മാനന്തവാടി നഗരസഭയിലെ വിജയികളെ ഇന്ന് പ്രവചിക്കും

Posted on: November 1, 2015 10:44 am | Last updated: November 1, 2015 at 10:44 am
SHARE

മാനന്തവാടി: മാനന്തവാടി നഗരസഭ കൗണ്‍സിലിലേക്കുളള തിരഞ്ഞെടുപ്പിലെ വിജയികളെ ഞായറാഴ്ച പ്രവചിക്കും. മാനന്തവാടി പ്രസ് ഫോറവും ഗ്രാന്‍ഡ് ഡ്രേപ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് വ്യത്യസ്തമായ പരിപാടി ഒരുക്കുന്നത്.
ഞായറാഴ്ച 12 മണിക്ക് പ്രസ് ഫോറത്തില്‍ നടക്കുന്ന ചടങ്ങില്‍ 36 ഡിവിഷനുകളിലെയും വിജയികളെയും വിജയ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിനപത്രങ്ങളുടെ നവംബര്‍ എട്ടിലെ തലക്കെട്ടുമാണ് യുവ മാന്ത്രികന്‍ മഹേഷ് വയനാട് പ്രവചിക്കുക. ഫലവും തലക്കെട്ടുകളും അടങ്ങുന്ന പേപ്പര്‍ സീല്‍ ചെയ്ത് പെട്ടിയിലാക്കി താഴുകൊണ്ട് പൂട്ടി അലമാരയില്‍ സൂക്ഷിക്കും. പെട്ടി പൂട്ടുന്നതിന് സബ് കലക്ടര്‍ ശീറാം സാംബശിവ റാവു, സി.ഐ കെ.കെ. അബ്ദുള്‍ ഷരീഫ്, എസ്.ഐ വിനോദ് വലിയാറ്റൂര്‍, യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ സാക്ഷികളാകും.
താക്കോല്‍ സബ് കലക്ടര്‍ തന്നെ സൂക്ഷിക്കും. നവംബര്‍ എട്ടിന് ഉച്ചക്ക് 12ന് വിശിഷ്ട വ്യക്തികളെയും പൗരസമൂഹത്തെയും സാക്ഷിയാക്കി സബ് കലക്ടര്‍ പെട്ടി തുറന്ന് ഞായറാഴ്ച നിക്ഷേപിക്കുന്ന ഫലം വായിക്കും. തിരഞ്ഞെടുപ്പ് കൗതുകത്തോടൊപ്പം മാജിക് എന്ന കലയുടെ പ്രോത്സാഹനത്തിന് കൂടിയാണ് പ്രവചന പരിപാടി നടത്തുന്നതെന്ന് പ്രസ് ഫോറം പ്രസിഡന്റ് കെ.എം. ഷിനോജ്, സെക്രട്ടറി എ. ഷമീര്‍, ഗ്രാന്‍ഡ് ഡ്രേപ് എന്റര്‍ടെയിന്‍മെന്റ് ഡയറക്ടര്‍ ഫിറോസ് ഖാന്‍ എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here