നടത്തത്തിന്റെ പ്രാധാന്യമറിയിച്ച് വേള്‍ഡ് വാക്കിംഗ് ഡേ

Posted on: November 1, 2015 6:27 pm | Last updated: November 1, 2015 at 6:27 pm
SHARE

pic world walking dayദുബൈ: ലോക നടത്ത ദിനത്തിന്റെ (വേള്‍ഡ് വാക്കിംഗ് ഡേ) ഭാഗമായി ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ഹാലോ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സര്‍വീസസിന്റെയും ആഭിമുഖ്യത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. ജുമേര കൈറ്റ് ബീച്ചില്‍ നിന്നാണ് കൂട്ടനടത്തം ആരംഭിച്ചത്.
മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് പേരാണ് വാക്ക് ദുബൈയുടെ ഭാഗമാകാനായി ജുമൈറയിലെത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് റാശിദ് അല്‍ കമാലി, അംജദ് ഈസി എന്നിവര്‍ പങ്കെടുത്തു. ജിയോ ഗ്രൂപ്പ് സി എം ഡി. എന്‍ വി ജോര്‍ജ് മുഖ്യാതിഥിയായിരുന്നു.
ദ അസോസിയേഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട് ഫോര്‍ ഓള്‍ (തഫീസ) എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ 24 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടനടത്തം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ദുബൈയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചത്.
ഒന്നു മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള ഓട്ടമത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിജയികള്‍ക്ക് മെഡലുകളും നല്‍കി.
ആരോഗ്യ സംരക്ഷണത്തില്‍ വ്യായാമത്തിനും നടത്തത്തിനുമുള്ള പ്രസക്തി എടുത്തുകാണിക്കാനായാണ് എല്ലാ വര്‍ഷവും ഇത് സംഘടിപ്പിക്കുന്നത്. നടത്തം ദിനചര്യയുടെ ഭാഗമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകരായ ഹാലോ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സര്‍വീസസിന്റെ സി ഇ ഒയും വാക്ക് ദുബൈ വാക്ക് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ സറഫ് അബൂബക്കര്‍ പറഞ്ഞു.