Connect with us

Business

സെന്‍സെക്‌സ് 814 പോയിന്റും നിഫ്റ്റി 230 പോയിന്റും ഇടിഞ്ഞു

Published

|

Last Updated

എസ് ഫെഡ് റിസര്‍വ് അടുത്ത വായ്പാ അവലോകനത്തില്‍ പലിശ നിരക്ക് സംബന്ധിച്ച് വ്യക്തമായ ചിത്രം പുറത്തു വിടുമെന്ന വെളിപ്പെടുത്തല്‍ വിദേശ ധനകാര്യസ്ഥാപനങ്ങളെ ഇന്ത്യയില്‍ വില്‍പ്പനക്കാരാക്കി. സെന്‍സെക്‌സ് കഴിഞ്ഞ വാരം 814 പോയിന്റെും നിഫ്റ്റി 230 പോയിന്റും ഇടിഞ്ഞു. കോര്‍പ്പറേറ്റ് മേഖലയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ക്ക് തിളക്കം മങ്ങിയതും നിക്ഷേപകരുടെ ആത്മവിശ്വാസം കുറച്ചു.
ഈ വാരം എസ് ബി ഐ, സിപ്ല, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടേഴ്‌സ്, ഭെല്‍, ഒ എന്‍ ജി സി, ഐ ഒ സി, ഡി എല്‍ എഫ് തുടങ്ങിയ അവരുടെ മൂന്ന് മാസകാലയളവിലെ റിപ്പോര്‍ട്ട് പുറത്തുവിടും. ഈ അവസരത്തില്‍ സൂചിക കരുത്ത് തിരിച്ചു പിടിക്കാന്‍ ശ്രമിക്കുമെന്നാണ് ഒരു വിഭാഗം നിക്ഷേപകരുടെ കണക്ക് കൂട്ടല്‍.
വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം തളര്‍ന്നു. 64.88 ല്‍ നിന്ന് വിനിമയ നിരക്ക് 65.36 ലേക്ക് ഇടിഞ്ഞു. വിനിമയ നിരക്ക് 48 പൈസ കുറഞ്ഞു.
ബോംബെ സൂചിക 27,578 ല്‍ നിന്ന് ഒരവസരത്തില്‍ 26,588 ലേക്ക് ഇടിഞ്ഞു. വെള്ളിയാഴ്ച്ച മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്പോള്‍ 26,656 ലാണ്. നിഫ്റ്റി ഉയര്‍ന്ന നിലവാരമായ 8321 ല്‍ നിന്ന് 8045 വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗ് വേളയില്‍ 8065 പോയിന്റിലാണ്.
കാപിറ്റല്‍ ഗുഡ്‌സ്, റിയാലിറ്റി, ബേങ്കിംഗ്, എഫ് എം സി ജി ഇന്‍ഡക്‌സുകള്‍ മൂന്ന് ശതമാനം ഇടിഞ്ഞു. അതേസമയം കണ്‍സ്യൂമര്‍ ഗുഡ്‌സ് മികവ് നിലനിര്‍ത്തി. ബേങ്കിംഗ് മേഖലയില്‍ നിന്നും കാപ്പിറ്റല്‍ ഗുഡ്സ് മേഖലയില്‍ നിന്നും പുറത്തുവന്ന ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ക്ക് തിളക്കം മങ്ങിയത് ബാധ്യതകള്‍ വിറ്റു മാറാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.
ന്യൂയോര്‍ക്കില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. മൂന്നാഴ്ച്ചത്തെ തളര്‍ച്ചക്ക് ശേഷം നാല് ശതമാനം നേട്ടവുമായി എണ്ണ വില ബാരലിന് 46.31 ഡോളറായി. സ്വര്‍ണം ഒമ്പത് ആഴ്ച്ചകളിലെ ഏറ്റവും കനത്ത വില ഇടിവിനെ നേരിട്ടു. 1168 ഡോളറില്‍ നിന്ന് സ്വര്‍ണം 1138 ഡോളര്‍ വരെ താഴ്ന്നു. വാരാന്ത്യം മഞ്ഞ ലോഹം 1141 ഡോളറിലാണ്.

Latest