അഴിമതി ആരോപണം: വി എസിന്റെ മകനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ

Posted on: November 1, 2015 7:43 pm | Last updated: November 2, 2015 at 11:43 am
SHARE

Arun-Kumar-തിരുവനന്തപുരം: കയര്‍ഫെഡ് എം ഡിയായിരിക്കെ അഴിമതി നടത്തിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശ. 1999- 2001 കാലഘട്ടത്തില്‍ കയര്‍ഫെഡ് എം ഡിയായിരിക്കെ ചേര്‍ത്തലയില്‍ ഗോഡൗണ്‍ നിര്‍മിച്ചതില്‍ അഴിമതിയുണ്ടെന്നാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡി വൈ എസ് പി ടി ചന്ദ്രമോഹനാണ് വസ്തുതാ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അഴിമതി നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അരുണ്‍കുമാറിന് പുറമേ കണ്‍സള്‍ട്ടന്റ് പി കെ രമേശ് കേസില്‍ രണ്ടാം പ്രതിയും കോണ്‍ട്രാക്ടര്‍ കെ മുഹമദലി മൂന്നാം പ്രതിയുമാണ്. മൂന്ന് പേര്‍ക്കെതിരെയും നടപടിക്ക് ശിപാര്‍ശയുണ്ട്.
അരുണ്‍ കുമാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 47 ലക്ഷം രൂപയുടെ അഴിമതിയുണ്ടെന്നാണ് പരാതി. പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ച തുകയേക്കാള്‍ ഉയര്‍ന്ന നിരക്ക് നിശ്ചയിച്ചതോടെ സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. സര്‍ക്കാറിന്റെ അനുമതിയില്ലാതെയാണ് ചേര്‍ത്തലയില്‍ ഗോഡൗണ്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
സ്ഥലത്തിന്റെ വിശദാംശങ്ങള്‍ നല്‍കാതെ നിര്‍മാണ അനുമതി തേടിയ ശേഷം കയര്‍ഫെഡ് സ്വന്തം നിലയില്‍ കരാര്‍ ക്ഷണിച്ചു. ഈ അവസരത്തില്‍ പൊതുമരാമത്തു വകുപ്പ് നടത്തിയ പരിശോധനയില്‍ കരാര്‍ തുകയേക്കാള്‍ കുറഞ്ഞ തുകക്ക് ഗോഡൗണ്‍ നിര്‍മിക്കാന്‍ കഴിയുമെന്നു റിപ്പോര്‍ട്ട് നല്‍കി. ഇത് അവഗണിച്ച് കരാര്‍ നല്‍കിയെന്നാണ് ആരോപണം. ഇതുവഴി കരാറുകാരന് അധിക പണം ലഭിച്ചു. കോഴിക്കോട്ടെ കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ 92-ാം പേരുകാരനായ അരുണ്‍കുമാറിന് അവിടെ അംഗത്വമെടുക്കാന്‍ രമേഷ് സഹായിച്ചതിന്റെ രേഖകളും പിടിച്ചെടുത്തു. അഴിമതി നിരോധനനിയമത്തിലെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയ കുറ്റത്തിന് അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. ശിപാര്‍ശയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനമെടുക്കും.