Connect with us

National

ദാദ്രി സംഭവം അപലപനീയം: ആര്‍ എസ് എസ്

Published

|

Last Updated

ന്യൂഡല്‍ഹി: ദാദ്രി, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ ആര്‍ എസ് എസ് നിലപാട് മയപ്പെടുത്തുന്നു. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപ്പിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ മര്‍ദിച്ചുകൊന്ന സംഭവത്തെ അപലപിക്കുന്നുവെന്നും സംവരണം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നും ആര്‍ എസ് എസ് ദേശീയ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കി.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങളുമായി ബന്ധപ്പെടുത്തി ചിലര്‍ ആര്‍ എസ് എസിനെ മോശമാക്കാന്‍ ശ്രമം നടത്തിയതായും ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭയ്യാജി ജോഷി ആരോപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ക്ക് ആര്‍ എസ് എസിന് ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ചില ശ്രമങ്ങള്‍ ഉണ്ടായി. ആര്‍ എസ് എസിന് അതുമായി ബന്ധമില്ല. രാജ്യത്തെ ഹിന്ദുസമൂഹത്തെ അപമാനിക്കുന്നതിനാണ് ഇത്തരം ആരോപണങ്ങളെ ന്നും അദ്ദേഹം പറഞ്ഞു.
സംവരണം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സംവരണം സമൂഹത്തിന് ആവശ്യമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവരണത്തിലെ അശാസ്ത്രീയതയും അപാകതകളും പരിഹരിക്കേണ്ടതുണ്ട്. അതാണ് ആര്‍ എസ് എസ് ആവശ്യപെടുന്നതെന്നും ഭയ്യാജി ജോഷി പറഞ്ഞു.
വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ സര്‍ക്കാറിന്റെയും പ്രധാനമന്ത്രിയുടെയും പ്രതിഛായ തകരുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആര്‍ എസ് എസിന്റെ നിലപാടുമാറ്റം എന്നാണ് കരുതുന്നത്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയതായും വാര്‍ത്തകളുണ്ട്.
അതേസമയം, മുസ്‌ലിംകളടക്കമുള്ള നൂനപക്ഷങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കാന്‍ പുതിയ നയം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആര്‍ എസ് എസ് പ്രമേയം കൊണ്ടുവന്നിരുന്നു. നൂനപക്ഷങ്ങള്‍ളുടെ വളര്‍ച്ചാ നിരക്ക് വര്‍ധിച്ചുവരുന്നുണ്ടെന്നും ജനസംഖ്യാ നിയന്ത്രണത്തിന് പുതിയ നിയമം കൊണ്ടുവരണമെന്നും ആര്‍ എസ് എസ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. പ്രമേയത്തിനെതിരെ കോ ണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ബീഹാര്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി നടത്തുന്ന നാണംകെട്ട കളിയാണ് ആര്‍ എസ് എസ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Latest