കെ ആന്റണി

Published

|

Last Updated

കോട്ടയം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിവിധി ഉചിതമായ സമയത്ത് ചര്‍ച്ചചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വിജിലന്‍സ് കോടതി വിധി സ്വാഗതം ചെയ്യുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് മാണിയാണ്. സ്വമനസാലെയുള്ള രാജി വ്യക്തിനിഷ്ഠം തന്നെയാണെന്നും കോട്ടയം പ്രസ്‌ക്ലബിന്റെ ത്രിതലം 2015 ല്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. മാണിക്കെതിരായ കോടതി വിധിമൂലം കേരള ജനത തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് എതിരാകില്ല. സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന സംഭവമാണിത്. അന്നത്തെ ക്രൈംബ്രാഞ്ച് അന്വേഷണം സംഘം നല്‍കിയ റിപ്പോര്‍ട്ട് മുങ്ങി മരണമാണെന്നായിരുന്നു. ഒരിക്കല്‍ ക്രൈംബ്രാഞ്ച് അവസാനിപ്പിച്ച കേസ് വീണ്ടും അതേ ഏജന്‍സി തന്നെ അന്വേഷിക്കുന്നത് യോജിച്ചതാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചേദ്യത്തിന് മുന്‍പും ഇത്തരം കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടുണ്ട്, ഇതൊരു പുതുമയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും സംസ്ഥാനത്ത് എല്‍ ഡി എഫ് നിഷ്പ്രഭമായിക്കൊണ്ടിരിക്കുകയാണെന്നും ആന്റണി പറഞ്ഞു. എല്‍ ഡി എഫ് ഭരണത്തിന്‍ കീഴില്‍ വികസനം ഉണ്ടാകില്ലെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. യുവാക്കളില്‍ വന്ന മാറ്റം മനസിലാക്കുവാന്‍ സി പിഎമ്മിനും എല്‍ ഡി എഫിനും കഴിഞ്ഞിട്ടില്ല.
ചാതുര്‍വര്‍ണ്യ കാലഘട്ടം അവസാനിച്ചുവെന്ന് ഇവര്‍ മനസിലാക്കണം. പരമ്പരാഗത തൊഴില്‍ ചെയ്തു വരുന്നവരുടെ മക്കള്‍ ഇന്ന് ആ ജോലി തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഇത് മനസിലാക്കാന്‍ എല്‍ ഡി എഫിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് അവരുടെ പരാജയത്തിന് കാരണമാകും. ഇതിന് തെളിവാണ് ഭരണത്തിന്റെ അവസാന നാളുകളില്‍ നില്‍ക്കുമ്പോഴും യു ഡി എഫിന് ലഭിക്കുന്ന ജനപിന്തുണ. കഴിഞ്ഞ നാല് തിരഞ്ഞെടുിപ്പുകളിലെ വിജയം ഇതിന് ഉദാഹരണമാണ്. മികച്ച ഭരണ നേട്ടം കൈവരിച്ച യു ഡി എഫിന്റെ ഭരണത്തിനെതിരേ പ്രതിപക്ഷത്തിന് എടുത്തുപറയാന്‍ കഴിയുന്നത് ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ്. ഇത്തരം സംഭവങ്ങള്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെതിരെ ചിന്തിക്കാനുള്ള കാരണമാവില്ല.
കേന്ദ്രത്തില്‍ ഭരിക്കുന്നത് മോദിയല്ല മറിച്ച് സംഘപരിവാര്‍ സംഘടനകളാണെന്ന് ആന്റണി കുറ്റപ്പെടുത്തി. പുതിയ മാറ്റത്തിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ ഉദിച്ചത് സൂര്യനായിരുന്നില്ലെന്നും മറിച്ച് ദൂമകേതുവാണെന്നും മോദിയെ പരോക്ഷമായി അദ്ദേഹം വിമര്‍ശിച്ചു.
സംഘപരിവാറിന്റെ അജണ്ട ഇന്ന് സാധാരണക്കാരന്റെ അടുക്കള വരെ എത്തി നില്‍ക്കുന്നു. ഇതിനെ എതിര്‍ക്കാനാണ് ബീഹാറില്‍ ലാലു അടക്കമുള്ളവരുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് തയ്യാറായത്. ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും കേന്ദ്രത്തിലെ തേര്‍വാഴ്ച തടയാന്‍ കോണ്‍ഗ്രസിനാവുന്നില്ല. അതിനായി മതേതര കക്ഷികളുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പൈതൃകം എന്നത് സഹിഷ്ണുതയാണ്. അതില്ലാതാക്കാനാണ് ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും ശ്രമം. ഓരോ കാരണം കണ്ടെത്തി സാമുദായിക ധ്രുവീകരണം നടത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും അതിനെക്കുറിച്ച് സമയമാവുമ്പോള്‍ പറയാമെന്നും എ കെ ആന്റണി പറഞ്ഞു.

Latest