ദുബൈ ആര്‍ ടി എക്ക് 10 വയസ്

Posted on: November 1, 2015 6:24 pm | Last updated: November 2, 2015 at 11:04 pm
SHARE

rta logoദുബൈ: റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ 10-ാം വാര്‍ഷികം ഇന്ന്. ഇതിന്റെ ഭാഗമായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ അറിയിച്ചു. ആര്‍ ടി എ കൈവരിച്ച നേട്ടങ്ങള്‍ വിളംബരം ചെയ്തുകൊണ്ടുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
നിരവധി വെല്ലുവിളികള്‍ തരണം ചെയ്താണ് ആര്‍ ടി എ വിജയത്തിലെത്തിയത്. ആസൂത്രണ പദ്ധതികളില്‍ 90 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ദുബൈ മെട്രോ, ദുബൈ ട്രാം, റോഡുകള്‍, ഫ്‌ളൈ ഓവറുകള്‍ തുടങ്ങിയവ നിര്‍മിക്കപ്പെട്ടു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവരുടെ ദീര്‍ഘവീക്ഷണമാണ് നടപ്പാക്കിയത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ 590 കോടി ദിര്‍ഹമിന്റെ പദ്ധതികളാണ് നടപ്പാക്കിയത്. അപകടങ്ങള്‍ കുറക്കുന്നതില്‍ ബ്രിട്ടണ്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളെ കവച്ചുവെക്കാന്‍ ദുബൈക്ക് കഴിഞ്ഞു. പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ സംഖ്യയില്‍ വികസിത രാജ്യങ്ങളെ കടത്തിവെട്ടിയിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ 40 ശതമാനമാണെങ്കില്‍ ദുബൈ അതിലേറെ കൈവരിച്ചു.
ദുബൈ മെട്രോ ചുകപ്പുപാത നഖീല്‍ ഹാര്‍ബര്‍ ആന്റ് ടവര്‍ സ്റ്റേഷന്‍ മുതല്‍ എക്‌സ്‌പോ 2020 സൈറ്റ് വരെ ദീര്‍ഘിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. എയര്‍പോര്‍ട്ട് റോഡ്, അല്‍ വാസല്‍, ജുമൈറ റോഡുകള്‍ നവീകരിക്കും. വികസനത്തിന് പ്രത്യേക നയം ആസൂത്രണം ചെയ്യും.
ദുബൈ മെട്രോയാണ് ഏറ്റവും ശ്രദ്ധേയമായ പദ്ധതി. ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍ പോലെ താന്‍ ഏറെ ആഗ്രഹിക്കുന്നതാണ് ദുബൈ മെട്രോയെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നേരത്തെ പറഞ്ഞിരുന്നു. 2006 മാര്‍ച്ച് 21നാണ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 2007 ഒക്‌ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്തു. ദുബൈ മെട്രോയില്‍ 79 ട്രെയിനുകളാണുള്ളത്. ലക്ഷക്കണക്കിന് ആളുകള്‍ യാത്രചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 11നാണ് ദുബൈ ട്രാം പദ്ധതി ഉദ്ഘാടനം ചെയ്തത്. ജെ ബി ആര്‍, മറീന, അല്‍ സുഫു എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ട്രാം പാതയാണിത്.
ദുബൈ വാട്ടര്‍ കനാല്‍ പദ്ധതി നിര്‍മാണം പുരോഗമിക്കുന്നു. ദുബൈയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിത്. നിരവധി വികസനം ഇതിന് അനുബന്ധമായി ഉണ്ടാകും. ദുബൈ മറീന ബീച്ച് റിസോര്‍ട്ട് മുതല്‍ ബുര്‍ജ് അല്‍ അറബ് വരെ 14 കിലോമീറ്ററില്‍ കോര്‍ണീഷ് വികസനം നടപ്പാക്കിയിട്ടുണ്ട്.
ജല ഗതാഗതം, ടാക്‌സി തുടങ്ങിയ മേഖലകളിലും വന്‍ പുരോഗതി കൈവരിച്ചു.