വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും;സജ്ജീകരണങ്ങള്‍ പുരോഗമിക്കുന്നു

Posted on: November 1, 2015 10:42 am | Last updated: November 1, 2015 at 10:42 am
SHARE

voteപാലക്കാട്: അഞ്ചിന് രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
പോളിംഗ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ സജീകരിക്കും. ഏതൊക്കെ വോട്ടര്‍മാര്‍ക്ക് വേണ്ടിയാണ് പോളിംഗ് സ്റ്റേഷന്‍ സജ്ജമാക്കിയിരിക്കുന്നത് എന്നത് സംബന്ധിച്ച നോട്ടീസും സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റും പോളിംഗ് സ്റ്റേഷന് പുറത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും.
അന്ധനൊ അവശനൊ ആയ വോട്ടര്‍മാര്‍ക്ക് സഹായത്തിനായി പതിനെട്ട് വയസ്സില്‍ കുറയാത്ത സഹായിയെ കൂടെ കൊണ്ടു വരാന്‍ അനുവാദമുണ്ട്. സഹായിയാകുന്നയാള്‍ മറ്റൊരു വോട്ടര്‍ക്കായി ഒരു പോളിംഗ് സ്റ്റേഷനിലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും വോട്ടര്‍ക്കായി താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യസ്വഭാവം കാത്ത് സൂക്ഷിച്ചുകൊള്ളാമെന്നും രേഖാമൂലം ഉറപ്പ് നല്‍കേണ്ടതാണ്.
ഒരു പോളിംഗ് സ്റ്റേഷനില്‍ മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടാകും. ഒന്നാം പോളിംഗ് ഓഫീസറെയാണ് വോട്ടര്‍ ആദ്യം സമീപിക്കേണ്ടത്. അദ്ദേഹം വോട്ടറുടെ വിവരങ്ങള്‍ ഏജന്റുമാര്‍ കേള്‍ക്കത്തക്ക വിധത്തില്‍ ഉറക്കെ വിളിച്ചു പറയുന്നതാണ്.തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ആ വോട്ടറെ സംബന്ധിക്കുന്ന ഭാഗത്ത് ഇടത് നിന്ന് വലത് മുകള്‍ഭാഗത്തേക്ക് ക്രോസായി വരക്കുന്നതാണ്. സ്ത്രീ വോട്ടറാണെങ്കില്‍ വരക്ക് പുറമെ ക്രമനമ്പര്‍ റൗണ്ട് ചെയ്യും.
രണ്ടാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടു വിരലില്‍ മഷി പുരട്ടും. പിന്നീട് വോട്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തലുകള്‍ നടത്തി വോട്ടറുടെ ഒപ്പോ വിരലടയാളമൊ രജിസ്റ്ററില്‍ പതിപ്പിക്കുന്നതാണ്.
അതിനുശേഷം വോട്ടേഴ്‌സ് സ്ലിപ്പ് പൂരിപ്പിച്ച് വോട്ടര്‍ക്ക് നല്‍കുന്നു. ഈ വോട്ടേഴ്‌സ് സ്ലിപ്പുമായി വോട്ടര്‍ മൂന്നാമത്തെ പോളിംഗ് ഓഫീസറെ സമീപിക്കണം. വോട്ടറുടെ കൈവശമുളള സ്ലിപ്പിലെ ക്രമനമ്പറിന്റെ അടിസ്ഥാനത്തില്‍ വോട്ടറെ വോട്ടിംഗ് അറയിലേക്ക് അയച്ച് കണ്‍ട്രോളിംഗ് യൂണിറ്റിലെ ബാലറ്റ് ബട്ടണില്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ അനുവദിക്കുന്നു.
വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പിന്റെ സമയപരിധി. സമയപരിധി കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ ക്യൂ നിലവിലുണ്ടെങ്കില്‍ ക്യൂവിന്റെ പിന്നിറ്റത്ത് നിന്ന് വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് നല്‍കുന്നതാണ്. സ്ലിപ്പ് ലഭിച്ചവര്‍ വോട്ട് ചെയ്ത് കഴിഞ്ഞാല്‍ വോട്ടെടുപ്പ് അവസാനിച്ചതായി പ്രിസൈഡിംഗ് ഓഫീസര്‍ പ്രഖ്യാപിക്കുന്നതാണ്.