വിമാനം തകര്‍ത്തത് ഐ എസ് അല്ലെന്ന് റഷ്യ

Posted on: November 1, 2015 7:09 pm | Last updated: November 1, 2015 at 7:09 pm
SHARE

russian-plane-crash.jpg.image.784.410കെയ്‌റോ: തങ്ങളുടെ യാത്രാവിമാനം ഈജിപ്തില്‍ തകര്‍ന്ന് വീണതിന് പിന്നില്‍ ഐ എസ് തീവ്രവാദികള്‍ അല്ലെന്ന് റഷ്യ. വിമാനം തകര്‍ത്തതാണെന്നതിന് തെളിവില്ലെന്ന് റഷ്യന്‍ ഗതാഗത മന്ത്രി മാക്‌സിം സൊക്ലോവ് പറഞ്ഞു. വിമാനം തകര്‍ന്നതിന് പിന്നില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഈജിപ്ത് പ്രധാനമന്ത്രി ഷെരീഫ് ഇസ്മായീലും പ്രതികരിച്ചു. വിമാനം തകര്‍ത്തത് തങ്ങളാണെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ഐ എസ് അവകാശവാദമുന്നയിച്ചത്.

ചെങ്കടലിലെ റിസോര്‍ട്ട് നഗരമായ ഷറം അല്‍ ഷെയ്ഖില്‍നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കു പുറപ്പെട്ട വിമാനത്തില്‍ 217 വിനോദസഞ്ചാരികളും ഏഴു ജീവനക്കാരുമാണുണ്ടായിരുന്നത്. വിനോദ സഞ്ചാരികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ മൂന്നു യുക്രെയ്ന്‍കാരൊഴികെ എല്ലാവരും റഷ്യക്കാരാണ്. വടക്കന്‍ സിനായിലെ അല്‍ അറിഷ് നഗരത്തിനടുത്തുള്ള മലമ്പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കു സ്വാധീനമുള്ള മേഖലയാണിത്. ഇതുവരെ 163 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിലെ എല്ലാവരും കൊല്ലപ്പെടതായാണ് സൂചന.