Connect with us

Kerala

മലയാള സര്‍വകലാശാലക്ക് മൂന്നാം പിറന്നാള്‍; അടുത്ത വര്‍ഷം സ്ഥിരം ക്യാമ്പസ്

Published

|

Last Updated

മലപ്പുറം: ലയാള ഭാഷക്ക് അഭിമാനത്തിന്റെ പൊന്‍തിളക്കമായ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലക്ക് ഇന്ന് മൂന്നാം പിറന്നാള്‍. 2012 നവംബര്‍ ഒന്നിനാണ് മലയാള സര്‍വകാലശാല പിറവിയെടുത്തത്. കോഴ്‌സുകള്‍ നടത്തുന്നതോടൊപ്പം മലയാള ഭാഷയെ ശക്തിപ്പെടു ത്തുന്നതിനുള്ള ഇടപെടലുകള്‍ കൂടി സര്‍വകലാശാല നടത്തുന്നുവെന്നതാണ് മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശി ക്കുമ്പോഴുള്ള പ്രത്യേകത. ഇതിന് നിരവധി പ്രൊജക്ടുകള്‍ തയ്യാറാക്കുന്ന പണിപ്പുരയിലാണ് സര്‍വകലാശാല അധികൃതര്‍. ഭാഷാഭേദ സര്‍വേ, ഡിജിറ്റല്‍ ഡിക്ഷനറി, പ്രവാസികള്‍ക്ക് വേണ്ടി ഒരു ഓണ്‍ലൈന്‍ കോഴ്‌സ്, സെന്റര്‍ ഫോര്‍ മലയാളം കമ്പ്യൂട്ടിംഗ്, തുടങ്ങിയ കര്‍മ പദ്ധതികളാണ് സര്‍വകാലശാല ഏറ്റെടുത്ത് നടപ്പാക്കാന്‍ പോകുന്ന പ്രൊജക്ടുകള്‍. വാക്കുകളുടെ ബൃഹത്തായ ശേഖരമാണ് ഭാഷാഭേദ സര്‍വേയിലൂടെ സമാഹരിച്ചത്. ഇതിന്റെ പുസ്തക പ്രകാശനം ഇന്ന് നടക്കും. മലപ്പുറം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സര്‍വേ നടത്തിയാണ് വാക്കുകളുടെ ശേഖരണം. ഈ മാതൃകയില്‍ എല്ലാ ജില്ലകളിലും സര്‍വേ നടത്തും. ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ സംസാരിക്കുന്ന വാക്കുകളും ഭാഷാഭേദ സര്‍വേയില്‍ ഉള്‍പ്പെടുത്തും. കേരളത്തില്‍ ആദ്യത്തെ സമ്പൂര്‍ണ മലയാള ഡിജിറ്റല്‍ ഡിക്ഷണറിയായ സമഗ്ര മലയാള നിഘണ്ടുവില്‍ അഞ്ച് ലക്ഷത്തിലധികം വാക്കുകളാണ് ഉള്‍പ്പെടുത്തുക. ഒരു വാക്കിന്റെ അര്‍ഥത്തിന് പുറമെ വാക്കിന്റെ ചരിത്രം, സംസ്‌കാരം, തത്തുല്യമായ പദങ്ങള്‍, ഉച്ചാരണം, ഭാഷാ ഭേദങ്ങള്‍ തുടങ്ങിയ ഘടകങ്ങളെല്ലാം അടങ്ങിയതാണ് ഡിജിറ്റല്‍ ഡിക്ഷനറി.
പ്രവാസികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ കോഴ്‌സ് ജനുവരിയില്‍ തുടങ്ങും. ഭാഷയെക്കുറിച്ച് പ്രവാസികള്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മലയാളഭാഷക്കായി ആദ്യമായി ജര്‍മനിയിലെ ക്യുബിക്കല്‍ യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ചെയര്‍ സ്ഥാപിക്കാനും നടപടിയായി. മലയാളഭാഷക്കായി രാജ്യത്തിന് പുറത്ത് ആദ്യമായാണ് ചെയര്‍ സ്ഥാപിക്കുന്നത്. ഈ യൂനിവേഴ്‌സിറ്റിയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആര്‍ക്കൈവ്‌സ് മലയാള ഭാഷയുടെ പ്രചാരണത്തിനും ലോക ശ്രദ്ധയില്‍ കൊണ്ടു വരാനും സാധിക്കും. സര്‍വകലാശാലക്ക് സ്ഥിരം ക്യാമ്പസിനായി വെട്ടം പഞ്ചായത്തിലെ മങ്ങാട്ടിരി പാലത്തിനടുത്ത് 17 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം കഴിയുന്നതിന് മുമ്പ് ജില്ലാ കലക്ടര്‍ സ്ഥലം ഏറ്റെടുത്തു തരും. സര്‍ക്കാര്‍ ഇതിന് വേണ്ട ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. അടുത്ത അക്കാദമിക് വര്‍ഷത്തില്‍ മലയാള സര്‍വകാലശാലക്ക് സ്ഥിരം ക്യാമ്പസ് നിലവില്‍ വരുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ പറഞ്ഞു.

Latest