ആവേശത്തിരയിളക്കി ജില്ലയില്‍ കൊട്ടിക്കലാശം

Posted on: November 1, 2015 10:46 am | Last updated: November 1, 2015 at 10:46 am
SHARE

voting-machineകല്‍പ്പറ്റ: ഇന്ന് ഇരുട്ടി വെളുത്താല്‍ വോട്ടെടുപ്പാണ്. ആടുന്ന വോട്ടുകള്‍ ഒന്നൂ കൂടെ ഉറപ്പിക്കുവാനും വിതച്ചതെല്ലാം കൊയ്‌തെടുക്കാനുമുള്ള തത്രപ്പാടിലാണ് മുന്നണികളെല്ലാം. പരസ്യപ്രചാരണം കഴിഞ്ഞു. ഇനി സ്ഥാനാര്‍ഥികള്‍ക്ക് നിശ്ശബ്ദമായി വോട്ട് ചോദിക്കാം. അതിന് ആകെ മുന്നിലുള്ളത് ഒരു പകല്‍ മാത്രം. വോട്ടര്‍മാരെ വീണ്ടും വീണ്ടും കണ്ട് വോട്ടുകള്‍ ഓര്‍മ്മിപ്പിക്കുകയും ആടിയിളകി നില്‍ക്കുന്നവ ഉറപ്പിക്കുവാനുമുള്ള പയറ്റാണിപ്പോള്‍ അങ്കത്തട്ടില്‍. കഴിഞ്ഞ തവണത്തെ വിജയം നിലനിര്‍ത്താന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എസ് എന്‍ ഡി പി പോലുള്ള സംഘടനകളുടെ പിന്തുണയും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാറിന്റെ സ്വാധീനവും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബി ജെപി. എസ് ഡി പി ഐ, വെല്‍ഫയര്‍ പാര്‍ട്ടി പോലെയുള്ള സംഘടനകളും ചിലയിടത്ത് മത്സരിക്കുന്നുണ്ട്. എന്നും വലത്തോട്ട് ചായ്‌വ് കാണിച്ചിട്ടുള്ള വയനാട് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എത്ര ഡിഗ്രി വ്യത്യാസം കാണിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, ആദിവാസികള്‍ എന്നിവരെല്ലാമാണ് വയനാട്ടിലെ പ്രധാന വോട്ട് ബേങ്ക്. പ്രകൃതി ദുരന്തങ്ങളില്‍ സംഭവിച്ച കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വൈകുന്നതിലുള്ള അമര്‍ഷവും ഒപ്പം കാര്‍ഷികതകര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ ഇത്തവണ ആരെ തുണയ്ക്കുമെന്നത് കണ്ടറിയേണ്ടി വരും. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലെത്തിയപ്പോള്‍ പ്രചരണായുധമായത് കര്‍ഷകനെ ജയിലിലടച്ച് സംഭവമാണ്. എല്‍ ഡി എഫും കര്‍ഷക സംഘടനകളും ഈ വിഷയം ഉയര്‍ത്തിക്കാട്ടി രംഗത്ത് വരികയും ചെയ്തു. വേതന വര്‍ധനയാവശ്യപ്പെട്ട് രണ്ടാഴ്ചക്കാലത്തിലധികം സമരത്തിലേര്‍പ്പെട്ട് ഒടുവില്‍ ചെറിയ ആശ്വാസമാണുണ്ടായതെങ്കിലും തോട്ടം തൊഴിലാളികളില്‍ അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വന്ന് എല്ലാക്കാര്യങ്ങളിലും ഓര്‍മ്മയുണ്ടെന്ന ആശ്വാസം നല്‍കിയിട്ടുണ്ടെങ്കിലും തോട്ടം മേഖലയുടെ മനസ്സ് എങ്ങോട്ടെന്നത് അവ്യക്തമാണ്. പതിനായിരത്തിലധികം വരുന്ന തൊഴിലാളികള്‍ അവരുടെ കുടുംബാംഗങ്ങള്‍ ബന്ധുക്കള്‍ എന്നിവരെല്ലാം ചേര്‍ന്നാല്‍ ഏകദേശം അരലക്ഷത്തോളം വോട്ടുണ്ടാകും. ആദിവാസികളെ പാട്ടിലാക്കാന്‍ പലതന്ത്രങ്ങളും പയറ്റുന്നുണ്ടെന്നാണ് കിവംദന്തി. കോളനികള്‍ കേന്ദ്രീകരിച്ച് നിശ്ശബ്ദപ്രചാരണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നുണ്ട്.
ആയിരങ്ങള്‍ അണിനിരന്ന കൊട്ടിക്കലാശത്തോടെ ശബ്ദപ്രചരണത്തിന് തിരശീലവീണു. നാളെ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ജനങ്ങളിലെത്തിക്കുവാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്നലെ വൈകിട്ടാണ് സമാപിച്ചത്.വികസനമുന്നേറ്റത്തിന്റെ ചുമലിരേറി ത്രിവര്‍ണ്ണം പൂശിയ ഗ്രാമ നഗരകേന്ദ്രങ്ങളിലായിരുന്നു യു ഡി എഫ് പ്രചരണം്. ബൈക്കുകളുമായി യുവാക്കള്‍,ആവേശം നിറഞ്ഞ മുഖവുമായി പ്രവര്‍ത്തകര്‍ എന്നിങ്ങനെയായിരുന്നു യു ഡി എഫ് കൊട്ടിക്കലാശം. കല്‍പ്പറ്റയില്‍ പിണങ്ങോട് ജംങ്ഷനിലായിരുന്നു യു ഡി എഫ് കൊട്ടികലാശത്തിന് സമാപനം കുറിച്ചത്.
കല്‍പ്പറ്റ നഗരത്തില്‍ വന്‍പോലീസ് സന്നാഹമാണ് സുരക്ഷക്കായി ഒരുങ്ങി നിന്നത്.അതെ സമയം കല്‍പ്പറ്റ ടൗണില്‍ എല്‍ ഡി എഫ് കൊട്ടിക്കലാശം നടത്തിയില്ല. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു എല്‍ ഡി എഫ് കൊട്ടിക്കലാശം.
മാനന്തവാടിയിലും ഇരു മുന്നണികളുടെയും കൊട്ടിക്കലാശം ആവേശകരമായിരുന്നു. ബൈക്ക് റാലിയോടെയാണ് കൊട്ടിക്കലാശം ആരംഭിച്ചത്. ചെറ്റപ്പാലം, ആറാട്ടുതറ, മാനന്തവാടി ടൗണ്‍, എരുമത്തെരുവ്, ബസ്റ്റാന്റ് എന്നിവിടങ്ങളിലൂടെയാണ് ബൈക്ക് റാലി കടന്നുപോയത്. ബൈക്ക് റാലിക്ക് മുന്നോടിയായുള്ള അനൗണ്‍സ്‌മെന്റും ഏറെ ശ്രദ്ധേയമായിരുന്നു. ഇരു മുന്നണികളും വാശിയോടയായിരുന്നു കൊട്ടിക്കലാശം. ബൈക്ക് റാലി കടന്നുപോയതിന് പിന്നാലെയാണ് മറ്റ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങളെത്തിയത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ തുടങ്ങിയതുമുതല്‍ പ്രചരണങ്ങള്‍ക്ക് ലഭിച്ച ചുരുങ്ങിയ സമയം പരമാവധി മുതലാക്കുവാന്‍ എല്ലാ മുന്നണികളും നന്നായി ശ്രമിച്ചിരുന്നു.